INDIA

അയോധ്യയില്‍ 'അളന്നുമുറിച്ച്' കോണ്‍ഗ്രസ്; ആദ്യം പറഞ്ഞ സിപിഎം, കാത്തിരുന്ന ആര്‍ജെഡി, 'ഇന്ത്യ'യില്‍ ഒറ്റനിലപാടുണ്ടാകുമോ?

അയോധ്യ വിഷയത്തില്‍ ആടിയുലഞ്ഞുനിന്ന കോണ്‍ഗ്രസ് കൃത്യമായി നിലപാടെടുത്തതോടെ, മറ്റ് പാര്‍ട്ടികള്‍ക്ക് പോകുമോ ഇല്ലയോ എന്ന് വ്യക്തമായി പറയേണ്ടിവരും

വെബ് ഡെസ്ക്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസ് പരിഹരിച്ചതോടെ, ഇന്ത്യ മുന്നണിയില്‍ രാമക്ഷേത്ര ചടങ്ങില്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ച പാര്‍ട്ടികളുടെ എണ്ണം ഔദ്യോഗികമായി അഞ്ചായി. സിപിഎം, സിപിഐ, ആര്‍ജെഡി, ഡിഎംകെ പാര്‍ട്ടികള്‍ ആദ്യംതന്നെ അയോധ്യ ചടങ്ങിലേക്ക് തങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു. മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കാന്‍ ശ്രമിക്കുകയാണെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ, സിപിഎം പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ വ്യക്തമാക്കി, ''മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎം നയം. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാല്‍ ഞങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കില്ല''.

''ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണ്'', സിപിഎം പ്രസ്താവനയില്‍ പറയുന്നു.

ഇതിന് പിന്നാലെ, അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സിപിഐയും രംഗത്തെത്തി. ''മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ഭരണഘടനയ്ക്ക് എതിരാണ്. ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരാണ് രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയം കളിക്കുന്നത്. ബിജെപി മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണ്''. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

അളന്നുമുറിച്ച പ്രസ്താവന, രാഹുല്‍ മറുപടി പറയും

ഇതോടെ, ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദമുണ്ടായി. നേതാക്കള്‍ പല അഭിപ്രായവുമായി രംഗത്തെത്തി. ഇന്ത്യ മുന്നണിയിലെ ഭിന്നത വലിയ ചര്‍ച്ചയാക്കി ബിജെപിയും രംഗം കൊഴുപ്പിച്ചു. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നിലപാട് സഖ്യത്തിലുള്ള മറ്റു പാര്‍ട്ടികളേയും സ്വാധീനിക്കും എന്നിരിക്കെ, വ്യക്തമായ നിലപാട് സ്വീകരിക്കാനാകാതെ കോണ്‍ഗ്രസ് കുഴങ്ങി. സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടപ്പെടാന്‍ പ്രത്യേകിച്ചൊന്നുമില്ല. ബാബറി മസ്ജിദ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആദ്യംമുതല്‍ തന്നെ ഒരുനിലപാടാണ് താനും. എന്നാല്‍, കോണ്‍ഗ്രസിന സംബന്ധിച്ച് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഓരോ വാക്കുപറയുന്നതിനു മുന്‍പും ഒരുപാട് തവണ ആലോചിക്കേണ്ടതുണ്ടായിരുന്നു. അവസാനം നിലപാട് വ്യക്തമാക്കി പുറത്തുവന്ന പ്രസ്താവനയിലും ആ ആലോചന വ്യക്തമായിരുന്നു.

''മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍എസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്. 2019 ലെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോള്‍, പരിപാടിയിലേക്കുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിക്കുന്നു'', അളന്നുമുറിച്ച വാക്കുകളിലുള്ള പ്രസ്താവന. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിച്ചില്ലെങ്കില്‍, ബിജെപി ആയുധമാക്കുമെന്ന ജാഗ്രത കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ വ്യക്തമായിരുന്നു.

