INDIA

'പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ മറവിൽ ഭർത്താവിന്റെ ഭരണം'; സ്ത്രീസംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന്‌ ഒഡീഷ ഹൈക്കോടതി

രാജ്യത്തിന്റെ താഴെത്തട്ടിലുള്ള രാഷ്ട്രീയ വ്യവസ്ഥ നേരിടുന്ന ഭീഷണിയാണ് പ്രോക്സി സർപഞ്ചുമാരെന്ന് ഹർജിക്കാരന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു

വെബ് ഡെസ്ക്

ഭാര്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിൽ ഭർത്താവ് ഭരണനിർവഹണം നടത്തുന്നത് പഞ്ചായത്ത് രാജിലെ സംവരണമെന്ന ആശയത്തെ പരാജയപ്പെടുത്തുന്നുവെന്ന് ഒഡീഷ ഹൈക്കോടതി. ഭാര്യയെ നോക്കുകുത്തിയാക്കി ഭർത്താക്കന്മാർ ഭരണം നടത്തുന്ന രീതി സ്ത്രീശാക്തീകരണത്തെ തടസപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം സമ്പ്രദായം സ്ത്രീകളെ "മുഖമില്ലാത്ത സർപഞ്ചുമാരായി" മാറ്റുകയും സ്വയംഭരണം, പൊതുകാര്യങ്ങളിലുള്ള അവരുടെ ശബ്ദം എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു

ഒഡീഷയിലെ ഛപ്രിയ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തുരെച്ചാഡ ഗ്രാമത്തിലെ 'ഗാവ് സാഥി' മനോജ് കുമാർ മംഗരാജ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ഇത്തരം വിഷയങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യണമെന്നും അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ അടിത്തറ തന്നെ അപകടത്തിലാകുമെന്നും പഞ്ചായത്ത് രാജിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അന്തസ്സ് ലംഘിക്കുന്നതുമാണ് ഈ രീതിയെന്നും കോടതി എടുത്തുപറഞ്ഞു.

സർപഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭർത്താവ് തന്റെ ചുമതല നിർവഹിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മനോജ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം സമ്പ്രദായം സ്ത്രീകളെ "മുഖമില്ലാത്ത സർപഞ്ചുമാരായി" മാറ്റുകയും സ്വയംഭരണം, പൊതുകാര്യങ്ങളിലുള്ള അവരുടെ ശബ്ദം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രോക്‌സി സർപഞ്ചുമാർക്കെതിരെ (ഭാര്യമാരുടെ മറവിൽ ഭരണം നടത്തുന്ന ഭർത്താക്കന്മാർ) സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കണമെന്ന് പഞ്ചായത്ത് രാജ് വകുപ്പ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. വനിതാ സർപഞ്ചുമാരുടെ ഭരണശേഷി വർധിപ്പിക്കാനുള്ള പരിശീലനം നൽകുന്നതിനുള്ള നടപടികളുടെ റിപ്പോർട്ടും തെറ്റുകാരായ പ്രോക്സി സർപഞ്ചുമാർക്കെതിരെ ജില്ലാതലത്തിൽ പരാതി പരിഹാര സംവിധാനം ലഭ്യമാണോ എന്ന വിവരവും കോടതി തേടി.

രാജ്യത്തിന്റെ താഴെത്തട്ടിലുള്ള രാഷ്ട്രീയ വ്യവസ്ഥ നേരിടുന്ന ഭീഷണിയാണ് പ്രോക്സി സർപഞ്ചുമാരെന്ന് ഹർജിക്കാരന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിന് പകരം യഥാർത്ഥ തീരുമാനങ്ങൾ എടുക്കാനുള്ള രാഷ്ട്രീയ അധികാരം കയ്യാളുന്നത് പുരുഷപങ്കാളിയാണെന്നും അദ്ദേഹം വാദിച്ചു. 'ഗാവ് സാഥി'കളുടെ നിയമനത്തിലും പിരിച്ചുവിടലിലുമെല്ലാം സർപാഞ്ചിന്റെ ഭർത്താവാണ് പ്രധാന പങ്ക് വഹിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഭർത്താക്കന്മാർ ഗ്രാമ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇത്തരം സാഹചര്യങ്ങൾക്ക് സ്ത്രീകൾ സ്വമേധയാ അനുവാദം നൽകുകയാണെന്നായിരുന്നു അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം