INDIA

'കെജ്‌രിവാളിന്റെ ആരോഗ്യം സംരക്ഷിക്കണം'; പ്രതിപക്ഷം പ്രക്ഷോഭത്തിന്

വെബ് ഡെസ്ക്

മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നത് ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിനിറങ്ങാന്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി. 30-ന് ജന്തര്‍ മന്തറില്‍ പ്രതിപക്ഷം പ്രതിഷേധ റാലി സംഘടിപ്പിക്കും. ബിജെപി സര്‍ക്കാര്‍ കെജ്‌രിവാളിന്റെ ആരോഗ്യം വെച്ച് പന്താടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മാര്‍ച്ച് 21-ന് കെജ്‌രിവാള്‍ അറസ്റ്റിലായത് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യം ഉയര്‍ത്തി പ്രതിപക്ഷം ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന് കൃത്യമായ മരുന്നുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തടസം സൃഷ്ടിക്കുന്നുവെന്നായിരുന്നു എഎപിയും ഇന്ത്യ സഖ്യവും ആദ്യം ആരോപിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടാനായി കെജ്‌രിവാള്‍ മനഃപൂര്‍വം മാമ്പഴം കഴിക്കുകയാണെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.

കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുഖ്യപ്രചാരണായുധമാക്കിയിരുന്നു. പക്ഷേ, ഡല്‍ഹിയില്‍ നേട്ടമുണ്ടാക്കാന്‍ എഎപിക്കും കോണ്‍ഗ്രസിനും സാധിച്ചില്ല. എന്നിരുന്നാലും, പ്രചാരണത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ പ്രതിപക്ഷം തയാറായിട്ടില്ല.

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്, മണിപ്പൂര്‍ കലാപം, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം യോജിച്ച സമരം നടത്തുന്നുണ്ട്. മഹാരാഷ്ട്ര ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണായക നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം നടക്കാനിരിക്കെ, ഒരുമിച്ചു നില്‍ക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ഇന്ത്യ സഖ്യം തേടുന്നുണ്ട്.

ഹരിയാന തിരഞ്ഞെടുപ്പില്‍ 90 സീറ്റിലും മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ ആരോഗ്യനില ഉയര്‍ത്തിക്കാട്ടി പ്രതിഷേധത്തിനിറങ്ങാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചത് എന്നതും പ്രസക്തമാണ്.

കെജ്‌രിവാളിന്റെ അറസ്റ്റ് മുഖ്യധാരയില്‍ ചര്‍ച്ചയായി തന്നെ നിലനിര്‍ത്താനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യം സൂചിപ്പിച്ച് സമരത്തിലേക്ക് കടക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ജൂലൈ പന്ത്രണ്ടിന് ഇ ഡി കേസില്‍ കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ഇതിന് മുന്‍പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ അദ്ദേഹത്തിന് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?