ഒരു വർഷത്തിനിടെ 15000 പേരെ തട്ടിപ്പിനിരയാക്കി 700 കോടി കവർന്ന വൻ തട്ടിപ്പ് സംഘം ഹെദരാബാദ് പോലീസിന്റെ പിടിയില്‍. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ദുബായ് വഴി ചൈനയിലേക്കും, ലെബനൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ അക്കൗണ്ടിലേക്കും അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായവരില്‍ നാല് പേർ ഹൈദരാബാദ് സ്വദേശികളും മൂന്നു പേര്‍ മുബൈ സ്വദേശികളും രണ്ടു പേര്‍ അഹമ്മദാബാദ് സ്വദേശികളുമാണ്. 28 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കഴിഞ്ഞ ഏപ്രിലിലാണ് ഹൈദരാബാദ് പോലീസിന്റെ സൈബർ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പണത്തിന്റെ ഒരു ഭാഗം ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റിയാണ് ഹിസ്ബുള്ളയുടെ വാലറ്റിലേക്ക് നിക്ഷേപിച്ചതെന്നു സംശയിക്കുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. "തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം യൂണിറ്റിന് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്," ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദ് എൻഡിടിവിയോട് പറഞ്ഞു.
പണം നിക്ഷേപിച്ച് പാർട്ട് ടൈം ആയി ജോലി നൽകിയാണ് തട്ടിപ്പുകൾ നടത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിൾ റിവ്യൂ എഴുതുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും അവ പൂർത്തിയാക്കുന്നതിന് പണം നൽകുകയും ചെയ്തു. ചിലരെ വാട്സാപ്പിലും ടെലഗ്രാമിലുമാണ് സമീപിച്ചിട്ടുള്ളത്. 5,000 രൂപ വരെയുള്ള ചെറിയ തുക നിക്ഷേപിച്ച് ആദ്യ ടാസ്ക് പൂർത്തിയാക്കണം. നിക്ഷേപ തുകയോടൊപ്പം വരുമാനവും കൂട്ടി തിരികെ നൽകും. ചില സന്ദർഭങ്ങളിൽ നിക്ഷേപ തുകയുടെ ഇരട്ടി വരെ വരുമാനമായി ലഭിക്കും. എന്നാൽ എല്ലാ ടാസ്കുകളും പൂർത്തയാക്കുന്നത് വരെ ഈ പണം പിൻവലിക്കാൻ സാധിക്കുമായിരുന്നില്ല. നിക്ഷേപകർ എത്ര പണം സമ്പാദിച്ചു എന്നത് കാണിക്കാൻ ഒരു വ്യാജ വിഡിയോയും ഇവർക്ക് അയച്ച നൽകും. ഏകദേശം ഏഴാമത്തെയോ എട്ടാമത്തെയോ ടാസ്ക് ആകുമ്പോൾ ഉയർന്ന തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. അങ്ങനെ ലക്ഷകണക്കിന് രൂപയാകുമ്പോൾ തട്ടിപ്പുകാർ പണവുമായി കടന്നുകളയും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 48 ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് 584 കോടി രൂപ തട്ടിയതായി ഏജൻസി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ 113 ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴി 128 കോടി രൂപ കൂടി തട്ടിപ്പിൽ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അതിൽ ചില അക്കൗണ്ടുകളിലെ പണം ക്രിപ്‌റ്റോകറൻസിയായി മാറ്റി ദുബായ് വഴി ചൈനയിലേക്ക് മാറ്റിയിട്ടുണ്ട്. ചൈനീസ് ഓപ്പറേറ്റർമാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
"ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ആരംഭിച്ച അക്കൗണ്ടുകൾ പിന്നീട് ദുബായിൽ നിന്ന് പ്രവർത്തിപ്പിക്കുകയായിരുന്നു. തട്ടിപ്പിന്റെ സൂത്രധാരരായ ചൈനീസ് ഓപ്പറേറ്റർമാരുമായി തട്ടിപ്പുകാർ നിരന്തരം ബന്ധപ്പെട്ടിരുന്നു," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പാണ് റിമോട്ട് ആക്‌സസ് ആപ്പുകൾ ഉപയോഗിച്ച് ചില അക്കൗണ്ടുകൾ നടത്തിയിരുന്നത്.