ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത വന മേഖലകള്‍ക്ക് പുറത്ത് വന്യ മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതില്‍ തെറ്റില്ലെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാനും പ്രശസ്ത പരിസ്ഥിതി സംരക്ഷകനുമായ മാധവ് ഗാഡ്ഗിൽ. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുള്‍പ്പെടെയുള്ള വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തുടരുന്നതിനിടെയാണ് മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. നിലവിലുള്ള വന സംരക്ഷണ നിയമം (1972) പുതുക്കേണ്ട സമയമായതായും മാധവ് ഗാഡ്ഗില്‍ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന് നല്‍കിയ പ്രതികരണത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലുള്ള വന സംരക്ഷണ നിയമം (1972) പുതുക്കേണ്ട സമയം അതിക്രമിച്ചുമാധവ് ഗാഡ്ഗില്‍
വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന് നിയമം നിലനില്‍ക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളിലൊന്നും ദേശീയോദ്യാനങ്ങൾക്ക് പുറത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന പതിവില്ല. അമേരിക്ക, ആഫ്രിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളെ വകവരുത്താന്‍ കഴിയും. യുക്തിസഹമായ സാഹചര്യങ്ങളില്‍ വേട്ടയാടല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ സാഹചര്യങ്ങളില്‍ പ്രാദേശിക ജനതയുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് വകവരുത്തേണ്ട വന്യ മൃഗങ്ങളുടെ എണ്ണം ഉള്‍പ്പെടെ തീരുമാനിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ആവശ്യമാണ്. ഇത്തരത്തില്‍ വേട്ടയാടി പിടിക്കുന്ന ജീവികളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കണം എന്നും ഗാഡ്ഗില്‍ പറയുന്നു.
നിലവിലുള്ള വന സംരക്ഷണ നിയമം (1972) പുതുക്കേണ്ട സമയമായെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരമായി ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുള്ള ചുമതല സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന ബയോഡൈവേഴ്സിറ്റി ആക്ട് 2002 നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന്‍ മറ്റൊരാളുടെ ജീവന് ഭീഷണിയായി വന്നാല്‍ ഐപിസി പ്രകാരം നടപടി സ്വീകരിക്കും. അതേസമയം, പിന്നെ എന്ത്‌കൊണ്ട് ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വകവരുത്താന്‍ ആകുന്നില്ലെന്ന ചോദ്യവും ഗാഡ്ഗില്‍ മുന്നോട്ട് വെയ്ക്കുന്നു.
വയനാട് കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കടുവയെ കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, മനുഷ്യ ജീവനുകള്‍ക്ക് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലണമെന്ന വനം മന്ത്രി എകെ ശശീന്ദ്രന്റെ പരാമര്‍ശവും ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
അതേസമയം, വയനാട്ടിലെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കടുവയെ കൊല്ലണമെന്ന വാദം വനംവകുപ്പ് തള്ളിയിരുന്നു. വന സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കടുവയെ പിടികൂടി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന്റെ സാധ്യതമാത്രമാണ് മുന്നിലുള്ളത് എന്നായിരുന്നു വിശദീകരണം. വയനാട്ടിലെ കാട്ടുകളിലുണ്ടായ മാറ്റങ്ങളാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം എന്നാണ് ഒരു വിഭാഗം പരിസ്ഥിതി സംരക്ഷകരുടെ നിലപാട്. വയനാട് വന സംരക്ഷണ മേഖലയിൽ കാടിന്റെ അളവ് വളരെ കുറവാണ്. കൂടാതെ മുതുമലൈ, ബന്ദിപ്പൂർ, നഗർഹോള, ബ്രഹ്മഗിരി, കാടുകളിലെ ജലദൗർലഭ്യവും മൃഗങ്ങളെ വയനാട്ടിലേക്ക് ആകർഷിക്കുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍.
എന്നാൽ കടുവകൾ വയനാട്ടിൽ പ്രശനമുണ്ടാകുന്നു എന്നത് വ്യാജപ്രചാരണമാണെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ അധ്യക്ഷൻ എൻ ബാദുഷയുടെ പക്ഷം. 2012 മുതൽ ആറ് മരണങ്ങളാണ് കടുവയുടെ ആക്രമണത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇവയിൽ രണ്ടെണ്ണത്തിൽ ഒഴികെ ബാക്കിയെല്ലാം കാടിനുള്ളിലാണ് സംഭവിച്ചതെന്നാണ് ബാദുഷ പറയുന്നത്.