ഇന്ത്യൻ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന വിചിത്ര വാദവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി ചേർത്താൽ രാജ്യത്തിന് ഐശ്വര്യം ലഭിക്കുമെന്നാണ് കെജ്‍രിവാളിന്റെ വാദം. അച്ചടിക്കുന്ന പുതിയ കറൻസിയിൽ ഒരു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും മറുഭാഗത്ത് ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണമെന്നാണ് കെജ്‍രിവാൾ മുന്നോട്ട് വെക്കുന്ന നിർദേശം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നല്ല നിലയിലല്ലെന്നും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പറഞ്ഞാണ് കെജ്‍രിവാൾ സംഭാഷണം ആരംഭിച്ചത്. ഇന്ത്യ സമ്പന്നമാകണമെന്നും ഇവിടുത്തെ ഓരോ കുടുംബവും സമൃദ്ധമായിരിക്കണമെന്നും നാമെല്ലാവരും ആഗ്രഹിക്കുന്നു. രാജ്യത്തുടനീളം വൻതോതിൽ സ്‌കൂളുകളും ആശുപത്രികളും ആരംഭിക്കണമെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
കറൻസി നോട്ടുകളിൽ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ളത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു. കറൻസി നോട്ടുകൾ മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ നോട്ടുകൾ വേണമെന്നാണ് ആവശ്യപ്പെടുതെന്നും ഡൽഹി മുഖ്യമന്ത്രി വിശദീകരിച്ചു. ''ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അതിനൊപ്പം ഈ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താം''- കെജ്‍രിവാൾ പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ കറൻസിയിൽ ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രമുണ്ടെന്ന ന്യായമാണ് ഇതിനായി കെജ്‍രിവാൾ മുന്നോട്ട് വെയ്ക്കുന്നത്. ''ഇന്തോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. അവിടെ 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേയുള്ളൂ, അവരുടെ കറൻസിയിൽ ഗണപതിയുടെ ഫോട്ടോയുണ്ട്. ഇന്തോനേഷ്യയ്ക്ക് പറ്റുമെങ്കിൽ നമുക്ക് എന്തുകൊണ്ട് ചെയ്തുകൂടാ..'' കെജ്‍രിവാൾ ചോദിക്കുന്നു.
കഴിഞ്ഞ വർഷം കെജ്‌രിവാൾ ഭാര്യ സുനിത കെജ്‌രിവാളിനും ക്യാബിനറ്റ് മന്ത്രിമാർക്കുമൊപ്പം ത്യാഗരാജ് സ്റ്റേഡിയത്തിൽ അയോധ്യയിൽ നിർമിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയിൽ നിർമിച്ച വേദിയിൽ നിന്ന് ദീപാവലി പൂജ നടത്തിയിരുന്നു. കഴിഞ്ഞ 27 വർഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ സർക്കാർ ചെയ്ത ഒരു നല്ല പ്രവൃത്തി ഉയർത്തി കാണിക്കാൻ കെജ്‍രിവാൾ വെല്ലുവിളിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിൽ ബിജെപിക്കെതിരെ ആംആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‍രിവാളിന്റെ ഹിന്ദു പ്രീണന നിലപാട്. ഡൽഹിയിൽ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ എഎപി മന്ത്രി പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലിയത് വിവാദമായതിന് പിന്നാലെ പൊതുപരിപാടിയിൽ കെജ്‍രിവാൾ ജയ് ശ്രീറാം ജയ് ശ്രീകൃഷ്ണ വിളികളുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുവിരുദ്ധനെന്ന് ബിജെപി വിമർശിച്ചപ്പോൾ ഉറച്ച ഭക്തനെന്ന് സ്വയം വിശേഷിച്ചാണ് കെജ്‍രിവാൾ രംഗത്തെത്തിയത്.