വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ ഏകോപന സമിതി യോഗം ഇന്നു ചേരും. എൻ സി പി നേതാവ് ശരത് പവാറിന്റെ ഡൽഹിയിലെ വസിതിയിൽവച്ചാണ് യോഗം. സമിതിയിലെ 14 അംഗങ്ങളും പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ യോഗത്തില്‍ സീറ്റ് വിഭജനമാണ് മുഖ്യ അജന്‍ഡ. കൂടാതെ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചരണ പദ്ധതികളുടെ ആസൂത്രണവും അജണ്ടയിലുള്ളതായി റിപ്പോർട്ടുകളുണ്ട്.
പവാറിന്റെ വസതിയിൽ നടക്കുന്ന ചർച്ചയിൽ 14 അംഗ സമിതിയിലെ 12 പേര്‍ യോഗത്തില്‍ പങ്കെടുക്കും. കെ സി വേണുഗോപാൽ (കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ധവ് താക്കറെ), തേജസ്വി യാദവ് (ആർജെഡി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡി-യു), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) എന്നിവർ പങ്കെടുക്കും. അതേസമയം, അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ഇ ഡി അറിയിച്ചിരിക്കുന്നതിനാൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി ചർച്ചയിൽ പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയയ്ക്കാനും സാധ്യതയില്ല. സമിതിയിലേക്കുള്ള പ്രതിനിധിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സിപിഎം പ്രാതിനിധ്യവും യോഗത്തിലുണ്ടാകില്ല.
തിരഞ്ഞെടുപ്പ് ക്യാമ്പയിനുകൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ, മീഡിയ സ്ട്രാറ്റജി എന്നിവ ഉൾപ്പെടെ ചർച്ചയാകുമെന്ന് ഒരു മുതിർന്ന പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംയുക്ത പ്രചരണ പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ചു റാലികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ചെന്നൈ, ഗുവാഹത്തി, ഡൽഹി, പട്‌ന, നാഗ്പൂർ എന്നിവിടങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലികൾ നടത്തണമെന്നും നിർദേശമുണ്ട്. ഓരോ റാലിയിലും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും നേതാവ് പറഞ്ഞു.
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ 'സനാത ധർമ' വിവാദ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. 'ഇന്ത്യ' സഖ്യം 'ഹിന്ദു വിരുദ്ധ'രാണെന്ന് ചിത്രീകരിക്കാനുള്ള അവസരം ബിജെപിക്ക് നൽകിയെന്നതിൽ മിക്ക സഖ്യക്ഷികളും അസ്വസ്ഥരാണ്. അവർ യോഗത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയേക്കും.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ സംയുക്ത പ്രസ്താവനയിറക്കിയ പ്രതിപക്ഷ സഖ്യം, അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനെതിരെ പ്രസ്താവനയിറക്കിയേക്കും.