INDIA

രാജാക്കന്മാരുടെ മൃഗയാ വിനോദം; ഇന്ത്യയില്‍ ചീറ്റപുലികള്‍ ഇല്ലാതായതെങ്ങനെ?

വെബ് ഡെസ്ക്

ഭൂഖണ്ഡങ്ങള്‍ താണ്ടി ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ചീറ്റപ്പുലികളാണ് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തു നിന്ന് വേരറ്റുപോയ ചീറ്റപുലി എന്ന വംശത്തെയാണ് നമീബിയയില്‍ നിന്നെത്തിച്ച് പുനരധിവസിപ്പിക്കുന്നത്. ഈ വാര്‍ത്തയോടെ ചര്‍ച്ചയാവുന്ന നിരവധി വിഷയങ്ങളുണ്ട്. എങ്ങനെയാണ് ഇന്ത്യയില്‍ ചീറ്റപുലികള്‍ക്ക് വംശനാശം സംഭവിച്ചത്? ഇവയെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പിന്നിലെന്ത്?

വേട്ടയാടല്‍

ഇന്ത്യയില്‍ നിലനിന്നിരുന്ന മൃഗയാ വിനോദം ചീറ്റപ്പുലികളുടെ വംശനാശത്തിന് പ്രധാനകാരണമായി. നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്ന കാലത്ത് രാജക്കന്‍മാരുടെ പ്രധാന വിനോദത്തില്‍ ഒന്നായിരുന്നു മൃഗവേട്ട. ഇന്ത്യയിലുണ്ടായിരുന്ന അവസാന ചീറ്റപ്പുലികളെ വകവരുത്തിയതും ഇത്തരത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ രാജാവായിരുന്ന മഹാരാജ രാമാനുജ പ്രതാപ് സിങ് ദിയോ 1947 ല്‍ ഇന്ത്യയിലുണ്ടായിരുന്ന അവസാന മൂന്ന് ചീറ്റകളെയും വകവരുത്തുകയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. 1952 ലാണ് ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചെന്ന് സ്ഥിരീകരിക്കുന്നത്.

മറ്റ് പുലി വര്‍ഗങ്ങളുമായി താര്യതമ്യം ചെയ്യുമ്പോള്‍ ചീറ്റകള്‍ അത്രത്തോളം അപകടകാരികളുമല്ല. മനുഷ്യരുമായി ഇണങ്ങുമെന്നതും ഇവയെ വേട്ടയാടുന്നതിന് കാരണമായി. ചീറ്റപ്പുലിയെ ഉപയോഗിച്ച് വേട്ടയാടുന്ന പതിവും ഇന്ത്യയില്‍ നിലനിന്നിരുന്നെന്നും പൗരാണിക രേഖകള്‍ പറയുന്നു. 12-ാം നൂറ്റാണ്ടില്‍ കല്യാണി ചാലൂക്യ ഭരണാധികാരി, സോമേശ്വര മൂന്നാമന്‍ തയാറാക്കിയ മാനസോല്ലാസ എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

മുഗള്‍ ഭരണകാലത്തും ചീറ്റകളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ പതിവായിരുന്നു. ഇതിനായി ചീറ്റകളെ പരിശീലിപ്പിച്ചിരുന്നെന്ന് വന്യജീവി വിദഗ്ധനായ ദിവ്യഭാനുസു ചൂണ്ടിക്കാട്ടുന്നു. പ്രശസ്തനായ അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രധാന വിനോദങ്ങളിലൊന്നും ഇതേ പ്രവൃത്തിയായിരുന്നു. 9,000 ചീറ്റകളെ അദ്ദേഹം ഇത്തരത്തില്‍ പിടികൂടിയിരുന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാരാജ രാമാനുജ് പ്രതാപ് സിംഗ് ദിയോ

മുഗള്‍ രാജാക്കന്‍മാരും ചീറ്റപ്പുലികളും

അക്ബര്‍ ചക്രവര്‍ത്തിക്കായി ചീറ്റപ്പുലികളെ പിടികൂടാന്‍ പ്രത്യേക പദ്ധതികള്‍ പോലും തയാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാംഗമായരുന്ന അബുല്‍ ഫസല്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. കാട്ടില്‍ വലിയ കുഴികള്‍ ഉണ്ടാക്കിയായിരുന്നു അക്കാലത്ത് ചീറ്റപ്പുലികളെ കുടുക്കിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കുഴിയില്‍ വീഴുന്ന ചീറ്റകള്‍ക്ക് കാലൊടിയുന്നതുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നത് തിരിച്ചടിയായിരുന്നു. ഇതിന് പരിഹാരമായി പുലി കയറിയാല്‍ താനെ അടയുന്ന വാതിലുകളുള്ള കെണികള്‍ സജ്ജമാക്കിയതും ഇക്കാലത്താണ്. ഇത്തരത്തില്‍ പിടികൂടുന്ന ചീറ്റകളെ മുന്ന് - നാല് മാസത്തിനിടെ പരിശീലനം നല്‍കി ചക്രവര്‍ത്തിക്ക് ഒപ്പം വേട്ടയ്ക്ക് നിയോഗിച്ചിരുന്നതും അബുല്‍ ഫസല്‍ ആയിരുന്നു.

പിതാവ് അക്ബര്‍ ചക്രവര്‍ത്തിയുടെ പാതയായിരുന്നു ജഹാംഗീര്‍ ചക്രവര്‍ത്തിയും തുടര്‍ന്നത്. ഇന്നത്തെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം നിലനില്‍ക്കുന്ന പാലം മേഖലയില്‍ നിന്ന് മാത്രമായി അദ്ദേഹം 400ല്‍ കൂടുതല്‍ ചീറ്റകളെ പിടികൂടിയിരുന്നതായി പറയപ്പെടുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍, ജുന്‍ജുനു, പഞ്ചാബിലെ ബതിന്ഡ, ഹരിയാനയിലെ ഹിസാര്‍ തുടങ്ങിയ മേഖലകളിലും അദ്ദേഹം വേട്ടയ്ക്കിറങ്ങിയിരുന്നു. ചീറ്റകളെ വേട്ടയാടാന്‍ പിടികൂടിയതും മെരുക്കി വളര്‍ത്താനുള്ള ശ്രമങ്ങളും ബ്രിട്ടീഷുകാരുടെ കടന്നുവരവിന് മുമ്പുതന്നെ ചീറ്റപ്പുലികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതിന് കാരണമായിരുന്നു.

അക്ബറിന്റെ കീഴില്‍ ഒരു ചീറ്റ ചിത്രീകരണം മ്യൂസിയം ഓഫ് ഏഷ്യന്‍ സിവിലൈസേഷനിലെ ചിത്രം.

ബ്രീട്ടീഷ് ഭരണവും വംശനാശവും

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്താണ് ചീറ്റപ്പുലികള്‍ ഉള്‍പ്പെടെയുള്ളവയുടെ ആവാസവ്യവസ്ഥക്ക് സാരമായ ആഘാതമേല്‍ക്കുന്നത്. മുഗള്‍ ഭരണാധികാരികളെ പോലെ ചീറ്റകളെ വേട്ടയാടുന്നതിന് ബ്രീട്ടീഷുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ലക്ഷ്യമിട്ടത് മറ്റ് ജീവികളെ ആയിരുന്നു. കടുവ, ആന, കാട്ടുപ്പോത്ത് എന്നിവയായിരുന്നു ബ്രീട്ടീഷുകാര്‍ക്ക് പ്രിയം.

