INDIA

ഭർത്താവ് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി ഒഡിഷ ദുരിതാശ്വാസ തുക തട്ടാൻ ശ്രമം; ഭാര്യക്കെതിരെ കേസ് കൊടുത്ത് യുവാവ്

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും സർക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തട്ടാൻ ശ്രമിച്ച യുവതിക്ക് എട്ടിന്റെ പണി കൊടുത്ത് ഭർത്താവ്. ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചുവെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സംസ്ഥാന സർക്കാരും റെയിൽവേയും പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തട്ടിയെടുക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ വാദം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.

ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ മണിബണ്ടയിലുള്ള ഗീതാഞ്ജലി ദത്തയാണ് ഭർത്താവ് ബിജയ് ദത്ത ജൂൺ രണ്ടിന് നടന്ന അപകടത്തിൽ മരിച്ചുവെന്നും മൃതദേഹം തിരിച്ചറിഞ്ഞുവെന്നും അവകാശപ്പെട്ടത്. താക്കീത് നൽകി പോലീസ് വിട്ടയച്ചെങ്കിലും ഭർത്താവ് മണിബണ്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്. ഗീതാഞ്ജലി നിലവിൽ അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ 13 വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ് ഭർത്താവിന്റെ പേരിൽ പണം തട്ടാൻ ഗീതാഞ്ജലി ശ്രമം നടത്തിയത്. തന്റെ മരണം വ്യാജമായി ചമച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ബിജയിയുടെ ആവശ്യം.

ബാലസോർ ജില്ലയിലെ ബഹനഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ബിജയിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബണ്ട പോലീസ് സ്റ്റേഷൻ ഇൻചാർജ് ബസന്ത് കുമാർ സത്പതി പറഞ്ഞു. അതേസമയം, മൃതദേഹങ്ങൾക്ക് മേൽ വ്യാജമായി അവകാശവാദം ഉന്നയിച്ച് നഷ്ടപരിഹാരം തട്ടാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവെയ്ക്കും ഒഡിഷ പോലീസിനും നിർദേശം നൽകി.

ട്രെയിൻ അപകടത്തിന് പിന്നാലെ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്ക് അഞ്ച് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്