INDIA

കരയിൽ ആഞ്ഞടിക്കാനൊരുങ്ങി 'മോക്ക'; എന്താണ് ഈ മോക്ക? ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ?

പുതിയ ചുഴലിക്കാറ്റിന് മോക്ക എന്ന പേര് നിർദേശിച്ചത് യെമൻ ആണ്

വെബ് ഡെസ്ക്

കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശുന്ന പ്രതിഭാസം സർവസാധാരണമാണ്. എന്നാൽ കരയിലെത്തുന്ന ചുഴലിക്കാറ്റുകൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ചുഴലിക്കാറ്റുകൾക്ക് പെട്ടെന്നൊരു പേരിടുകയല്ല ചെയ്യുന്നത്. കൗതുകത്തോടെ അടയാളപ്പെടുത്തുന്ന ചുഴലിക്കാറ്റുകളുടെ പേരുകൾക്ക് പിന്നിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും, മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും പെട്ടെന്ന് തിരിച്ചറിയാനും പൊതുജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന സമ്പ്രദായം ആരംഭിച്ചത്. ലോക കാലാവസ്ഥാ സംഘടനയും (WMO) യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷനിലെ (ESCAP) അംഗരാജ്യങ്ങളും ചേർന്നാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്.

ചുഴലിക്കാറ്റിന് മോക്ക എന്ന പേര് നിർദേശിച്ചത് യെമൻ ആണ്. ചെങ്കടലിന്റെ തീരത്തുള്ള തുറമുഖ നഗരത്തിന്റെ പേരാണ് മോക്ക

ചുഴലിക്കാറ്റിൽ ഏറ്റവും പുതിയ പേര് മോക്കയാണ്. ഈവർഷം രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ് കൂടിയാണിത്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം ആൻഡമാൻ കടലിന്റെ സമീപ പ്രദേശങ്ങളിലെത്തുമെന്നും മോക്ക ചുഴലിക്കാറ്റായി വീശുമെത്തുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ഇതിന് പിന്നാലെ മോക്ക എന്ന പേരും ചർച്ച ചെയ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന് മോക്ക എന്ന പേര് നിർദേശിച്ചത് യെമൻ ആണ്.

മോക്ക എന്ന വാക്ക് ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്നത് കാപ്പിയോട് ചേർത്താണ്.കാപ്പി പ്രേമികളുടെ ഇഷ്ടപ്പെട്ട ഐറ്റമാണ് കഫേ മോക്ക. 500 വർഷങ്ങൾക്ക് മുമ്പ് ലോകത്തിന് മുന്നിൽ കാപ്പി പരിചയപ്പെടുത്തിയ ചെങ്കടലിന്റെ തീരത്തുള്ള തുറമുഖ നഗരമാണ് മോക്ക. ഇതില്‍ നിന്നാണ് ആ പേരും ഉണ്ടായത്

ലോക കാലാവസ്ഥാ സംഘടനയും (WMO) യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും (ESCAP) ചേര്‍ന്നാണ് ചുഴലിക്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിങ്ങനെ എട്ട് അംഗരാജ്യങ്ങൾ ചേർന്നതാണ് എസ്‌കാപ്പ്. 2004ലാണ് ഇതിന്റെ നടപടിക്രമത്തിന് അംഗീകാരം ലഭിക്കുന്നത്. ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍.

ചുഴലിക്കാറ്റിന് പേര് നിര്‍ദ്ദേശിക്കുമ്പോള്‍ രാഷ്ട്രീയത്തെയോ, രാഷ്ട്രീയ വിശ്വാസധാരകളെയോ, മത വിശ്വാസത്തെയോ, സംസ്കാരത്തെയോ, ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തെയോ സൂചിപ്പിക്കുന്നതാവരുത്

അറ്റ്ലാന്റിക്, ദക്ഷിണ അർദ്ധഗോളത്തിൽ (ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക്) ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് അക്ഷരമാലാക്രമത്തിലാണ് പേര് നിർദേശിക്കുന്നത്. കൂടാതെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകൾ മാറിമാറി നിർദേശിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന കാറ്റുകൾക്ക് ലിംഗ നിഷ്പക്ഷാടിസ്ഥാനത്തിലും അക്ഷരമാലാക്രമത്തിലുമാണ് പേര് ചിട്ടപ്പെടുത്തുക.

പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുഴലിക്കാറ്റിന് പേര് നിര്‍ദ്ദേശിക്കുമ്പോള്‍ രാഷ്ട്രീയത്തെയോ, രാഷ്ട്രീയ വിശ്വാസധാരകളെയോ, മത വിശ്വാസത്തെയോ, സംസ്കാരത്തെയോ, ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തെയോ സൂചിപ്പിക്കുന്നതാവരുത്. ലോകത്ത് ഒരാളുടെ പോലും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്. പരുഷമോ ക്രൂരമോ ആയ സ്വഭാവമുള്ള പേര് ആവരുത്. വളരെ ചെറുതും ലളിതമായി ഉച്ചരിക്കാൻ കഴിയുന്നതുമാകണം. ആക്ഷേപകരമായ ഭാഷ പാടില്ല.എട്ടക്ഷരങ്ങളാണ് പരമാവധി അനുവദിച്ചിട്ടുള്ളത്.

പേരിനൊപ്പം ഉദ്ദേശിക്കുന്ന ഉച്ചാരണം വോയ്‌സ് ഫയൽ ആയി സമിതിക്ക് നൽകണം. പേരുകൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ ഓരോ കാറ്റിനും പുതിയ പേരുകൾ നല്കണം. ഈ നിയമനങ്ങൾ പാലിച്ച് നിർദേശിക്കുന്ന പേരുകളില്‍ അന്തിമ തീരുമാനം എടുക്കുന്നത് ട്രോപ്പിക്കൽ സൈക്ലോൺ പാനലാണ്. സമീപകാലത്ത് ഇന്ത്യ നിർദേശിച്ച പേരുകൾ ഗതി, തേജ്, മുരശ്, ആഗ്, വ്യോമ, ജോർ, ഝോര്‍, പ്രോബാഹോ, നീർ, പ്രഭഞ്ജൻ, ഗുർണി, അംബുദ്, ജലധി, വേഗ എന്നിവയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