ഛത്തീസ്‌ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നടന്ന പോലീസ് വെടിവെപ്പിൽ 12 പേര്‍ കൊല്ലപ്പെട്ടതില്‍ ഗുരുതരമായ ആരോപണവുമായി കുടുംബാംഗങ്ങള്‍. സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നുവെന്നായിരുന്നു പോലീസ് വെളിപ്പെടുത്തൽ. എന്നാൽ ഇത് കളവാണെന്നും നിരായുധരായ ആദിവാസികളെ പോലീസ് വളഞ്ഞിട്ട് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നുമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം.
ജാതിക്ക പോലെയുള്ള ചെറിയ കായകളുണ്ടാവുന്ന തെൻദു മര(ബീഡി മരം)ത്തിന്റെ ഇലകൾ ശേഖരിച്ച് വില്‍ക്കുന്നവരെയാണ് പോലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചതെന്ന് കൊല്ലപ്പെട്ടവരില്‍ ചിലരുടെ കുടുംബങ്ങൾ ആരോപിച്ചു.
ബിജാപൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ പീഡിയ ഗ്രാമത്തിലാണ് വെള്ളിയാഴ്ച 12 പേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളായ ഇവരെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നായിരുന്നു പോലീസ് അറിയിച്ചത്.
കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റിന്റെ കണ്ണും കാതുമായ സൈനിക കേഡര്‍മാരാണെന്നും മറ്റ് ആറു പേര്‍ മിലിഷ്യ അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും റെവല്യൂഷണറി പീപ്പിള്‍സ് കമ്മിറ്റി (ആര്‍പിസി) അംഗങ്ങളും മിലിഷ്യ കമാന്‍ഡര്‍മാരാണെന്നുമാണ് സുരക്ഷാ സേന പറയുന്നത്. ഏറ്റവും താഴെ റാങ്കുള്ള മിലിഷ്യ കേഡര്‍മാരുടെ തലയ്ക്കു 10,000 മുതല്‍ 30,000 വരെ അടങ്ങുന്ന 31 ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.
നിബിഡ വനത്തില്‍ സ്ഥിതി ചെയ്യുന്ന പീഡിയ ഗ്രാമത്തിലേക്കെത്തിച്ചേരാന്‍ അഞ്ച് പോലീസ് ചെക്ക്‌പോസ്റ്റുകള്‍ കടന്നുപോകണം. ഗ്രാമത്തില്‍ മൊബൈല്‍ കണക്ട്‌വിറ്റിയില്ല. ഗ്രാമത്തിന്റെ ഏറ്റവും അടുത്തുള്ള ചന്തയായ ഗങ്കലൂര്‍ 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
സുരക്ഷാ സേന ഗ്രാമത്തിലേക്കു പ്രവേശിക്കുന്ന സമയത്ത്, കൊല്ലപ്പെട്ടവര്‍ തെൻദു മരത്തിന്റെ ഇലകൾ പറിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട സനു ഹവ്‌ലം, ഓയം ഭീമ, ദുല താമോ, ജൊഗ ബാര്‍സെ എന്നിവരുടെ കുടുംബം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുകയും വളയുകയുമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ബീഡിയുണ്ടാക്കാന്‍ വേണ്ടിയാണു തെൻദു ഇലകൾ ഉപയോഗിക്കുന്നത്. ഇല പറിക്കുന്ന സമയത്ത് അവരോടൊപ്പമുണ്ടായ സ്ത്രീകളും പുരുഷന്മാരുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. കൊല്ലപ്പെട്ട12 പേരെ കൂടാതെ മറ്റു ചില പുരുഷന്മാരെയും പോലീസ് വളഞ്ഞിരുന്നുവെന്നും പിറ്റേദിവസം അവരെ വിട്ടയയ്ക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
''സുരക്ഷാ സേന ഇവരെ ഒരു മൂലയിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ എഴുന്നേറ്റു നില്‍ക്കുകയും തങ്ങള്‍ സാധാരണ ജനങ്ങളാണെന്ന് പറയുകയും ചെയ്തു. പക്ഷേ അദ്ദേഹത്തെ വെടിവെച്ചുവീഴ്ത്തി. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ശനിയാഴ്ച ഇവര്‍ തിരിച്ചെത്തുമ്പോഴാണ് ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്,'' ഒയാം ഭീമയുടെ പിതാവ് മങ്കു ഒയാം പറഞ്ഞു.
