INDIA

ഇന്ത്യയില്‍ പ്രതിവര്‍ഷം പാമ്പുകടിയേറ്റ് മരിക്കുന്നത് 58,000പേര്‍; നൂറ്റാണ്ട് പഴക്കമുള്ള നയം, എന്താണ് പ്രതിവിധി?

പാമ്പുകടിയേല്‍ക്കുന്നതില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്

വെബ് ഡെസ്ക്

ഓരോ വര്‍ഷവും 58,000 പേര്‍ പാമ്പുകടിയേറ്റ് മരിക്കുന്നൊരു രാജ്യമാണ് നമ്മുടേത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം ഇത്രയും പാമ്പുകടി മരണങ്ങള്‍ സംഭവിക്കുന്നത്? പാമ്പുകളെക്കുറിച്ചുള്ള അവബോധമില്ലായ്മയും ആന്റിവെനത്തിന്റെ അപര്യാപ്തതയുമാണ് വര്‍ധിച്ച മരണനിരക്കിന്റെ പിന്നിലെ പ്രധാന കാരണം.

ആന്റിവെനത്തിന്റെ അപര്യാപ്തത നിലനില്‍ക്കുമ്പോള്‍ തന്നെയാണ്, ലഹരിയായി ഇത് ഉപയോഗിക്കുന്ന കേസുകളും വര്‍ധിച്ചുവരുന്നത്. കഴിഞ്ഞമാസമാണ് ബിഗ് ബോസ് വിജയിയും പ്രമുഖ യൂട്യൂബറുമായ സിദ്ധാര്‍ഥ് എല്‍വിഷിനേയും അഞ്ചു സുഹൃത്തുക്കളേയും റേവ് പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം വിതരണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തത്.

നൂറ്റാണ്ട് പഴക്കമുള്ള നയം

പാമ്പുകടിയേറ്റാല്‍, ഏറ്റവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്നുകളില്‍ പ്രധാനം ആന്റിവെനമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയില്‍ ആന്റിവെനത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാനുള്ള പ്രാഥമിക മരുന്നുകളുടെ കൂട്ടത്തില്‍ ആന്റിവെനം നിര്‍ബന്ധമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിവര്‍ഷം 50 ലക്ഷം പാമ്പുകടി കേസുകള്‍ ലോകത്താകെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ 81,000 മുതല്‍ 1,38,000 വരെ മരണങ്ങള്‍ ഓരോ വര്‍ഷവും സംഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 4,00,000 പേര്‍ പാമ്പുകടിയേറ്റതു കാരണമുള്ള വിവിധ അസുഖങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്.

ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ് മരണങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ആന്റിവെനം നിര്‍മിക്കുന്നതിലുള്ള നൂറ്റാണ്ട് പഴക്കമുള്ള പ്രോട്ടോക്കോളുകളിലുള്ള മാറ്റം, ഗ്രാമീണ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പാമ്പുകടി തടയുന്നതിന് കൂടുതല്‍ അവബോധം വളര്‍ത്തുക അടക്കുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആന്റിവെനം നിര്‍മിക്കുന്നതില്‍ ഇന്ത്യ ക്ഷാമം നേരിടുന്നില്ല. ഭാരത് സെറംസ് ആന്റ് വാക്‌സിന്‍സ്, ബയോളജികല്‍ ഇ പോലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആന്റിവെനം നിര്‍മിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആന്റിവെനം നിര്‍മിക്കുന്നതിനുള്ള പ്രോട്ടോക്കോളില്‍ മാറ്റമില്ല. രാജവെമ്പാല, വെള്ളിക്കെട്ടന്‍, അണലി എന്നിവയുടെ വിഷവുമായി കുതിരകളില്‍നിന്ന് ശേഖരിക്കുന്ന ആന്റിബോഡികളേയും ചേര്‍ത്താണ് ആന്റിവേനം നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന ആന്റിവെനത്തിന് ഫലപ്രാപ്തി കുറവാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മരുന്ന് ഫലം കാണുന്നതില്‍ എടുക്കുന്ന സമയത്തെ തുടര്‍ന്ന്, പലരും കൂടുതല്‍ ഡോസ് നല്‍കാറുണ്ട്. ഇത് രോഗികളെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആന്റിവെനം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൃത്യമായ ധാരണയില്ല.

ഓരോ പാമ്പിന്റേയും വിഷം പലതരത്തിലാണ്. അതുകൊണ്ടുതന്നെ പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള മനുഷ്യ ആന്റിബോഡികള്‍ ചേര്‍ത്ത് ആന്റിവെനം നിര്‍മിക്കുക എന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. ഒരേ ഇനത്തില്‍പ്പെട്ട പാമ്പുകളുടെ വിഷം പോലും പലതരത്തിലായിരിക്കും. ഒരു പാമ്പില്‍നിന്ന് ശേഖരിക്കുന്ന വിഷം കൊണ്ടുണ്ടാക്കുന്ന ആന്റിവെനം മറ്റൊരു പാമ്പിന്റെ കാര്യത്തില്‍ ഫലിക്കണമെന്നില്ലെന്ന് സാരം.

സാധാരണക്കാരുടെ മാത്രം പ്രശ്‌നം

ഇതിന്റെ കൂട്ടത്തില്‍ത്തന്നെ ചിന്തിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. പാമ്പുകടിയേല്‍ക്കുന്നതില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. അതുകൊണ്ടുതന്നെ, ആന്റിവെനം നിര്‍മാണ മേഖലയില്‍ അധികം നിക്ഷേപങ്ങള്‍ വരാത്തതിന് പിന്നില്‍ ഇതും ഒരു വസ്തുതയാണ്.

ഏറ്റവും ഫലപ്രദമായ ആന്റി വെനം നിര്‍മിക്കുന്നത് മുകളില്‍ പറഞ്ഞ പാമ്പിന്‍ വിഭാഗങ്ങളില്‍ നിന്നാണ്. എന്നാല്‍, ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഈ പാമ്പുകള്‍ വളരെ കുറവാണ്. അവിടെയെല്ലാം, താരതമ്യേന വിഷം കുറഞ്ഞ പാമ്പുകളില്‍ നിന്നാണ് ആന്റിവെനം നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ, ഇത്തരം ആന്റിവെനങ്ങളുടെ പ്രതിരോധ ശേഷിയില്‍ ഗണ്യമായ കുറവ് സംഭവിക്കും.

ഐഐഎസ്‌സിയും ഭാരത് സെറവും ചേര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പാമ്പുകളില്‍ നിന്ന് ശേഖരിക്കുന്ന വിഷം ഉപയോഗിച്ചുകൊണ്ടുള്ള ആന്റിവെനം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി ഇത്തരം ആന്റിവെനങ്ങള്‍ നിര്‍മിക്കുന്നത് വലിയ കുതിച്ചുചാട്ടത്തിന് വഴിതെളിക്കും എന്നാണ് വിലയിരുത്തല്‍.

ആന്റിവെനം നിര്‍മിച്ചതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. ഇന്ത്യയുടെ ഗ്രാമീണമേഖലകളില്‍ പാമ്പുകളെക്കുറിച്ച് വലിയ തോതിലുളള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. പാമ്പുകളെക്കുറിച്ച് ഗ്രാമങ്ങളില്‍ ശക്തമായ ബോധവത്കരണത്തിന്റെ അഭാവമുണ്ട്. അശാസ്ത്രീയ പാമ്പുപിടിത്തമാണ് ഭൂരിഭാഗം പ്രദേശങ്ങളിലും നിലനില്‍ക്കുന്നത്. കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാഥമിക ചികിത്സാ സംവിധാനങ്ങളുടെ അഭാവവും ഇത്തരം മരണങ്ങള്‍ വര്‍ധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