INDIA

'നിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കും'; കോസ്റ്റ് ഗാര്‍ഡ് കേസില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

വെബ് ഡെസ്ക്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ അന്ത്യശാസനം നൽകി സുപ്രീംകോടതി. വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന കേന്ദ്രത്തിന്റെ പുരുഷാധിപത്യ മനോഭാവത്തെ നേരത്തെ തന്നെ ചോദ്യം ചെയ്ത കോടതി ഇന്ന് നടന്ന വാദത്തിൽ 'സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കുമെന്ന്' താക്കീതും നല്‍കി.

ഇത്തരത്തിലുള്ള വാദങ്ങൾ 2024 കാലഘട്ടത്തിൽ നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഇല്ലെങ്കിൽ സ്വയമേവ നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.

കേസിൽ മാർച്ച് ഒന്നിന് കോടതി വീണ്ടും വാദം കേൾക്കും. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കോസ്റ്റ് ഗാര്‍ഡ് കേസില്‍ ഫെബ്രുവരി 19ന് നടന്ന വാദത്തിൽ കരസേനയും നാവികസേനയും വനിതകൾക്ക്‌ പെർമനന്റ്‌ കമ്മീഷൻ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കോസ്‌റ്റ്‌ ഗാർഡിന്‌ മാത്രം മാറി നിൽക്കാൻ കഴിയില്ലെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. കരസേനയില്‍നിന്നും നാവികസേനയില്‍നിന്നും വ്യത്യസ്തമാണ് കോസ്റ്റ് ഗാര്‍ഡെന്നായിരുന്നു അറ്റോണി ജനറലിന്റെ മറുപടി.

നാരീശക്തി എന്ന് ആവര്‍ത്തിക്കുന്നവര്‍ അക്കാര്യം പ്രാവര്‍ത്തികമാകാണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു.

കോസ്റ്റ് ഗാർഡിൻ്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ 'അനാസ്ഥ' എന്ന ചോദ്യമുന്നയിച്ചാണ് കഴിഞ്ഞ വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയർത്തിയത്. 'എന്തുകൊണ്ട് നിങ്ങൾക്ക് കോസ്റ്റ് ഗാർഡിൽ സ്ത്രീകളെ ആവശ്യമില്ല, സ്ത്രീകൾക്ക് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ, അവർക്ക് ബീച്ചുകളും സംരക്ഷിക്കാൻ കഴിയും, നാരീശക്തി എന്ന് ആവര്‍ത്തിക്കുന്നവര്‍, അത് പ്രാവര്‍ത്തികമാക്കൂ,' ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പറഞ്ഞു.

നാവികസേനയടക്കം സ്ഥിരം കമ്മിഷന്‍ അനുവദിക്കുമ്പോള്‍ കോസ്റ്റ്ഗാര്‍ഡ് പിന്നാക്കം പോകുന്നത് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ പോളിസി നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരസേനയിലും നാവികസേനയിലും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധികൾ പ്രിയങ്ക ത്യാഗി കോടതിയിൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിക്കാരിയായ പ്രിയങ്ക ത്യാഗി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായില്ല, തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്