സനു ഹവ്‌ലത്തിന്റെ അറസ്റ്റിന് പാരിതോഷികമായ 30,000 രൂപയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്ന ഉത്തരമാണ് മാതാവ് സുക്ലേ നല്‍കിയത്. ''എന്റെ മകന് സംസാരിക്കാനും കേള്‍ക്കാനും സാധിക്കില്ല. രണ്ടു തവണ അവനെ ചോദ്യം ചെയ്യാന്‍ പോലീസ് കൊണ്ടുപോയിട്ടുണ്ട്. രണ്ട് തവണയും വിട്ടയച്ചു. ഒരിക്കല്‍ ഞാന്‍ ഇത് തടഞ്ഞപ്പോള്‍ എന്നെ അവര്‍ മര്‍ദിച്ചു,'' അവര്‍ പറഞ്ഞു. ഹവ്ലത്തിനെ അറസ്റ്റ് ചെയ്യുന്നതിനുപകരം എന്തിനാണ് നിരായുധനായ മകനെ കൊലപ്പെടുത്തിയതെന്നും സുക്ലേ ചോദിക്കുന്നു.
സംഭവം നടന്ന് ഒരു ദിവസത്തിനുശേഷം പോലീസ് പുറത്തുവിട്ട രേഖകളില്‍നിന്നാണ് സനു കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിത പങ്കാളി മാങ്ക്‌ലി കൂട്ടിച്ചേര്‍ത്തു. സമാന രീതിയിലാണു ജോഗ ബര്‍സെയുടെ മരണവും അറിഞ്ഞതെന്ന് സഹോദരന്‍ ബാര്‍സെ ദുല വ്യക്തമാക്കി.
''അവന്‍ മദ്യപാനിയും രോഗിയുമാണ്. അവന്‍ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ അവന്‍ മാവോയിസ്റ്റ് സൈനികനല്ലെന്ന് എനിക്കറിയാം. അവന്റെ കയ്യില്‍ ആയുധവുമില്ല,'' സഹോദരന്‍ പറയുന്നു.
മാവോയിസ്റ്റുകളുടെ തലയ്ക്കു പാരിതോഷികം പ്രഖ്യാപിച്ചതായി കേള്‍ക്കാറുണ്ടെന്നും എന്നാല്‍ തന്റെ മകനും അക്കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞിട്ടില്ലെന്നും ദുലോ ദാമോയുടെ പിതാവ് പറയുന്നു. അവന്‍ എപ്പോഴും ഗങ്കലൂര്‍ ചന്ത സന്ദര്‍ശിക്കാറുണ്ടെന്നും പിന്നെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ മാവോയിസ്റ്റുകള്‍ തങ്ങള്‍ക്കുനേരെ വെടിവെച്ചതിനെത്തുടർന്ന് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് ബിജാപൂര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞത്. ''മാവോയിസ്റ്റുകളുടെ പ്രധാന മുന്‍ഗണന ആയുധങ്ങള്‍ സുരക്ഷിതമാക്കുകയാണ്. ഒരു മിലിഷ്യ അംഗത്തിന് വെടിയേറ്റാല്‍ മറ്റ് അംഗങ്ങള്‍ അവന്റെ ആയുധവുമായി കടന്നുകളയും'', അദ്ദേഹം പറയുന്നു. കീഴടങ്ങിയ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
''അവരെ കൊല്ലുകയാണ് ഉദ്ദേശ്യമെങ്കില്‍ മറ്റുള്ളവരെ എന്തിന് അറസ്റ്റ് ചെയ്യണം? കൊല്ലപ്പെട്ടവര്‍ ആദ്യം ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു. അവര്‍ മാറി ധരിച്ച യൂണിഫോമുകളും ഞങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്,'' യാദവ് പറഞ്ഞു.