ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അയോധ്യയില്‍ മുസ്ലിം സ്ഥാനാര്‍ഥിക്ക് അപ്രതീക്ഷിത വിജയം. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ രാം അഭിറാം ദാസ് വാര്‍ഡില്‍ മത്സരിച്ച സുല്‍ത്താന്‍ അന്‍സാരിയെന്ന സ്വതന്ത്ര യുവ സ്ഥാനാര്‍ഥിയാണ് ഉജ്വല വിജയം നേടിയത്.
രാമജന്മഭൂമി പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച നേതാവിന്റെ പേരിലുള്ള ഈ വാര്‍ഡില്‍ ആകെ 11 ശതമാനമാണ് മുസ്ലീം ജനസംഖ്യ. കൃത്യമായി പറഞ്ഞാല്‍ 440 വോട്ട്. 3844 ആണ് ഹിന്ദു വോട്ട്. ആകെ പോള്‍ ചെയ്ത 2,388 വോട്ടിന്റെ 42 ശതമാനം നേടിയാണ് അന്‍സാരിയുടെ വിജയം.
996 വോട്ട് നേടിയ അൻസാരി, മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സുല്‍ത്താന്‍ അന്‍സാരി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആ പ്രദേശത്ത് ജനിച്ചു വളര്‍ന്ന അന്‍സാരിക്ക് ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സ്വാധീനമാണുള്ളത്. ഇത് ഹിന്ദു-മുസ്ലീം സാഹോദര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് പറഞ്ഞ അന്‍സാരി, ഹിന്ദു ആധിപത്യമുള്ള വാർഡിൽ മത്സരിക്കാന്‍ ഒരാശങ്കയുമുണ്ടായില്ലെന്ന് കൂട്ടിച്ചേർത്തു.
''വര്‍ഷങ്ങളായി എന്റെ കുടുംബം ഇവിടെയാണ് ജീവിക്കുന്നത്, തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹതത്തിന് ഹിന്ദു സുഹൃത്തുക്കളാണ് പൂര്‍ണ പിന്തുണ നല്‍കിയത്. അയോധ്യയില്‍ എല്ലാവരും സമന്മാരാണ്. ഹിന്ദു സഹോദരങ്ങളില്‍നിന്ന് ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും പിന്തുണച്ചത് കൊണ്ടാണ് വിജയം,'' അന്‍സാരി പറഞ്ഞു.
ഇത് ഹിന്ദു-മുസ്ലീം സാഹോദര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അന്‍സാരി പറയുന്നു
ഇതേ വാര്‍ഡില്‍ താമസിക്കുന്ന അനൂപ് കുമാറിനും ഇതാണ് പറയാനുള്ളത്. ''അയോധ്യയില്‍ മുസ്ലീങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്. ഇവിടെ താമസിക്കാന്‍ മാത്രമല്ല തിരഞ്ഞെടുപ്പില്‍ ജയിക്കാനും സാധിക്കുമെന്ന് അവര്‍ മനസിലാക്കുന്നുണ്ടാകും'', അനൂപ് പറഞ്ഞു.
''അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ ലോകപ്രശസ്തമാണ്. അതുപോലെ മുസ്ലീം പള്ളികളും ഇവിടെയുണ്ട്. രണ്ട് വിഭാഗവും സമാധാനത്തോടെയാണ് മുന്നോട്ടുപോകുന്നത്,'' അയോധ്യയിലെ വ്യാപാരിയായ സൗരഭ് സിങ് പറയുന്നു.
17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടെ 16 എണ്ണത്തിലും മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കി. അയോധ്യ കോർപറേഷനിലെ 60 വാര്‍ഡില്‍ 27 എണ്ണം ബിജെപി നേടി. സമാജ്‌വാദി പാര്‍ട്ടിക്ക് 17 ഉം സ്വതന്ത്രര്‍ക്ക് 10 ഉം സീറ്റും ലഭിച്ചു.
അയോധ്യയിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരീഷ് പതി ത്രിപാഠിയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 77,494 വോട്ട് നേടിയ ത്രിപാഠി സമാജ് വാദി പാര്‍ട്ടിയുടെ ആശിഷിനെ 35,638 വോട്ടിനാണ് പരാജയപ്പെടുത്തയത്. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) സ്ഥാനാര്‍ത്ഥി രെഹാന്‍ 15,107 വോട്ട് നേടി മൂന്നാമതെത്തി.