INDIA

പിഎച്ച്ഡി പ്രവേശനത്തില്‍ ഗ്രേഡിങ്ങിന് അടിസ്ഥാനം ജാതി; ഹൈദരാബാദ് സര്‍വകലാശാലയ്ക്കെതിരെ ആരോപണവുമായി എഎസ്‌എ

സര്‍വകലാശാലയില്‍ നടന്ന അഭിമുഖങ്ങളില്‍ വിവേചനപരമായ ഗ്രേഡിങ് നടന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

വെബ് ഡെസ്ക്

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തില്‍ വിവേചനപരമായി ഗ്രേഡിങ് നടക്കുന്നതായി ആക്ഷേപം. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ) റിപ്പോര്‍ട്ടിലാണ് പിഎച്ച്ഡി പ്രവേശനത്തില്‍ ജാതി അടിസ്ഥാനമാക്കി ഗ്രേഡിങ് നല്‍കുന്നതായി ആക്ഷേപം ഉന്നയിക്കുന്നത്. വിവരാവകാശത്തിലൂടെ ശേഖരിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പിഎച്ച്ഡി ഉദ്യോഗാര്‍ഥികളുടെ ഗ്രേഡിങ്ങില്‍ ജാതി ഒരു അടിസ്ഥാന ഘടകമാണെന്ന് വ്യക്തമാക്കുന്നത്.

ജാതി മേധാവിത്വമനുസരിച്ച് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ ഏറ്റക്കുറച്ചിലുകള്‍

പ്രവേശന പരീക്ഷയില്‍ തുല്യമാര്‍ക്ക് ലഭിച്ച സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണമില്ലാത്ത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ അപേക്ഷിച്ച് അഭിമുഖത്തില്‍ മാര്‍ക്ക് കുറവാണെന്നാണ് പ്രധാന ആരോപണം. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ നടന്ന അഭിമുഖങ്ങളില്‍ ഇത്തരം വിവേചനപരമായ ഗ്രേഡിങ് നടന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്എ പുറത്തുവിട്ട റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ എസ്‌സി, എസ്ടി വിഭാഗങ്ങളിലെ 19,000 വിദ്യാര്‍ഥികള്‍ ഐഐടികളില്‍ നിന്നും ഐഐഎമ്മുകളില്‍ നിന്നും കൊഴിഞ്ഞുപോകുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ വെളിപ്പെടുത്തല്‍.

കമ്പ്യൂട്ടര്‍ സയന്‍സ്, പ്ലാന്റ് സയന്‍സ്, ബയോകെമിസ്ട്രി, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, മൈക്രോബയോളജി എന്നി ഡിപ്പാര്‍ട്ടുമെന്റുകളിലെ പിഎച്ച്ഡി അഭിമുഖങ്ങളുടെ മാര്‍ക്ക് വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, കമ്പ്യൂട്ടര്‍ സയന്‍സിലെ സംവരണമില്ലാത്ത വിഭാഗത്തിലെ ടോപ്പര്‍മാരായ അഞ്ച് പേരുടെ ശരാശരി പ്രവേശന പരീക്ഷ മാര്‍ക്ക് 41.4 ഉം അഭിമുഖ മാര്‍ക്ക് 24.6 ഉം ആണ്. അതേസമയം, ഒബിസി വിഭാഗത്തിലെ ടോപ്പര്‍മാരുടെ ശരാശരി പരീക്ഷാ മാര്‍ക്ക് 40 ഉം അഭിമുഖത്തിലെ ശരാശരി 17.2 ഉം ആണ്. എസ്‌സി, എസ്ടി വിഭാഗങ്ങളിലെ അഞ്ച് ടോപ്പര്‍മാരുടെ ശരാശരി പ്രവേശന പരീക്ഷാ മാര്‍ക്ക് യഥാക്രമം 30.2 , 25.4 എന്നിവയാണ്. അവരുടെ അഭിമുഖ ശരാശരി 12, 6.6 എന്നിങ്ങനെയും

ജാതി മേധാവിത്വമനുസരിച്ച് വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ ഏറ്റക്കുറച്ചിലുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെറ്റീരിയല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് 40 മാര്‍ക്കുണ്ടായ ഒബിസി വിഭാഗത്തിലെ വിദ്യാര്‍ഥിക്ക് അഭിമുഖത്തില്‍ 2.4 മാര്‍ക്കും എസ് സി വിഭാഗത്തിലെ ഉദ്യോഗാര്‍ഥിക്ക് പൂജ്യം മാര്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന ഈ വിവേചനപരമായ ഗ്രേഡിങ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി അസമത്വങ്ങള്‍ക്ക് സമാനമായതാണെന്ന് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ദളിത്, ആദിവാസി വിദ്യാര്‍ഥികള്‍ 2021-ലെ പിഎച്ച്ഡി അഭിമുഖത്തില്‍ തുടര്‍ച്ചയായി കുറഞ്ഞ മാര്‍ക്കാണ് ലഭിക്കുന്നതെന്ന് ആരോപിച്ചതും ചർച്ചയായിരുന്നു. സര്‍വകാലാശാലയിലെ ഗ്രേഡിങ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ നിര്‍വചിക്കണം, ഫാക്കല്‍റ്റി അംഗങ്ങളില്‍ നിന്നുള്ള വ്യക്തിഗത മാര്‍ക്ക് നല്‍കുകയും രേഖപ്പെടുത്തുകയും ചെയ്യുക, പ്രവേശനം ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കായി പിഎച്ച്ഡി പ്രവേശന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക, ഒരു വിദ്യാര്‍ഥിക്കും പൂജ്യം മാര്‍ക്ക് നല്‍കി തള്ളിക്കളയരുത് എന്നിവ സമിതിയുടെ മറ്റ് ആവശ്യങ്ങളില്‍ പെടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