INDIA

ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് വിഎച്ച്പി, നൂഹിൽ മുസ്ലിം വിരുദ്ധ ആവശ്യങ്ങളുമായി വീണ്ടും യാത്രയ്ക്ക്

നൂഹ് ജില്ല ഒഴിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് നൂഹ്

വെബ് ഡെസ്ക്

ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തിന് കാരണമായ വിഎച്ച്പിയുടെയും ബജ്റംഗ്‍ദളിന്റെയും ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര ഓഗസ്റ്റ് 28 ന് പുനരാരംഭിക്കും. ഇന്ന് നടന്ന ഹിന്ദു മഹാപഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. നൂഹിലെ നല്‍ഹാറില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്നും ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുമെന്നും തീരുമാനമായിട്ടുണ്ട്.

യോഗത്തില്‍ നിരവധി ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവച്ചു. നൂഹ് വര്‍ഗ്ഗീയ കലാപത്തില്‍ ഹരിയാന സര്‍ക്കാരല്ല അന്വേഷണം നടത്തേണ്ടതെന്നും പകരം എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. നൂഹ് ജില്ല ഒഴിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് നൂഹ്.

യാത്ര പുനരാരംഭിക്കാനുള്ള ചര്‍ച്ച നൂഹില്‍ നടത്താനിരുന്നതായിരുന്നു. എന്നാല്‍ പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പല്‍വാറില്‍ നിശ്ചയിക്കുകയായിരുന്നു.

പ്രദേശത്ത് നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പശുക്കടത്താണെന്നാണ് യോഗത്തിലെ പ്രധാന ആരോപണം. സുരക്ഷ ഉറപ്പാക്കാന്‍ നൂഹില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും മഹാപഞ്ചായത്ത് യോഗത്തിൽ ആവശ്യമുയർന്നു.

വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിന് ഒരു കോടിയും പരുക്കേറ്റവർക്ക് 50 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നൂഹിലെയും പല്‍വാറിലെയും ആളുകള്‍ക്ക് സ്വയം പ്രതിരോധത്തിനായി സര്‍ക്കാര്‍ ആയുധം നല്‍കണമെന്നുളളതും പ്രധാന ചർച്ചാ വിഷയമായിരുന്നു.

നൂഹ് അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റണം, റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ജില്ലയില്‍ നിന്ന് പുറത്താക്കണം എന്നിവയും യോഗത്തിലെ പ്രധാന ആവശ്യങ്ങളാണ്.

അതേസമയം, യോഗത്തിനിടയിൽ കലാപഹ്വാനവും നടന്നിരുന്നു. ഹരിയാനയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വകവെയ്ക്കാതെയായിരുന്നു കലാപാഹ്വാനം.

പല്‍വാര്‍ ജില്ലയില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാർക്ക് നേരെയാണ് ഹിന്ദു സംഘടനാ പ്രവർത്തകർ ഭീഷണി മുഴക്കിയത്. ആരെങ്കിലും വിരല്‍ ഉയര്‍ത്തിയാല്‍ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ബ്ജ്‌റംഗ് ദളിന്റെയും വിശ്വഹിന്ദ് പരിഷത്തിനും മഹാപഞ്ചായത്ത് നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു

നിരവധി ഉപാധികളോടെയാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നത്. ആരും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തില്ല. ആയുധങ്ങളോ മറ്റ് ഉപകരണങ്ങളോ കയ്യില്‍ വയ്ക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ബ്ജ്‌റംഗ് ദളിന്റെയും വിശ്വഹിന്ദ് പരിഷത്തിനും മഹാപഞ്ചായത്ത് നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. ഈ സംഘടനകളിലെ അംഗങ്ങള്‍ യോഗത്തിലുണ്ടായിരുന്നു. യോഗത്തിന് ശേഷം യാത്രയില്‍ എല്ലാവരോടും പങ്കെടുക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