പഞ്ചാബ് പോലീസ് തിരച്ചില്‍ ശക്തമാക്കുമ്പോള്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ വീഡിയോ സന്ദേശം പുറത്തുവിട്ട് ഖലിസ്ഥാന്‍ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്. പഞ്ചാബ് പോലീസിന് മുന്നില്‍ കീഴടങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ സന്ദേശം. അധികകാലം ഒളിവില്‍ തുടരില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ഉടനെത്തുമെന്നും അമൃത്പാല്‍ പറയുന്നു.
'' ഞാനൊരു കുറ്റവാളിയില്ല, പക്ഷെ വിമതനാണ്. എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദ്യേശിക്കുന്നില്ല. ഉടന്‍ തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തും'' - അമൃത്പാല്‍ പറയുന്നു.
കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളേയും വാര്‍ത്തകളേയും വാരിസ് പഞ്ചാബ് ദേ' തലവന്‍ തള്ളുന്നു. സര്‍ക്കാരിനെ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പോലീസിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ഉറപ്പിച്ച് പറയുന്നു. നിങ്ങളെക്കൊണ്ടാകുന്നത് ചെയ്യൂ എന്നാണ് പോലീസിനോടുള്ള അമൃത്പാലിന്റെ വെല്ലുവിളി.
തന്റെ മൂന്ന് ഉപാധികൾ അംഗീകരിക്കുകയാണെങ്കില്‍ അമൃത്സറിൽ കീഴടങ്ങാൻ തയാറാണെന്ന് അമൃത്പാൽ അറിയിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. അമൃത്സറില്‍ സുവർണക്ഷേത്രവും സമീപ പ്രദേശങ്ങളും പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലാണ്.
സിഖുകാരുടെ കാര്‍ഷികോത്സവമായ ബൈസാഖി ആഘോഷത്തിനൊരുങ്ങാനും അമൃത്പാല്‍ ആഹ്വാനം ചെയ്യുന്നു. സാഹചര്യം സങ്കീര്‍ണമാണെങ്കിലും, ആഘോഷത്തില്‍ നിന്ന് ആരും വിട്ടുനില്‍ക്കരുതെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.
ബുധനാഴ്ച പുറത്ത് വിട്ട വീഡിയോ പോലീസ് കസ്റ്റഡിയില്‍ വച്ച് എടുത്തതാണെന്ന് സംശയിക്കേണ്ടെന്ന് അണികളോട് അമൃത്പാല്‍ വ്യക്തമാക്കുന്നു. താന്‍ തന്നെയാണ് വീഡിയോ എടുത്തതെന്നും വിശദീകരിക്കുന്നു. സര്‍ക്കാരിന് തന്നെ ഭയമാണെന്നും ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആദ്യ വീഡിയോ . അറസ്റ്റിലായ സിഖ് യുവാക്കള്‍ക്കായി രംഗത്തിറങ്ങണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ ഖാലിസ്ഥാന്‍ നേതാവ് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. അതിനു ശേഷം നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയെന്ന് ആർക്കുമറിയില്ല. നേപ്പാളിലേക്ക് കടന്നുവെന്നടക്കം വാർത്തകൾ പുറത്തുവന്നു. എന്നാൽ ഒരു തവണ പോലും കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
അനുയായികളെ വിട്ടുകിട്ടാൻ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം ആറിലേറെ കേസുകളാണ് അമൃത്പാലിനെതിരെയുള്ളത്. ഫെബ്രുവരി 24ന് അമൃത്പാലും അനുയായികളും പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടന്ന് നിരവധി പോലീസുകാർക്ക് പരുക്കേറ്റിരുന്നു.