INDIA

മെയ്തികളില്‍ നിന്ന് സുരക്ഷ തേടി ഓടിയിട്ടും ഫലമുണ്ടായില്ല; കുകി വംശജനായ പോലീസുകാരൻ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്ക്

മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ്തി ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലയിൽ ജോലി നോക്കിയിരുന്ന കുകി വംശജനായ സബ്-ഇൻസ്‌പെക്ടർ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു. ഒൻഖോമാങ് ഹയോകിപ്പ് ആണ് കൊല്ലപ്പെട്ടത്. കലാപം ആരംഭിച്ചതിന് പിന്നാലെ ഇദ്ദേഹം കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിലേക്ക് മാറിയിരുന്നു. കലാപം ആരംഭിച്ചിട്ട് നാല് മാസം പിന്നിടുമ്പോഴാണ് സുരക്ഷിതമായിരിക്കുമെന്ന് കരുതിയ ജില്ലയിൽ വച്ചുതന്നെ ഇദ്ദേഹം കൊല്ലപ്പെടുന്നത്.

ബിഷ്ണുപൂർ ജില്ലയ്ക്ക് തൊട്ടടുത്തുളള ചുരാചന്ദ്പൂരിന്റെ അതിർത്തിയോട് ചേർന്നുള്ള എൻ ചിങ്ങ്‌ഫെയ് ഗ്രാമത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് 35 കാരനായ ഒൻഖോമാങ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ചുരാചന്ദ്പൂരിൽ അന്ത്യകർമങ്ങൾ നടന്നു. ഭാര്യ ലാൽബിക്കിമും അവരുടെ നാല് മക്കളും ചുരാചന്ദ്പൂരിലാണ് താമസിക്കുന്നത്.

2009ലാണ് ഒൻഖോമാങ് പോലീസ് സേനയിൽ ചേരുന്നത്. അന്ന് മുതൽ ബിഷ്ണുപൂർ ജില്ലയിലായിരുന്നു നിയമനം. എന്നാൽ, മെയ് മാസത്തിൽ കലാപത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ മൊയ്‌റാംഗിലെ പോലീസ് സ്‌റ്റേഷനിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

എന്നാൽ, കലാപം ആരംഭിച്ചപ്പോൾ മൊയ്‌റാംഗിൽ ഒൻഖോമാങ് സുരക്ഷിതനായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് മൊയ്‌റാംഗിൽ നിന്നും മാറി നിൽക്കാനും അവിടെ നിന്ന് പോകാനും നിർദേശിച്ചിരുന്നു. കലാപം ആരംഭിച്ച മെയ് 3, മെയ് 4 തീയതികളിൽ ഒൻഖോമാങ് മൊയ്‌റാംഗിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ മെയ് 5 ന് പുലർച്ചെ തന്റെ സ്വകാര്യ വാഹനത്തിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

അതേസമയം, കുടുംബവുമായി ചുരാചന്ദ്പൂരിലേക്ക് കാറിൽ വരുമ്പോള്‍ കൂടെ രണ്ട് കുകി വംശജരായ പുരുഷന്മാരും അവർക്കൊപ്പം ഉണ്ടായിരുന്നതായാണ് അദ്ദേഹത്തിന്റെ ഭാര്യ ലാൽബിക്കിമു പറയുന്നത്. അവരെ രണ്ടുപേരെയും ജനക്കൂട്ടം മർദിച്ചു, തുടർന്ന് അവരെ രക്ഷപ്പെടുത്തി മൊയ്‌റാംഗ് പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, അവിടെയും അവർ സുരക്ഷിതരല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഭർത്താവ് അവരെ കൂടെ കൂട്ടിയതെന്നും ലാൽബിക്കിമു പറയുന്നു.

കലാപം ആരംഭിച്ചതിന് പിന്നാലെ പലായനം ചെയ്ത മറ്റ് പോലീസ് ഉദ്യോഗസ്ഥരെപ്പോലെ തന്നെ സംഭവവികാസങ്ങളെക്കുറിച്ച് ചുരാചന്ദ്പൂരിലെ പോലീസ് സൂപ്രണ്ടിന് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘർഷത്തോടനുബന്ധിച്ച് സേനയെ വിപുലപ്പെടുത്തുന്ന സാ​ഹചര്യങ്ങളിലൊക്കെ അദ്ദേഹത്തെ ഡ്യൂട്ടിക്ക് വിളിച്ചിരുന്നതായാണ് ഒൻഖോമാങിനൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകർ പറയുന്നത്. കൂടാതെ, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ ഓഗസ്റ്റ് അവസാനത്തോടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ കനത്ത വെടിവയ്പ്പിന് ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് അദ്ദേഹം കൊല്ലപ്പെട്ട ചിങ്ഫെയില്‍ പോലീസ് ഔട്ട്‌പോസ്റ്റ് സൃഷ്ടിക്കപ്പെട്ടത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്