INDIA

'ക്ഷേത്ര ഭരണസമിതികളിൽ മുസ്ലിങ്ങളുണ്ടോ?' വഖഫ് ബില്ലിനെതിരെ സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ സഖ്യം, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്

വെബ് ഡെസ്ക്

വഖഫ് നിയമ ഭേദഗതി ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ വാദപ്രതിവാദങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഒടുവിൽ ബിൽ കൂടുതൽ പരിശോധനയക്ക് പാർലമെന്റ് സമിതിക്ക് വിട്ടു. മുസ്ലിം വിഭാഗത്തിന് പുറത്തുള്ളവരെയും വഖഫ് ബോർഡിൽ ഉൾപ്പെടുത്തണം എന്ന നിർദേശത്ത്‌നെതിരെയാണ് ഇന്ത്യ സഖ്യനേതാക്കൾ ശക്തമായി രംഗത്തെത്തിയത്. സുപ്രിയ സുലെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ബിൽ പാർലമെൻററികാര്യ സമിതിക്ക് വിടണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിച്ചിരുന്നു. ചർച്ചയ്‌ക്കൊടുവിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാമെന്ന തീരുമാനത്തിലേക്ക് സർക്കാരും എത്തുകയായിരുന്നു.

വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ ഭേദഗതി. ഇനിമുതൽ വഖഫിന് ഭൂമി സ്വന്തമാക്കണമെങ്കിൽ പ്രദേശം ഉൾപ്പെടുന്ന ജില്ലയിലെ കലക്ടറുടെ അനുമതി നിർബന്ധമാകും.

1995ൽ കൊണ്ടുവന്ന നിയമത്തിലെ 44 വകുപ്പുകളിലാണ് ഈ ഭേദഗതിയിലൂടെ കേന്ദ്രം മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡുകളിൽ നിർബന്ധമായും രണ്ട് സ്ത്രീകളെങ്കിലും ഉണ്ടായിരിക്കണം, ബോർഡുകൾക്ക് ലഭിക്കുന്ന പണം വിധവകളുടെയും വിവാഹമോചിതരായവരുടെയും അനാഥരുടെയും ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണം, സ്ത്രീകളുടെ പിന്തുടർച്ചാവകാശം സംരക്ഷിക്കണം, എന്നിവയാണ് ഭേദഗതിയിലെ പ്രധാന മാറ്റങ്ങൾ.

ഈ ബിൽ മതസ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും തകർക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. മുസ്ലിം വിഭാഗത്തിന് പുറത്ത് നിന്ന് ആളുകളെ വഖഫ് ബോർഡിലേക്ക് ഉൾപ്പെട്ടുത്തുന്നതിനെതിരെയും വേണുഗോപാൽ രംഗത്തെത്തി. ഗുരുവായൂർ ദേവസ്വത്തിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ എന്നും വേണുഗോപാൽ ചോദിച്ചു.

സമാജ്‌വാദി പാർട്ടിയും ബില്ലിനെതിരെ അതി ശക്തമായി രംഗത്തെത്തി. ഭരണകൂടം ഈ ബില്ലിലൂടെ മുന്നോട്ടുവയ്ക്കുന്നത് ആലോചിച്ചുറപ്പിച്ച രാഷ്ട്രീയമാണെന്നും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയ നിലനിൽക്കുമ്പോൾ ആളുകളെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്യുന്നത് എന്തിനാണെന്നും സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ അഖിലേഷ് യാദവ് സഭയിൽ ചോദിച്ചു. ഒരു മതപരമായ സമിതിയിലേക്ക് മറ്റു മതത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നത് ശരിയല്ല എന്നും മുസ്ലിം വിഭാഗത്തിന് പുറത്തുനിന്നുള്ളവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ദേശമെന്താണെന്നും അഖിലേഷ് യാദവ് ചോദിക്കുന്നു.

നമ്മൾ മുസ്ലിം വിഭാഗത്തോട് ചെയ്യാൻ പോകുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഈ ബില്ലെന്നും, ഇതിന്റെ പേരിൽ ഭാവിയിൽ നമ്മൾ പലതും അനുഭവിക്കേണ്ടിവരുമെന്നും സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ളയും അഭിപ്രായപ്പെട്ടു.

ഈ ബില്ലിന്റെ മറവിൽ വഖഫ് സ്വത്തുക്കൾ വിൽക്കുക എന്ന ഉദ്ദേശമാണ് ബിജെപിക്കുള്ളത് എന്നും ഈ അവതരിപ്പിക്കുന്ന ഭദഗതികൾ മുഴുവൻ ഒഴിവുകഴിവുകൾ മാത്രമാണെന്നും നേരത്തെതന്നെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. റെയ്ൽവേയിലും പ്രതിരോധമേഖലയിലും ചെയ്തതുപോലെ സ്വത്തുകൾ വിൽക്കുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നാണ് അദ്ദേഹം നേരത്തെ എക്‌സിൽ കുറിച്ചത്. ന്യുനപക്ഷങ്ങൾക്കെതിരാണ് ഈ നിയമമെന്നും ഹിന്ദുക്കളുടെ അമ്പലങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തുമോ എന്നും ഡിഎംകെ നേതാവ് കനിമൊഴിയും ചോദിച്ചു.

അതേസമയം, കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിങ് ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. വഖഫ് ബോർഡുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനാണ് ഭേദഗതികൾ കൊണ്ടുവന്നതെന്ന് പറഞ്ഞ മന്ത്രി 1984ൽ ഇന്ദിര ഗാന്ധി മരിച്ചതിനെ തുടർന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തെ ഉയർത്തിക്കാണിച്ച് കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു.

കൃത്യമായ കൂടിയാലോചനകൾക്കു ശേഷമോ വിദഗ്ധാഭിപ്രായങ്ങൾ പരിഗണിച്ചോ അല്ല നിയമം കൊണ്ടുവരുന്നതെന്നും, കൂടുതൽ ചർച്ചകൾക്കായി സർക്കാർ ബിൽ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും എൻസിപി ശരദ് പവാർ പക്ഷം നേതാവ് സുപ്രിയ സുലെ ലോക്സഭയിൽ ചോദിച്ചു. പെട്ടന്ന് ഇത്തരത്തിലൊരു ഭേദഗതികൊണ്ടുവരുന്നതിന് ഇപ്പോൾ വഖഫ് ബോർഡിൽ എന്താണ് സംഭവിച്ചത് എന്നും അവർ ചോദിക്കുന്നു.

ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് നേരെയുള്ള അക്രമണമാണെന്നും വിവേചനപരമാണെന്നും എഐഎംഐഎം എംപി അസദുദീൻ ഒവൈസി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥിതിയുടെ സ്വതന്ത്രമായ നിലനിൽപിന് ഈ ബിൽ ഭീഷണിയാണെന്നും, മുസ്ലിങ്ങൾ തങ്ങളുടെ വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കുക എന്ന ഒരുദ്ദേശം മാത്രമേ സർക്കാരിനുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇ ടി മുഹമ്മദ് ബഷീറും സിപിഎമ്മിനെ പ്രതിനിധീകരിച്ച് കെ രാധാകൃഷ്‌ണനും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു.

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും