ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റ ബാങ്കിൽനിന്ന് ഡേറ്റ ചോർന്ന സംഭവത്തിൽ നാല് പേർ ഡൽഹിയിൽ അറസ്റ്റിൽ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോർച്ച കണ്ടെത്തി രണ്ട് മാസത്തിനുശേഷമാണ് അറസ്റ്റ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ.
ഒക്ടോബറിലാണ് 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നതായി കണ്ടെത്തുന്നത്. ഐസിഎംആറിന്റെ ഡേറ്റാബേസില്‍നിന്ന് വിവരങ്ങൾ ചോർന്ന സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയാണെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
അറസ്റ്റിലായവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ (എഫ്ബിഐ) വിവരങ്ങളും പാകിസ്താനിൽ 'ആധാറി'ന് സമാനമായി ഉപയോഗിക്കുന്ന കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) എന്നിവയുടെ വിവരങ്ങളും പ്രതികൾ ചോർത്തിയതായാണ് മൊഴി. ഡൽഹി, യുപി, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം ആദ്യമാണ് ഡേറ്റ ചോർച്ചയിൽ ഡൽഹി പൊലിസ് സ്വമേധയാ കേസെടുത്തതെന്നും ഒഡിഷയിൽനിന്നുള്ള ബി ടെക് ബിരുദധാരി, ഹരിയാനയിൽനിന്നുള്ള രണ്ട് പേർ, ഝാൻസിയിൽനിന്നുള്ള ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ഡൽഹി കോടതിയിൽ ഹാജരാക്കിയതെന്നും കേന്ദ്ര ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രതികളെല്ലാം മൂന്ന് വർഷം മുമ്പ് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിൽ കണ്ടുമുട്ടി പിന്നീട് സൗഹൃദ ബന്ധത്തിലേക്കെത്തിയവരാണ്. പെട്ടെന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചാണ് ഇവർ കുറ്റകൃത്യം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഹാക്കിങ്, ഫിഷിങ് തുടങ്ങിയ സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് (സിഇആർടി-ഇൻ) ഇക്കാര്യത്തെപ്പറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് സംബന്ധിച്ച് ഡേറ്റയുടെ ആധികാരികതയെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ആദ്യം പരിശോധിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അടിയന്തര അന്വേഷണത്തിന്റെ ഫലമാണ് നാല് പേരുടെ അറസ്റ്റിലേക്കെത്തിച്ചത്. 'എങ്ങനെയാണ് ഇവർ ഡേറ്റ ചോർത്തിയത്' സംബന്ധിച്ച ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഒക്ടോബര്‍ ഒൻപതിനാണ്, 'പി ഡബ്ലിയൂ എൻ 0001' ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അമേരിക്കന്‍ ഏജന്‍സി സെക്യൂരിറ്റി വെളിപ്പെടുത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള ഒരു ലക്ഷം ഫയലുകളുണ്ടെന്നാണ് വിവരം.
സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് രണ്ട് മാസം മുൻപ് ഐസിഎംആർ ഡേറ്റ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.
കഴിഞ്ഞ മാസം, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഡേറ്റ ചോർച്ചയുടെ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ പൂർണമായും ഡാറ്റ ചോർന്നിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരിശോധന പട്ടിക, വാക്‌സിനേഷൻ, രോഗനിർണയം മുതലായവയുമായി ബന്ധപ്പെട്ട കോവിഡ് ഡേറ്റകളുടെ ഡേറ്റാബേസുകളിലേക്ക് നിരവധി ആളുകൾക്ക് പ്രവേശനം ഉണ്ടായിരുന്നതിനാൽ അവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയത്.