INDIA

'ഒരു സത്യം പറയട്ടെ ഞങ്ങൾക്കത് ഓർമയില്ല'; ആധാർ വിരുദ്ധ നിലപാട് മറന്ന മോദി

ഭരണത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ ആധാറിൽ മോദി നിലപാട് മാറ്റി

വെബ് ഡെസ്ക്

ഭരണത്തിലേറും മുന്‍പ് ആധാര്‍ കാര്‍ഡിന് എതിരെ ശക്തമായ സമരം നടത്തിയ പാര്‍ട്ടിയാണ് ബിജെപി. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അന്ന്‌ ആധാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയും സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ അധികാരത്തിലേറി പത്തുവര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാര്‍, മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ആധാറിനോട് അന്നും ഇന്നും സ്വീകരിച്ച നിലപാട് എന്താണെന്ന് ചര്‍ച്ചയാകേണ്ടതുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് 2009-ലിലാണ്‌ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആദ്യമായി ആധാര്‍ എന്ന പുതിയ തിരിച്ചറിയല്‍ രേഖ അവതരിപ്പിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നന്ദന്‍ നീലേക്കണിയും ചേര്‍ന്നാണ് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി, അഥവാ യുഐഡിഎഐ രൂപീകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പൗരര്‍ക്കും 'അടിത്തറയുണ്ടാക്കുക' (ആധാര്‍) എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഓരോ വ്യക്തികളും 12 അക്ക കാര്‍ഡുകളായി മാറുന്ന സാഹചര്യം. ഓരോരുത്തരും അവരവര്‍ തന്നെയാണെന്ന് ഉറപ്പുനല്‍കുന്നതാണ് ഈ കാര്‍ഡ് എന്നായിരുന്നു നീലേക്കണി അന്ന് പറഞ്ഞത്.

സര്‍ക്കാര്‍ പദ്ധതികള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തിക്കാന്‍ ഈ സംവിധാനം സഹായകമാകും എന്ന പ്രതിരോധമൊക്കെ കോണ്‍ഗ്രസ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനെയെല്ലാം കടത്തിവെട്ടുന്ന തരം പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. രാജ്യത്തെമ്പാടും ആധാര്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറലാണെന്ന വിമര്‍ശനമുയര്‍ന്നു. അത് ഉയര്‍ത്തിയവരില്‍ പ്രധാനികളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രിയും ബിജെപിയും.

മനംമാറിയ മോദി

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദി അതിശക്തമായ വിമര്‍ശനങ്ങളുമായി ആധാറിനെതിരെ രംഗത്തെത്തിയിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് നില്‍ക്കവേ മോദി ആധാറിനെയും മൻമോഹൻ സിങിനേയും കടന്നാക്രമിച്ചു. ആശങ്കകളറിയിച്ച് താന്‍ നിരവധി തവണ മന്‍മോഹന്‍ സിങിന് കത്തെഴുതിയിരുന്നു എന്നും എന്നാല്‍ യാതൊരു മറുപടിയും മന്‍മോഹന്‍ നല്‍കിയിട്ടില്ല എന്നുമായിരുന്നു മോദിയുടെ പ്രചാരണം. അത് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്നു കയറാന്‍ ഒരു വഴിയായി പിന്നീട് മാറി.

ആധാര്‍ കാര്‍ഡ് എടുക്കുന്ന നടപടിക്രമത്തില്‍ പങ്കെടുക്കുന്ന മോദി

മന്‍മോഹന്‍ സിങിനെതിരെ മാത്രമല്ല ഇന്‍ഫോസിസ് സ്ഥാപകന്‍ നീലേക്കണിക്കെതിരെയും മോദി രംഗത്തെത്തിയിരുന്നു. ബാംഗളൂരില്‍ ഇന്‍ഫോസിസിന്റെ ഓഫീസിനു മുന്നില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ നീലേക്കണിയെ മോദി നിശിതമായി വിമർശിച്ചു. 'രാജ്യത്ത് ഐടി കണ്ടുപിടിച്ചത് തന്നെ തങ്ങളാണെന്ന് കരുതുന്നവര്‍ എന്നെപ്പോലെ സാധാരണക്കാരുമായി സംവദിക്കാറില്ല.' എന്നായിരുന്നു മോദിയുടെ പരോക്ഷ വിമര്‍ശനം.

ആ പ്രസംഗം നടന്ന് കേവലം ആറാഴ്ചയ്ക്കപ്പുറം 2014 മെയ് 26-ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അവിടുന്ന് വീണ്ടും ഒരുമാസം കഴിഞ്ഞ് ജൂലൈ മാസം ഒന്നാം തീയതി നരേന്ദ്ര മോദി മാസങ്ങള്‍ക്കു മുമ്പ് പരിഹസിച്ച നീലേക്കണിയെ നേരിട്ട് കണ്ടു. ആ കൂടിക്കഴ്ചയ്ക്കു ശേഷമാണ് പലതരത്തിലുള്ള എതിര്‍പ്പുകളില്‍ കുരുങ്ങിക്കിടന്ന ആധാര്‍ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാന്‍ മോദി തീരുമാനിക്കുന്നത്. ''ചില ആശങ്കകള്‍ മോദി അവതരിപ്പിക്കുകയും അത് നീലേക്കണിദൂരീകരിച്ചതോടെ, യുഐഡിഎഐക്ക് നിയമസാധുത നല്‍കുന്ന നിയമനിര്‍മാണത്തിലേക്ക് മോദി സര്‍ക്കാര്‍ കിടക്കുകയുമായിരുന്നു''- എന്ന് 'ആധാര്‍: എ ബയോമെട്രിക് ഹിസ്റ്ററി ഓഫ് ഇന്ത്യാസ് 12 ഡിജിറ് റിവൊല്യൂഷന്‍' എന്ന പുസ്തകത്തില്‍ പറയുന്നു.

