ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമൂൽ, ഇനി മുതൽ കർണാടക വിപണിയിൽ പ്രവേശിക്കുമെന്ന അമുലിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ‘അമൂൽ ബഹിഷ്‌കരിക്കൂ, നന്ദിനിയെ രക്ഷിക്കൂ’ എന്ന ഹാഷ്‌ടാഗിൽ ട്വിറ്ററിൽ പ്രചാരണം ആരംഭിച്ചു. അമൂലിന്റെ കടന്നുവരവ് കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പ്രാദേശിക ബ്രാൻഡായ നന്ദിനിക്ക് ഭീഷണിയാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയർന്നത്. മാണ്ഡ്യയിൽ നടന്ന ഒരു പൊതുയോഗത്തിൽ നന്ദിനിയും അമൂലും തമ്മിൽ ലയിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോടെയാണ് പ്രതിഷേധം ഉടലെടുത്തത്.
ബുധനാഴ്ചയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഡയറി ബ്രാൻഡായ അമുൽ കർണാടകയിലും ലഭ്യമാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ''പാലും തൈരും ചേർന്ന് പുതുമയുടെ പുതിയൊരു തരംഗം ബെംഗളൂരുവിൽ വരുന്നു'' - എന്നായിരുന്നു ട്വീറ്റ്. കർണാടക വിപണിയിലേക്കുള്ള അമൂലിന്റെ കടന്നുവരുവ് ക്ഷീരകർഷകരെയും പ്രതിപക്ഷ നേതാക്കളെയും കന്നഡ അനുകൂല സംഘങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. നന്ദിനിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് ക്ഷീരകർഷകരും കർണാടക മിൽക്ക് ഫെഡറേഷൻ അധികൃതരും ആരോപിക്കുന്നത്. നന്ദിനിയുടെ ബ്രാൻഡ് മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനും മിൽക്ക് ഫെഡറേഷൻ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്ന് കെഎംഎഫ് ഡയറക്ടർ ആനന്ദ് കുമാർ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ക്ഷീരകർഷകർക്ക് ആവശ്യാനുസരണം വില നിശ്ചയിക്കാനുള്ള സ്വയംഭരണാവകാശം സർക്കാർ നൽകണമെന്നും ആനന്ദ് കുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പാൽ ഉത്പാദകരിൽ നിന്ന് ശേഖരിക്കുന്ന പാൽ സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലേക്കും കെഎംഎഫാണ് വിതരണം ചെയ്യുന്നത്.
അമൂലിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തി. അമൂലിന് സംസ്ഥാനത്ത് പിൻവാതിൽ പ്രവേശനം അനുവദിച്ച കർണാടക ബിജെപി സർക്കാരിനെ സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചു. അമൂലിന്റെ കർണാടക പ്രവേശനം കന്നഡിഗരുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ഗുജറാത്ത് ആസ്ഥാനമായുള്ള അമൂൽ നേരത്തെയും കർണാടക വിപണിയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഞങ്ങൾ അത് അനുവദിച്ചില്ല, എന്നാൽ ഇപ്പോൾ ബിജെപി സർക്കാർ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ വാങ്ങുന്ന രണ്ടാമത്തെ കമ്പനിയാണ് കെഎംഎഫ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കെഎംഎഫ് ഏകദേശം 5 ലക്ഷം ലിറ്റർ പാൽ വിതരണം ചെയ്യുന്നതായി ഒരു മുതിർന്ന കെഎംഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. നന്ദിനി ഉത്പന്നങ്ങളുടെ കൃത്രിമ ക്ഷാമം കാണിച്ച് നന്ദിനിക്ക് പകരം സംസ്ഥാനത്തും ഹൂബ്ലിയിലും അമൂൽ പാലും തൈരും അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.