യാചകനാണെങ്കിൽ പോലും സ്വയം പര്യാപ്തരല്ലാത്ത ജീവിത പങ്കാളിയെ സംരക്ഷിക്കാൻ ഭർത്താവിന് ധാർമികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചന വിഷയത്തിൽ ഭാര്യക്ക് പ്രതിമാസം 5,000 രൂപ ജീവനാംശം നൽകിക്കൊണ്ട് ചാർഖി ദാദ്രി അഡീഷണൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് എച്ച് എസ് മദന്റെ നിരീക്ഷണം. ഇക്കാലത്ത്, ഒരു കൂലിപ്പണിക്കാരൻ പോലും പ്രതിദിനം 500 രൂപയോ അതിൽ കൂടുതലോ സമ്പാദിക്കുന്നു. ഇവിടെ ഭർത്താവ് കഴിവുള്ള വ്യക്തിയാണെന്നും വിലക്കയറ്റത്തിന്റെ പ്രവണതയും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ വളരെ ചെലവേറിയതും കണക്കിലെടുത്ത് കീഴ്ക്കോടതി ഉത്തരവിട്ട തുക ഉയർന്നതാണെന്ന് കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരന്റെ ഭാര്യ വിവാഹമോചന ഹർജി സമർപ്പിച്ചതിനൊപ്പം ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം തന്റെ ഭർത്താവിൽ നിന്ന് 15,000 രൂപ വ്യവഹാരചെലവിന് പുറമെ പ്രതിമാസം 11,000 രൂപയും നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. പ്രതിമാസം 5000 രൂപ ജീവനാംശം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. കൂടാതെ വ്യവഹാരച്ചെലവായി ഭാര്യക്ക് 5,500 രൂപയും ഒരു ഹിയറിങ്ങിന് 500 രൂപയും നൽകാനും കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭർത്താവ് പുനഃപരിശോധനാ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ചാണ് ജസ്റ്റിസ് മദനൻ ബെഞ്ചിന്റെ നിരീക്ഷണം.
''ഭർത്താവ് ഒരു യാചകനാണെങ്കിൽപ്പോലും, ഭാര്യയെ പരിപാലിക്കാൻ ഭർത്താവിന് ധാർമികവും നിയമപരവുമായ ബാധ്യതയുണ്ട്. ഭാര്യക്ക് സമ്പാദിക്കാനുള്ള മാർഗമുണ്ടെന്നോ മതിയായ സ്വത്ത് കൈവശം വച്ചിരുന്നെന്നോ തെളിയിക്കാൻ പ്രതിക്ക്/ഭർത്താവിന് കഴിഞ്ഞില്ല. അതുകൊണ്ട്, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരമുള്ള അപേക്ഷ സ്വീകരിച്ച് വിചാരണക്കോടതി അനുവദിച്ചത് ന്യായമാണ്” -കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വളരെ വിശദവും യുക്തിസഹവുമാണെന്ന് റിവിഷൻ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മദൻ കൂട്ടിച്ചേർത്തു.