രാഹുല്‍ ഗാന്ധി

അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്നുള്ള ക്ഷണത്തിന് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച വേണ്ടിവന്നു കോണ്‍ഗ്രസിന്. ഇനിയും നീണ്ടുപോകുമായിരുന്ന മൗനം പെട്ടെന്ന് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച പ്രധാന ഘടകം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗമാണ്. ജനുവരി 14-ന് മണിപ്പൂരില്‍ നിന്നാരംഭിക്കുന്ന ഭാരത് ന്യായ് യാത്രയ്ക്ക് മുന്‍പ് കോണ്‍ഗ്രസിന് അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. യാത്ര തുടങ്ങുന്ന സമയമാകുമ്പോഴേക്കും വിഷയത്തിലെ നിലപാടിന്‍മേലുള്ള ചര്‍ച്ചകള്‍ തണുക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ടാകാം. എന്തുകൊണ്ട് തങ്ങള്‍ അയോധ്യയിലേക്ക് പോയില്ലെന്ന് രാഹുലിന് ഈ യാത്രയിലൂടെ വിശദീകരിക്കാന്‍ അവസരമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ആര്‍ജെഡിക്കും ഡിഎംകെയ്ക്കും ഒറ്റവാക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതിഷ്ഠ ചടങ്ങില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ടിഎംസിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയാക്കി മാറ്റാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെനന് മമത പറയുന്നുമുണ്ട്. മുഖ്യമന്ത്രിയോ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ ആര്‍ജെഡി, കോണ്‍ഗ്രസ് നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഈ നിലപാടിന് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്വാനിയുടെ രഥയാത്ര തടഞ്ഞ പാരമ്പര്യമുള്ള ലാലു പ്രസാദിന്റെ പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. ''ഞങ്ങള്‍ കോണ്‍ഗ്രസ് ലൈന്‍ അംഗീകരിക്കുന്നു. അത് ഞങ്ങള്‍ എല്ലായിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്'', ആര്‍ജെഡി വക്താവ് സുബോധ് കുമാര്‍ മേഹ്ത വ്യക്തമാക്കി.

ലാലു പ്രസാദ് യാദവ്

ഡിഎംകെ അയോധ്യയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ''മസ്ജിദ് തകര്‍ത്തതിനെ പൂര്‍ണമായും വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. രാമന്‍ മിത്താണെന്നും ബാബര്‍ ചരിത്രമാണെന്നും കരുണാനിധിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു'', പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. പത്തുദിവസം മുന്‍പാണ് കരുണാനിധി കുടുംബത്തിന് തമിഴ്‌നാട്ടിലെ ആര്‍എസ്എസ് നേതാക്കള്‍ ക്ഷണിച്ചത്. എന്നാല്‍, കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ആരും പോകില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

മിണ്ടാതെ എഎപി, ഫ്ലക്സ് വെച്ച് എസ്പി

മുന്നണിയിലെ പ്രധാന കക്ഷിയായ എഎപി വിഷയത്തില്‍ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ഇതുവരേയും ക്ഷണം വിലയിരുത്തിയിട്ടില്ലെന്നാണ് എഎപി പറയുന്നത്. കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തത വരുത്തേണ്ടിവരും.

ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എസ്പിയുടെ നിലപാട് എന്താണെന്നത് നിര്‍ണായകമാണ്. ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് എസ്പി മേധാവി അഖിലേഷ് യാദവ് ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല. വിശ്വഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ കഴിഞ്ഞദിവസം അഖിലേഷ് യാദവിന് ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍, ഇദ്ദേഹവുമായി തനിക്ക് പരിചയമൊന്നുമില്ലെന്നും അപരിചിതരുടെ ക്ഷണം സ്വീകരിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ക്ഷേത്ര സമിതിയുടെ ഭാഗത്ത് നിന്ന് ക്ഷണം ലഭിച്ചാല്‍ പോകുമോ എന്നുള്ളതില്‍ അഖിലേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, രാമക്ഷേത്രത്തിന് അഭിവാദ്യം അര്‍പ്പിച്ച് എസ്പിയുടെ പേരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ യുപിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഖിലേഷ് യാദവ്

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷണിച്ചില്ലെങ്കിലും ക്ഷണിച്ചാലും ഉദ്ധവ് താക്കറെ അയോധ്യയില്‍ പോകുമെന്നാണ് ശിവസേന ഉദ്ധവ് പക്ഷത്തിന്റെ നിലപാട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാരാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ക്ഷണം ലഭിച്ചാല്‍ പ്രതിനിധിയെ വിടാന്‍ ആശയക്കുഴപ്പമില്ലെന്നുമാണ് ജെഡിയുവിന്റെ നിലപാട്. ചുരുക്കി പറഞ്ഞാല്‍, അയോധ്യ വിഷയത്തില്‍ ആടിയുലഞ്ഞുനിന്ന കോണ്‍ഗ്രസ് കൃത്യമായി നിലപാടെടുത്തതോടെ, മറ്റ് പാര്‍ട്ടികള്‍ക്ക് പോകുമോ ഇല്ലയോ എന്ന് വ്യക്തമായി പറയേണ്ടിവരും. ഒറ്റ നിലപാടിലേക്ക് പാര്‍ട്ടികള്‍ എത്താന്‍ സാധ്യതയില്ലെങ്കിലും മുന്നണിയില്‍ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് ഒരു അവസരം കൂടി ലഭിച്ചെന്ന് വിലയിരുത്താം.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം