കര്‍ണാടകയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി മുന്‍ സര്‍ക്കാരുകള്‍ക്കെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടി എംഎല്‍എ രംഗത്ത്. ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബസന ഗൗഡ പാട്ടില്‍ യാതനാലാണ് നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 2020 കാലഘട്ടം മുതല്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാരും തുടര്‍ന്നുവന്ന ബസവരാജ് ബൊമ്മെ സര്‍ക്കാരും നടത്തിയ വന്‍ ക്രമക്കേടുകളാണ് പാര്‍ട്ടി എംഎല്‍എതന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മാസ്‌ക് വാങ്ങിയതിലും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിലും നടത്തിയ കോടികളുടെ ക്രമക്കേടാണ് വിജയപുരം എംഎല്‍എ ചൂണ്ടിക്കാട്ടുന്നത്.
'45 രൂപയ്ക്കു കിട്ടുന്ന മാസ്‌ക് വാങ്ങാന്‍ 485 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തു ചെലവഴിച്ചു. ഇത്തരത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിച്ചിരിക്കുകയാണ് മുന്‍ സര്‍ക്കാര്‍. അക്കാലത്ത് കോവിഡ് വന്ന തനിക്ക് 5.85 ലക്ഷം രൂപയാണ് ആശുപത്രിയില്‍ ചെലവായത്. എംഎല്‍എയുടെ അലവന്‍സ് ഒഴിച്ചുള്ള തുക മുഴുവന്‍ അടയ്‌ക്കേണ്ടി വന്നു'-യത്‌നാല്‍ വിശദീകരിച്ചു.
കോവിഡിന്റെ മറവില്‍ നടന്ന കൊള്ള തുറന്നു കാട്ടാനാണ് തീരുമാനം. അത്രയ്ക്ക് അഴിമതിയായാണ് ബിജെപി സര്‍ക്കാര്‍ കാണിച്ചതെന്ന് പറയാന്‍ മടിയില്ല, കള്ളന്‍ ആരായാലും കള്ളന്‍ തന്നെയാണ്, ഞാന്‍ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഭയക്കുന്നതെന്തിന്. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ബിജെപി എന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ എന്നും ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ വെല്ലുവിളിച്ചു.
ബിജെപി കര്‍ണാടക ഘടകത്തിലെ ബി എല്‍ സന്തോഷ് പക്ഷ നേതാവായ യത്‌നാല്‍ ഈ വെളിപ്പെടുത്തലിലൂടെ ലക്ഷ്യം വയ്ക്കുന്നത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പ പക്ഷത്തെയാണ്. കോവിഡ് മഹാമാരി കാലത്ത് കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലിരുന്നത് 2019-2021 വരെ ബി എസ് യെദ്യുരപ്പയും തുടര്‍ന്ന് ബസവരാജ് ബൊമ്മെയുമായിരുന്നു. യത്‌നാല്‍ അടക്കമുള്ള ഒരുപറ്റം എംഎല്‍എമാരായിരുന്നു ബി എസ് യെദ്യൂരപ്പയുടെ അപ്രമാദിത്യം അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വത്തെ കണ്ട് അന്ന് നേതൃമാറ്റം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കസേരയില്‍ കയറാന്‍ കാത്തിരുന്ന യത്‌നാല്‍ അടക്കമുള്ള അര ഡസനോളം നേതാക്കളെ വെട്ടിയായിരുന്നു യെദ്യുരപ്പയുടെ വിശ്വസ്തന്‍ ബസവരാജ് ബൊമ്മെയെ ബിജെപി ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
യെദ്യുരപ്പയുടെ മകന്‍ വിജയേന്ദ്രക്കു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതിലും ബിജെപി അധ്യക്ഷ പദവി നല്‍കുന്നതിലുമൊക്കെ യത്‌നാല്‍ ഇടങ്കോലിട്ടിരുന്നു. വിജയേന്ദ്രയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനും ധൈര്യം കാണിച്ചയാളാണ് ഇദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പാര്‍ട്ടി എംഎല്‍എതന്നെ മുന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.