ഇതേ അവസരത്തില്‍ സുപ്രീംകോടതിയില്‍ ആധാറുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടക്കുന്നുണ്ട്. ജനക്ഷേമ പദ്ധതികളുള്‍പ്പെടെ ആധാര്‍ വഴി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും കോടതിയുടെ പരിഗണനയിലിരിക്കുകയായിരുന്നു. ആധാര്‍ കാരണം ഇന്ത്യയിലെ ഏതെങ്കിലും പൗരന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമുണ്ടാകരുത് എന്ന് 2013 സെപ്റ്റംബര്‍ 23ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണത്തില്‍ വന്നതിനു ശേഷം ആധാറിന്റെ കാര്യത്തില്‍ ബിജെപിക്ക് തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല.

ആധാര്‍ എല്ലാത്തിന്റെയും അടിസ്ഥാനമായി

സബ്‌സിഡികളുള്‍പ്പെടെ ആധാര്‍ മുഖേനെ നല്‍കാന്‍ തീരുമാനിച്ചുകൊണ്ടുള്ള 'ആധാര്‍ ആക്ട്' മോദി സര്‍ക്കാര്‍ 2016 മാര്‍ച്ചില്‍ അവതരിപ്പിച്ചു. മണി ബില്ലായി അവതരിപ്പിച്ചതുകൊണ്ടുതന്നെ രാജ്യസഭയുടെ പിന്തുണ ആവശ്യമില്ലായിരുന്നു. ആ സമയത്ത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ടു തന്നെ ബിജെപിക്ക് അത് മാത്രമായിരുന്നു വഴി. ആധാര്‍ വൈകാതെ നിര്‍ബന്ധമാകുമെന്ന സൂചന ആ നിയമത്തിലെ ഏഴാമത്തെ വകുപ്പില്‍ ഉണ്ടായിരുന്നു.

2018 സെപ്റ്റംബറില്‍ ആധാര്‍ നിയമത്തിന്റെ സാധുത കോടതി അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. ദേശസുരക്ഷയുടെ പേരുപറഞ്ഞ് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിനെയാണ്ആദ്യം കോടതി എതിര്‍ത്തത്. ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിര്‍ദേശം പൂര്‍ണമായും ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ് കോടതി തള്ളുകയും ചെയ്തു. എന്നാല്‍ 2019-ല്‍ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പടെ ആര്‍ക്കും ആരുടെയും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന തരത്തില്‍ നിയമഭേദഗതിയും മോദി സര്‍ക്കാര്‍ കൊണ്ടുവന്നു.

നന്ദന്‍ നിലേക്കനി

കഴിഞ്ഞ പത്ത് വര്‍ഷമായി ഉച്ചക്കഞ്ഞി മുതല്‍, ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിനും യുജിസിയുടെ ഫെലോഷിപ്പുകള്‍ ലഭിക്കുന്നതിനും തൊഴിലുറപ്പു പദ്ധതിയുടെ പ്രതിഫലം വാങ്ങുന്നതിനും സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകുന്നതിനും ആധാര്‍ നിര്‍ബന്ധമായും വേണമെന്ന സഹാചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തി. റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ ആധാറുമായി ബന്ധിപ്പിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉച്ചക്കഞ്ഞിയും റേഷനും കിട്ടാതെ പട്ടിണികിടന്നു മരിച്ച 11 വയസുകാരി സന്തോഷി കുമാരിയുടെ വാര്‍ത്ത വന്നത് ജാര്‍ഖണ്ഡില്‍ നിന്നാണ്.

സ്വകാര്യത ഒരു പ്രശ്‌നമല്ലാതായി

ആധാര്‍ സാധാരണക്കാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനം വളരെ മുമ്പ് തന്നെ ഉള്ളതാണ്. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നതരം തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ എന്നാണ് എഡ്വേഡ് സ്‌നോഡന്‍ അഭിപ്രായപ്പെട്ടത്.

ആധാര്‍ വിവരങ്ങള്‍ക്ക് വലിയ സുരക്ഷ നമ്മള്‍ നല്‍കുന്നുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടക്കുമ്പോള്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ആറ് മാസം കൂടുമ്പോഴും ആധാര്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്രയവിക്രയങ്ങളുടെ വിവരങ്ങള്‍ ഡാറ്റ ബേസില്‍ നിന്ന് കളയണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ അതുപോലും ഉറപ്പുനല്‍കാന്‍ ഈ സര്‍ക്കാരിന് ഇപ്പോഴും സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

മൂന്നാം തവണയും മോദി ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് മറന്ന ആധാര്‍ വിരുദ്ധ നിലപാടുകള്‍ പ്രധാനമന്ത്രിയോ ബിജെപിയോ ഓര്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച സാവകാശം പോലും കാണിക്കാതെ ഈ സര്‍ക്കാര്‍ ഇന്ന് ജനങ്ങളുടെ ജീവിതത്തിലെ ഒരിക്കലും ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത തിരിച്ചറിയല്‍ രേഖയായി ആധാറിനെ മാറ്റി കഴിഞ്ഞു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