ഇന്ത്യയിൽ 'ഗോസ്റ്റ് മാളു'കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയെന്ന് റിപ്പോർട്ട്. പ്രോപ്പർട്ടി കണ്‍സള്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുന്ന മാളുകളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ടു നഗരങ്ങളില്‍ 21% അതായത് 57 മാളുകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഡല്‍ഹി (40%), ബെംഗളൂരു (16%), ഹൈദരാബാദ് (14%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാളുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. മിക്ക മാളുകളുടെയും 40% ത്തോളം ഒഴിഞ്ഞു കിടക്കുകയാണ്. ഇതു വഴി 524 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാളുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും മതിയായ ശ്രദ്ധ പുലർത്താത്തതുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
മാളുകളിലേക്ക് റീട്ടെയ്‌ലേഴ്‌സിനെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും അവരെ ആകര്‍ഷിക്കത്തക്ക തരത്തില്‍ മാളുകള്‍ പുനര്‍നിര്‍മിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മാളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 8.4 ദശലക്ഷം ചതുരശ്ര അടി സ്ഥലം ഗുണകരമായി ഉപയോഗിക്കാനായാല്‍ മാളുകളിലേക്ക് വീണ്ടും ആളുകളെ എത്തിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇത്തരം 'ഗോസ്റ്റ് മാളുകള്‍' മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വിപണികളില്‍ മാളുകളുടെ എണ്ണത്തില്‍ കോവിഡ് കാലം മുതല്‍ കാര്യമായ പുരോഗതിയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ലെ 255 ല്‍ നിന്ന് മാളുകളുടെ എണ്ണം 271 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 55 ശതമാനം ചതുരശ്ര അടി സ്ഥലത്ത് റീട്ടെയ്‌ലേഴ്‌സിനെ പ്രതീക്ഷിക്കുന്നതായി നൈറ്റ് ഫ്രാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് ഡയറക്ടര്‍ വിവേക് രേവതി പറഞ്ഞു. കൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ടു നഗരങ്ങളിലെ റീട്ടെയില്‍ വിറ്റുവരവ് 2022 സാമ്പത്തിക വര്‍ഷത്തിലെ 52 മില്ല്യണ്‍ ഡോളറില്‍ നിന്നും 2028 ഓടെ 17 % വര്‍ധിച്ച് 135 ബില്ല്യണ്‍ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിവേക് രേവതി കൂട്ടിച്ചേര്‍ത്തു.