INDIA

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി

സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി എതിർത്താല്‍ മാത്രം പോര ഉന്മൂലനം ചെയ്യണമെന്നും ആഹ്വാനം ചെയ്തു

വെബ് ഡെസ്ക്

സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തില്‍ മാപ്പുപറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ ഉദയനിധി സ്റ്റാലിൻ. സ്ത്രീകളെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് താൻ സംസാരിച്ചതെന്നും ഉദയനിധി വ്യക്തമാക്കി. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതായും ദ്രാവിഡ നേതാക്കളായ പെരിയാർ, മുൻ മുഖ്യമന്ത്രിമാരായ സി എൻ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ വീക്ഷണങ്ങളേയാണ് താൻ പ്രതിധ്വനിക്കുന്നതെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

"സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് അനുവാദമില്ല. തങ്ങളുടെ വീടുവിട്ട് പുറത്തിറങ്ങാൻ അവർക്ക് കഴിയുന്നില്ല. ഭർത്താക്കന്മാർ മരിച്ചാല്‍ അവരും മരണത്തിന് കീഴടങ്ങണം. പെരിയാർ ഇതിനെല്ലാം എതിരെ സംസാരിച്ച വ്യക്തിയാണ്. പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്തത്," ഉദയനിധി വ്യക്തമാക്കി.

2023 സെപ്റ്റംബറിലായിരുന്നു സനാതാന ധർമത്തെക്കുറിച്ച് ഉദയനിധി പരാമർശിച്ചത്. സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി എതിർത്താല്‍ മാത്രം പോര ഉന്മൂലനം ചെയ്യണമെന്നും ആഹ്വാനം ചെയ്തു. സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണ് സനാതന ധർമമെന്നും ഉദയനിദി അന്ന് പറഞ്ഞു. ഉദയനിധിയുടെ പരാമർശങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. നിരവധി കേസുകളും ഉദയനിധിക്കെതിരെ രജിസ്റ്റർ ചെയ്തു.

"എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ കോടതികളില്‍ എനിക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. അവരെന്നോട് മാപ്പുപറയാൻ നിർദേശിച്ചു. പക്ഷേ, ഞാൻ പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്. ഞാൻ കലൈഞ്ജറുടെ കൊച്ചുമകനാണ്, ക്ഷമാപണം നടത്തില്ല, കേസുകളെ നേരിടും," ഉദയനിധി പറഞ്ഞു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉദയനിധി ആരോപിച്ചു. തമിഴ്‌നാട് സംസ്ഥാനഗീതത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട മാറ്റങ്ങള്‍ ഇതിന് തെളിവാണെന്നും ഉദയനിധി ചൂണ്ടിക്കാണിക്കുന്നു. ദ്രാവിഡ സംസ്കാരത്തെ എടുത്തുകാണിക്കുന്ന വരികള്‍ ഒഴിവാക്കിയത് മനഃപൂർവമാണെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ശ്രമം നടക്കുന്നതിനാല്‍, കുട്ടികള്‍ക്ക് തമിഴ്‌ വാക്കുകള്‍ ഉപയോഗിച്ചുള്ള പേരുകള്‍ നല്‍കാൻ എല്ലാവരും തയാറാകണം. ഗവർണർ ആർ എൻ രവി പങ്കെടുത്ത ഹിന്ദി മാസാചരണ പരിപാടിയിലായിരുന്നു തമിഴ്‌നാട് സംസ്ഥാന ഗീതത്തില്‍ നിന്ന് 'ദ്രാവിഡ നല്‍ തിരുനാട്' എന്ന ഭാഗം ഒഴിവാക്കിയത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല