INDIA

ബോംബെ ഐഐടി വിദ്യാർഥിയുടെ ആത്മഹത്യ: ജാതി വിവേചനം വ്യക്തമാക്കുന്ന ചാറ്റുകൾ പുറത്ത്; എസ്ഐടിക്ക് കത്തെഴുതി പിതാവ്

ജാതി വിവേചനത്തിനും പീഡനത്തിനും വിധേയനായതിന്റെ തെളിവുകൾ ഇൻസ്റ്റാഗ്രാം ചാറ്റിൽ നിന്ന് ദർശന്റെ മൂത്ത സഹോദരി ജാൻവി അടുത്തിടെ കണ്ടെത്തിയിരുന്നു

വെബ് ഡെസ്ക്

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജാതി വിവേചനം നേരിട്ടതിനുള്ള തെളിവുകൾ പുറത്ത്. കോളേജിലെ ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന ദർശൻ സോളങ്കിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നിർണായകമായ തെളിവുകൾ ലഭിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ദർശന്റെ പിതാവ് രമേശ് സോളങ്കി മകന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബോംബെ എസ്എടിക്ക് കത്തെഴുതി. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

ദർശനെ ഭീഷണിപ്പെടുത്താൻ സഹപാഠി ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കട്ടർ മുംബൈ പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി) കണ്ടെത്തിയിരുന്നു. എന്നാൽ പഠനരംഗത്തെ മോശം പ്രകടനമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണമെന്നായിരുന്നു എസ്ഐടിയുടെ റിപ്പോർട്ട്. പട്ടികജാതിയിൽപ്പെട്ട ആളായതിനാൽ ദർശൻ ജാതി വിവേചനത്തിനും പീഡനത്തിനും വിധേയനായതിന്റെ തെളിവുകൾ ഇൻസ്റ്റാഗ്രാം ചാറ്റിൽ നിന്ന് ദർശന്റെ മൂത്ത സഹോദരി ജാൻവി അടുത്തിടെ കണ്ടെത്തിയിരുന്നു. അത് പോലെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സഹപാഠി അർമാൻ ഖത്രിയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള കത്തും മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു.

ഐഐടി ബോംബെയിൽ പഠിക്കുന്ന കാലത്ത് ദർശൻ ജാതിപരമായ വിവേചനം നേരിട്ടിരുന്നുവെന്നും, ദർശനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വിദ്യാർഥി അർമാൻ ഖത്രിയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള കത്ത് മുറിയിൽ നിന്ന് കണ്ടെടുത്തെങ്കിലും ജാതി വിവേചനം പോലീസ് തള്ളിക്കളയുന്നത് ആശങ്കാജനകമാണെന്നും പിതാവ് കത്തിൽ വ്യക്തമാക്കി. 2023 ഫെബ്രുവരി 7ന് സഹവിദ്യാർഥി ജെഇഇ അഡ്വാൻസ്ഡ് റാങ്ക് ചോദിച്ചതായി ദർശൻ ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഐഐടി ബോംബെയിലുള്ളവർ ദർശന്റെ വിവരങ്ങൾ പരസ്യമാക്കിയതായും ഇത് ജാതി പറഞ്ഞ് ഒറ്റപ്പെടുത്താനും പരിഹസിക്കാനും കാരണമായെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. ദർശൻ നേരിടേണ്ടി വന്ന ജാതി വിവേചനം എസ്ഐടി അന്വേഷിക്കണമെന്നും പിതാവ് രമേശ് സോളങ്കി ആവശ്യപ്പെട്ടു.

എന്നാൽ ഈ ആരോപണങ്ങളെക്കുറിച്ച് എസ്ഐടി ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. പക്ഷെ സുപ്രധാന തെളിവുകൾ പീഡനത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ അന്വേഷണം തുടരാൻ കുടുംബം എസ്ഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യയെ തുടർന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്ലോൺ ചെയ്ത പകർപ്പുകൾ പോലീസ് നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ അന്വേഷണത്തിന്റെ മറവിൽ തെളിവുകൾ കുഴിച്ചുമൂടുമെന്ന ആശങ്കയും പിതാവ് പ്രകടിപ്പിച്ചു. ദർശന്റെ ആത്മഹത്യയിൽ ഐഐടി ബോംബെ കുടുംബത്തെ അനുശോചനം അറിയിച്ചെങ്കിലും ജാതി വിവേചനവും, പീഡനവും നടന്നതായി ഇത് വരെ അംഗീകരിച്ചിട്ടില്ല. കൊലപാതകത്തിന്റെയും, പീഡനത്തിന്റെയും സാധ്യതകൾ ഐഐടി നിഷേധിക്കുകയും ചെയ്തു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി