ഐസിസി ടൂര്‍ണമെന്റില്‍ ഇനിമുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുകയായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഡര്‍ബനില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
'' ഇത് കായിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. ഐസിസി ആഗോള ഇവന്റുകളില്‍ മത്സരിക്കുന്ന പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനിമുതല്‍ തുല്യമായ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്,'' ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പ്രസ്താവനയില്‍ പറഞ്ഞു.
'2017 മുതല്‍ തുല്യ സമ്മാനത്തുകയിലെത്തുന്നതിനായി വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ വര്‍ഷവും വനിതാ ഇവന്റുകളില്‍ ഞങ്ങള്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടുന്നവര്‍ക്ക് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടുന്നവര്‍ക്ക് നല്‍കുന്നതിന് തുല്യമായ സമ്മാനത്തുക നല്‍കും. ട്വന്റി 20 ലോകകപ്പുകള്‍ക്കും അണ്ടര്‍ 19 ലോകകപ്പുകള്‍ക്കും ഇതേ രീതിയില്‍ തന്നെ നല്‍കുകയും ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു പുതിയ പ്രഭാതത്തിന്റെ തുടക്കം. സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും യുഗം,'' എന്നാണ് ഐസിസിയെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്‍ കുറിച്ചത്.
ഈ വര്‍ഷം ആദ്യം നടന്ന വനിതാ ട്വന്റി 20 ലോകകപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുകയാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 500,000 ഡോളര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് പുരുഷ ടീമിന് 1.6 മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു. ഫൈനലില്‍ പരാജയപ്പെട്ട പാകിസ്താന് 800,000 ഡോളറും ലഭിച്ചു.