കാടു വെട്ടിത്തെളിച്ച് സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനും ബ്രിട്ടീഷുകാര്‍ തയ്യാറായി. വനത്തില്‍ നീലയമരി, കാപ്പി, ചായ പ്ലാന്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടു. ക്ഷുദ്ര ജീവികളായിട്ടായിരുന്നു ബ്രിട്ടീഷുകാര്‍ ചീറ്റകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ കണ്ടത്. ഇവയെ വകുവരുത്തുന്നവര്‍ക്ക് പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിക്കപ്പെട്ടിരുന്നതിനും തെളിവുകളുണ്ട്.

സിന്ധ് മേഖലയില്‍ ഇക്കാലത്ത് ചീറ്റകളെ കൊല്ലുന്നവര്‍ക്ക് ആറ് രൂപ മുതല്‍ 12 രൂപ വരെ പാരിതോഷികം ലഭിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലെ ഇത്തരം നടപടികള്‍ ചീറ്റകള്‍ ഇന്ത്യന്‍ മേഖലകളില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നതിന് വേഗത കൂട്ടിയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മഹേഷ് രംഗ രാജന്‍ വാദിക്കുന്നു. എണ്ണം കുറഞ്ഞതോടെ ചീറ്റകളുടെ പ്രത്യുല്‍പാദന നിരക്കിനെയും ബാധിച്ചത് ഇരുപതാം നൂറ്റാണ്ടില്‍ ചീറ്റകളുടെ എണ്ണം കുറയാനിടയാക്കി.

ബ്രിട്ടീഷ് ഇന്ത്യയിലെ ധാർവാറിൽ നായയ്‌ക്കൊപ്പം ഏഷ്യാറ്റിക് ചീറ്റ പുലിക്കുട്ടികൾ.

ചീറ്റകള്‍ക്കായുള്ള അന്താരാഷ്ട്ര ഇടപാടുകള്‍

ചീറ്റ പുലികളെ വേട്ടയാടുന്ന രീതി വ്യാപകമായി തുടര്‍ന്നുവന്നിരുന്നു. 1920 കള്‍ എത്തിയപ്പോഴേക്കും ഇന്ത്യന്‍ കാടുകളില്‍ നിന്ന് ചീറ്റകളെ കണ്ടെത്തുകയെന്നത് വലിയ പ്രയാസകരമായ വിഷയമായിമാറി. ഇക്കാലത്താണ് ഇന്ത്യയില്‍ ആദ്യമായി ചീറ്റകളുടെ ഭുഖണ്ഡാന്തര കൈമാറ്റം നടക്കുന്നത്. 1918-1939 കാലഘട്ടത്തില്‍ ഭാവ്നഗര്‍, കോലാപ്പൂര്‍ എന്നീ നാട്ടുരാജ്യങ്ങളായിരുന്നു ചീറ്റപ്പുലികളുടെ ഇറക്കുമതിയില്‍ മുന്‍നിരയിലുണ്ടായിരുന്നത് എന്ന് ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റ് ദിവ്യഭാനുസിന്‍ പറയുന്നു.

1896-1919 കാലത്ത് ഭാവ്നഗര്‍ ഭരിച്ചിരുന്ന മഹാരാജ ഭാവ്സിന്‍ജി രണ്ടാമന്‍ കെനിയയില്‍ നിന്ന് ചീറ്റ പുലകളെ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി തന്റെ പോലീസ് സൂപ്രണ്ടായ കൃഷ്ണ ചന്ദ്ര സിന്നിനെ കെനിയയിലേക്ക് അയക്കാനും അദ്ദേഹം തയ്യാറായി. ഇക്കാലത്ത് ഭാവ്നഗര്‍ സംസ്ഥാനത്തിന് ഇറക്കുമതി ചെയ്ത 32 ചീറ്റപ്പുലികള്‍ സ്വന്തമായുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

സ്വതന്ത്യ ഇന്ത്യയിലും കാലാകാലങ്ങളായി ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്തിരുന്നു. മൃഗശാലകള്‍ക്ക് വേണ്ടിയായിരുന്നു ഈ ഇറക്കുമതി. 1949-1989 കാലഘട്ടത്തില്‍ രാജ്യത്തെ ഏഴ് മൃഗശാലകളിലായി 25 ചീറ്റകള്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. അവയെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചവയുമായിരുന്നു.

