INDIA

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം; അതീവ സുരക്ഷാ വലയത്തിൽ ചെങ്കോട്ട

വെബ് ഡെസ്ക്

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷാ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന 1,000 ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം പോലീസ് വ്യാഴാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദനീയമല്ല.

കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ നിരവധി പേർ തലസ്ഥാനത്ത് ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്. ഹരിയാനയിലെ നൂഹിലും പരിസരപ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രത ഉറപ്പാക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

"കോവിഡ്-19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വർഷം സ്വാതന്ത്ര്യദിനം ആഘോഷിക്കും. അതിനാൽ മതിയായ പോലീസിനെ വിന്യസിച്ച് ശക്തമായ സുരക്ഷ ഉറപ്പാക്കും. സുരക്ഷാ ആവശ്യങ്ങൾക്കായി ഡൽഹി പോലീസ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യും. കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്" സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പഥക് പറഞ്ഞു.

ഭീകരവിരുദ്ധ നടപടികള്‍ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർ, എലൈറ്റ് SWAT കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിങ് ശക്തമാക്കുകയും സുപ്രധാന കേന്ദ്രങ്ങളിൽ അധിക സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

അതിർത്തികളിൽ സമഗ്രമായ പരിശോധനങ്ങൾ നടന്നുവരികയാണ്. സേന അതീവ ജാഗ്രതയിൽ ആണെന്നും തലസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ആഘോഷങ്ങൾ പൂർത്തിയാകുന്നത് വരെ ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പട്ടം പറത്തൽ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് പരിപാടി കഴിയുന്നതുവരെ പട്ടം പറത്തരുതെന്ന് നിർദേശമുണ്ട്.

"ഡൽഹി പോലീസ്, പട്രോളിങ്ങും അട്ടിമറി വിരുദ്ധ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പാർക്കിങ് സ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ പരിശോധിക്കുകയും വാടകക്കാരുടെയും ജോലിക്കാരുടെയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. RWA (റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ), എംഡബ്ല്യുഎ (മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ) അംഗങ്ങൾ എന്നിവരുമായും കൂടിക്കാഴ്ടകൾ നടത്തുന്നുണ്ട്," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിങ് കൽസി പറഞ്ഞു.

പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യു‌എ‌വികൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകൾ, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലിപ്പത്തിലുള്ള പവർ എയർക്രാഫ്റ്റുകൾ, ക്വാഡ്‌കോപ്റ്ററുകൾ അല്ലെങ്കിൽ വിമാനത്തിൽ നിന്ന് പാരാ-ജമ്പിങ് തുടങ്ങിയവ ഡൽഹിയുടെ അധികാരപരിധിയിൽ ഓഗസ്റ്റ് 16 വരെ നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു.

ഓഗസ്റ്റ് 15 ന് രാവിലെ 7:30 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തുന്നത്. ഇതിന് ശേഷം അദ്ദേഹം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും