INDIA

പ്രതിപക്ഷ സംഗമത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ ഐഎഎസുകാര്‍; കർണാടക സർക്കാരിനെതിരെ ഗവർണറെ സമീപിച്ച് ബിജെപിയും ജെഡിഎസും

ദ ഫോർത്ത് - ബെംഗളൂരു

ബംഗളുരുവിൽ ചേർന്ന പ്രതിപക്ഷ സംഗമത്തിനെത്തിയ  നേതാക്കന്മാരെ സ്വീകരിക്കാൻ  സംസ്ഥാനത്തെ ഐ എഎസ്  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കർണാടകയിലെ പ്രതിപക്ഷം ഗവർണറെ കണ്ട് പരാതി നൽകി. ബിജെപിയും ജെഡിഎസും സംയുക്തമായാണ്  ഗവർണർ തവർ ചന്ദ് ഗെഹലോട്ടിനെ  പരാതിയുമായി സമീപിച്ചത്.

അധികാര ദുർവിനിയോഗമെന്ന് പ്രതിപക്ഷം

ജൂലൈ 17, 18 തിയ്യതികളിലായിരുന്നു എൻഡിഎക്കെതിരെ  വിശാല പ്രതിപക്ഷ നേതൃ യോഗം ബംഗളുരുവിൽ നടന്നത് . 26 രാഷ്ട്രീയ പാർട്ടികളുടെ അൻപതോളം നേതാക്കളാണ്  ഇതിനായി  എത്തി ചേർന്നത്. ബെംഗളൂരു എച് എ എൽ വിമാനത്താവളത്തിലും, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി നേതാക്കളെ സ്വീകരിക്കാൻ  കർണാടകയിലെ ഐഎഎസ്  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്  അധികാര ദുർവിനിയോഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.

ഇതേ ചൊല്ലി കഴിഞ്ഞ ദിവസം നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്ക്പോര് മുറുകുകയും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. സമ്മേളനത്തിനെത്തിയ ചില നേതാക്കൾ സർക്കാരിന്റെ അതിഥികളാണെന്നും അവരെ സ്വീകരിക്കാനാണ് ഐ എ എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. ഇതിൽ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും  സ്പീക്കർ കസേരയിലുണ്ടായിരുന്ന രുദ്രപ്പ ലാമാനിക്കു നേരെ ബിൽ കീറി എറിയുകയും ചെയ്തിരുന്നു. ഇതോടെ സ്‌പീക്കർ യു ടി ഖാദർ സഭയിലെ 10 ബിജെപി എംഎൽഎ മാരെ സസ്പെൻഡ് ചെയ്തു.

സഭയില്‍ പ്രതിഷേധിച്ച 10 ബിജെപി അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍

എംഎൽഎമാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  ബിജെപി നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. ബിജെപിക്കു പിന്തുണമായുമായി ജെഡിഎസിന്റെ നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമിയും ധർണ ഇരുന്നു . ശേഷം ഇരു കക്ഷികളുടെയും നേതാക്കളും എം എൽ എ മാരും ചേർന്നായിരുന്നു രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. കർണാടകയിൽ ജെഡിഎസ്  ബിജെപി പാളയത്തോടടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ്  നിയമസഭയിലും പുറത്തും ബിജെപി നേതാക്കൾക്കൊപ്പം  എച് ഡി കുമാരസ്വാമിയുടെ സാന്നിധ്യം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്