ചീറ്റകളുടെ പുനരധിവാസം സ്വതന്ത്ര ഇന്ത്യയില്‍

ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചീറ്റകളുടെ പുനഃരധിവാസത്തിനു പിന്നില്‍ പതിറ്റാണ്ടുകള്‍ നീണ്ട നടപടി ക്രമങ്ങളുണ്ട്.

1955-ല്‍ ആന്ധ്രാപ്രദേശിലെ സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് ആദ്യമായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്. രണ്ടു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആന്ധ്രയുടെ നിര്‍ദേശം.

ഇറാനില്‍ നിന്ന് ഏഷ്യന്‍ ചീറ്റകളെ എത്തിക്കാനും 1970കളില്‍ ശ്രമം നടന്നിരുന്നു. അക്കാലത്ത് 300 ഏഷ്യന്‍ ചീറ്റകളുണ്ടായിരുന്ന ഇറാനോട് ഇന്ത്യ ഇതിനായി ഔദ്യോഗികമായി തന്നെ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ കരാറില്‍ എത്തുന്നതിന് മുന്‍പ് ഇറാനിലെ ഷാ ആയിരുന്ന മൊഹമ്മദ് റേസ പഹ്ലവി ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് അധികാരഭ്രഷ്ടനാക്കപ്പെട്ടു.

2009 ല്‍ യുപിഎ സര്‍ക്കാറില്‍ ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് പരിസ്ഥിതി, വനം മന്ത്രാലയവും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചീറ്റയെ പുനരവതരിപ്പിക്കാനുള്ള സാധ്യത പരിശോധിച്ചിരുന്നു. ഈ ചര്‍ച്ചകളിലാണ് മധ്യപ്രദേശിലെ കുനോ-പല്‍പൂര്‍ ദേശീയോദ്യാനം ഏറ്റവും അനുയോജ്യമായ പ്രദേശമായി തെരഞ്ഞെടുക്കപ്പെടുന്നത്.

പ്രദേശവാസികളുടെ പുനരധിവാസം ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായതിനു പിന്നാലെ 2010 ല്‍ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനത്തില്‍ മാത്രം കാണപ്പെടുന്ന ഏഷ്യാറ്റിക് സിംഹത്തിന്റെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കണമെന്നായിരുന്നു കോടതി നിലപാട്. പിന്നീട് 2020-ല്‍, ഗവണ്‍മെന്റിന്റെ ഒരു ഹര്‍ജിയോട് പ്രതികരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ അതീവ കരുതലോടെ ആഫ്രിക്കന്‍ ചീറ്റകളെ അവതരിപ്പിക്കാമെന്ന് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ആവാസ വ്യവസ്ഥയും ആഫ്രിക്കന്‍ ചീറ്റകളും

ആഫ്രിക്കന്‍ ചീറ്റ ഇന്ത്യന്‍ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ആഗോള തലത്തില്‍ ഏഷ്യാറ്റിക് (അസിനോനിക്‌സ് ജുബാറ്റസ് വെനറ്റിക്കസ്), ആഫ്രിക്കന്‍ (അസിനോനിക്‌സ് ജുബാറ്റസ് ജുബാറ്റസ്) എന്നിങ്ങനെയുള്ള രണ്ട് ചീറ്റപ്പുലി വംശങ്ങളുണ്ട്. ഈ ഇനങ്ങള്‍ തമ്മില്‍ ജനിതകപരമായി സാമ്യമുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ചീറ്റയെ എത്തിക്കുന്നതിലൂടെ ഇന്ത്യന്‍ പരിസ്ഥിതി ഭീഷണിയാകില്ലെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി