INDIA

ഇന്ത്യ സീറ്റ് വിഭജനം: അന്തിമ തീരുമാനം ഈമാസം അവസാനമെന്ന് റിപ്പോർട്ടുകൾ

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും നിർണായകമായ പൊതുതിരഞ്ഞെടുപ്പാണ് 2024ൽ നടക്കാനിരിക്കുന്നത്. ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യ ഒരുങ്ങുമ്പോൾ, സീറ്റ് വിഭജനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിൽ പരസ്പരം പോരടിച്ച 28 പാർട്ടികൾ ഒരുമിച്ച് ഇന്ത്യ സഖ്യം രൂപീകരിച്ചതിലെ വിരോധാഭാസം ഭരണപക്ഷം പലപ്പോഴും ചർച്ചയാക്കിയിരുന്നു. എന്നാൽ ഓരോ മണ്ഡലത്തിലേയും സാഹചര്യം പരിഗണിച്ച് ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും സാധ്യതയുള്ള പാർട്ടിയിൽ നിന്ന് ഇന്ത്യ സഖ്യത്തിന്റേതായി ഒരു സ്ഥാനാർഥിയെ തിരഞ്ഞെടുക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രചാരണത്തിൽ സഖ്യത്തിലെ എല്ലാ പാർട്ടികളുടേയും പിന്തുണയും ലക്ഷ്യമിടുന്നുണ്ട്. വോട്ട് വിഭജനം തടയുക എന്നത് മാത്രമാകും പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുക എന്ന ആശയം ചില സംസ്ഥാനങ്ങളിൽ എളുപ്പമാണ്. എന്നാൽ മറ്റ് ചിലയിടങ്ങളിലെ അവസ്ഥ കൂടുതൽ സങ്കീർണമാകും. മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി, ശിവസേന ഉദ്ധവ് പക്ഷം എന്നിവ ഇതിനകം തന്നെ സഖ്യകക്ഷികളാണ്. അതിനാൽ അവിടെ സീറ്റ് വിഭജനം വലിയ വെല്ലുവിളിയാകുന്നില്ല.

എന്നാൽ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂലും എതിരാളികളായ കോൺഗ്രസും സിപിഎമ്മും തമ്മിൽ നിലവിൽ വലിയ സുഖത്തിലല്ല. കഴിഞ്ഞ ആഴ്‌ച നടന്ന ധുപ്‌ഗുരി ഉപതിരഞ്ഞെടുപ്പിൽ ഇരുപക്ഷവും ഓരോ സ്ഥാനാർഥിയെ നിർത്തിയിരുന്നു. തത്ഫലമായി കോൺഗ്രസ് + സിപിഐഎം v/s തൃണമൂൽ എന്ന ചേരിതിരിവുണ്ടായി. തൃണമൂൽ സീറ്റ് പിടിച്ചെടുത്തെങ്കിലും ബിജെപി വെറും 4300 വോട്ടുകൾക്ക് മാത്രമാണ് പിന്നിലായത്. ബംഗാളിൽ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാകുന്നു.

മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ എന്ത് ധാരണയിലെത്തും എന്നതും നിർണായകമാണ്. നിലവിൽ സ്പെയിനിലുള്ള മമത തിരിച്ചെത്തിയ ശേഷമാകും 42 സീറ്റുകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക. സോണിയാ ഗാന്ധിയുമായുള്ള ബന്ധം കണക്കിലെടുത്ത്, കോൺഗ്രസിനെ ഉൾക്കൊള്ളാൻ അവർ തയ്യാറായേക്കാം. എന്നാൽ ഇടതുമുന്നണിയോടുള്ള നിലപാട് അപ്പോഴും ബാക്കിയാണ്.

ജമ്മു കശ്മീരിലെ അഞ്ച് ലോക്‌സഭാ സീറ്റുകൾക്കായി കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവ തമ്മിൽ ഏകദേശ ധാരണയിൽ എത്തിക്കഴിഞ്ഞു.

ബിഹാറിൽ ഭരണകക്ഷിയായ ജനതാദളിന്റെയും (യുണൈറ്റഡ്) രാഷ്ട്രീയ ജനതാദളിന്റെയും 40 സീറ്റുകൾ, കോൺഗ്രസും ഇടതുപക്ഷ പാർട്ടിയുമായി എങ്ങനെ വിഭജിക്കാം എന്ന് ചർച്ചകൾ നടക്കുകയാണ്. സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും ലോക്‌സഭയിൽ സീറ്റില്ലാത്ത ആർജെഡിയാണ് ഈ ചർച്ചകളിൽ മുന്നിലുള്ളത്. ഡൽഹിയിലെ ഏഴ് സീറ്റുകളും പഞ്ചാബിലെ 13 സീറ്റുകളും കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിൽ വിഭജിക്കണം. എന്നാൽ പഞ്ചാബിൽ എഎപി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ തീരുമാനം സഖ്യത്തിന് വെല്ലുവിളിയായേക്കാം. ഗുജറാത്തിൽ 26 സീറ്റുകളുടെ വിഭജനം ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം ആംആദ്മി പാർട്ടിയുടെ സംസ്ഥാന മേധാവി അറിയിച്ചിരുന്നു. കേരളത്തിൽ ബിജെപിക്ക് സ്വാധീനമില്ലാത്തതിനാൽ പരസ്പരമുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യത്തിന് വെല്ലുവിളിയായേക്കില്ല.

കഴിഞ്ഞയാഴ്ച രാജ്യത്ത് നടന്ന ഏഴ് ഉപതിരഞ്ഞെടുപ്പുകളിൽ 4-3 ന് മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചത്. ഇതിൽ രണ്ട് വിജയങ്ങൾ പരസ്പരം പോരടിച്ച് നേടിയതും. 'കഴിയുന്നത്ര തിരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു' എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനം ആദ്യ തിരഞ്ഞെടുപ്പിൽ എങ്ങിനെയാകും പ്രതിഫലിക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും