INDIA

മോദിയുടെ ഗ്യാരണ്ടിക്ക് ആര് ഗ്യാരണ്ടി?, 'ഇന്ത്യ'യുടെ ശക്തിപ്രകടനമായി 'ലോക്തന്ത്ര ബച്ചാവോ'

നാനൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി മാച്ച് ഫിക്സിങ് നടത്തുകയാണെന്നാണ് രാഹുൽ ഗാന്ധി

വെബ് ഡെസ്ക്

രാജ്യതലസ്ഥാനത്ത് നടന്ന 'ലോക്തന്ത്ര ബച്ചാവോ' മഹാ റാലി ഇന്ത്യ സഖ്യത്തിന് കൂടുതൽ ഊർജം നൽകുമെന്നാവർത്തിച്ച് നേതാക്കൾ. ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും, ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും പരിപാടിയിൽ പങ്കെടുത്തു. കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിരത്തിയായിരുന്നു സുനിത കെജ്‌രിവാൾ സംസാരിച്ചത്. പവർ കട്ട് ഇല്ലാതാക്കി കൊണ്ട് 24x7 വൈദ്യുതി ഉറപ്പാക്കും, ഡൽഹിക്ക് സംസ്ഥാന പദവി നൽകും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് സുനിതയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

നാനൂറ് സീറ്റുകൾ പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി മാച്ച് ഫിക്സിങ് നടത്തുകയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനുമുമ്പ് രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുന്നതിലൂടെ പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നാണ് അവരുദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്ത് 'ഇന്ത്യ' സഖ്യം 'ലോക്തന്ത്ര ബച്ചാവോ' എന്ന പേരിൽ നടത്തുന്ന മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

കൈവെള്ളയിലുള്ള കോടീശ്വരന്മാരുടെ ബലത്തിലാണ് മോദി ലോക്സഭ തിരഞ്ഞെടുപ്പിൽ മാച്ച് ഫിക്സിങ് നടത്താൻ ശ്രമിക്കുന്നതെന്നും, അതിന്റെ ഭാഗമാണ് ഇപ്പോൾ നടന്ന അറസ്റ്റുകളെന്നും രാഹുൽ വിമർശിച്ചു. "ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നീതിയുക്തം നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ മാച്ച് ഫിക്സറായിരിക്കും വിജയിക്കുക." രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാവിപ്പിച്ച സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ ഇല്ലാതാക്കുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് രാഹുൽ ആവർത്തിച്ചു. "എന്തുകൊണ്ട് നിങ്ങൾ ഇത് ഇപ്പോൾ ചെയ്യുന്നു? നിങ്ങൾക്ക് ഇത് ആറ് മാസം മുമ്പ് ചെയ്തുകൂടായിരുന്നോ?" രാഹുൽ ചോദിച്ചു

വേദിയിൽ ഇ ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും, ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന സൊറനുമുണ്ടായിരുന്നു. സുനിത കെജ്‌രിവാൾ ആദ്യം തന്നെ കെജ്‌രിവാൾ എഴുതിയ സന്ദേശം വേദിയിൽ വായിച്ചു. സുനിത കെജ്‌രിവാളിനെയും കൽപന സോറനെയും കൂടാതെ കോൺഗ്രസ് നേതാക്കളായാ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി മന്ത്രി അതിഷി സിംഗ് ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.

മോദിയുടെ ഗ്യാരണ്ടിക്ക് ആര് ഗ്യാരണ്ടി?: കല്പന സോറൻ

ഭരണഘടന ശില്പിയായ ബിആർ അംബേദ്‌കർ നമുക്ക് നൽകിയ ഉറപ്പുകളാണ് ഇപ്പോൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് കൽപന സോറൻ പറഞ്ഞു. ഇത് ജനങ്ങളെ പരസ്പരം വിഭജിക്കാനുള്ള നീക്കമാണ്. അതിനെ പതിരോധിക്കണമെന്നും കൽപന അഭിപ്രായപ്പെട്ടു.

മോദിയുടെ ഗ്യാരന്റി എന്ന ബിജെപി മുദ്രാവാക്യത്തെ പരഹസിച്ച കൽപന, മോദിയുടെ ഗ്യാരണ്ടിക്ക് ആര് ഗ്യാരണ്ടി നൽകും എന്ന് ചോദിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന ഏകാധിപത്യത്തിനെതിരെയാണ് ഈ കൂട്ടായ്മയെന്നും ഇന്ന് ഇവിടെ വന്ന എല്ലാവരും ഇന്ത്യ സഖ്യത്തിന് ശക്തി പകരുമെന്നും കല്പന സോറൻ പറഞ്ഞു.

കല്പന സോറൻ, സുനിത കെജ്‌രിവാൾ, സോണിയ ഗാന്ധി എന്നിവർ വേദിയിൽ

നിങ്ങൾക്ക് ഏകാധിപത്യമാണോ ജനാധിപത്യമാണോ വേണ്ടത്?: മല്ലികാർജുൻ ഖാർഗെ

ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും, ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്ത് നിന്ന് ചവിട്ടി പുറത്താക്കണമെന്നും ഖാർഗെ റാലിയിൽ പറഞ്ഞു. ബിജെപിയും ആർഎസ്എസും വിഷമാണ്, അത് രുചിച്ചാൽ തന്നെ നിങ്ങൾ മരിക്കും ഖാർഗെ പറഞ്ഞു. ഈ റാലി വ്യത്യസ്തതകളിലും നമ്മൾ സൂക്ഷിക്കുന്ന ഐക്യത്തെ കാണിക്കുന്നതാണ്. പ്രതിപക്ഷ സംഘടനകൾ ഒരുമിക്കുക എന്ന ഉദ്ദേശം മാത്രമേ ഈ റാലിക്കുള്ളൂ എന്നും ഖാർഗെ പറഞ്ഞു. രാജ്യത്ത് സമൃദ്ധിയുണ്ടാകണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണത്തിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

ഈ ജനക്കൂട്ടം തെളിയിക്കുന്നത് മോദിയുടെ പരാജയം: തേജസ്വി യാദവ്

ഇ ഡിയും ആദായനികുതി വകുപ്പും, സിബിഐയും ബിജെപിയുടെ സെല്ലുകളാണെന്ന് ആർജെഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവ് നിരവധി തവണ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നിട്ടുണ്ടെന്നും, തന്റെ കുടുംബത്തിൽ ഓരോരുത്തരുടെയും അവസ്ഥ ഇത് തന്നെയാണെന്നും തേജസ്വി പറയുന്നു.

താൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇപ്പോഴും കേസുകളുണ്ടെന്നും തങ്ങൾ ഭയപ്പെടാൻ പോകുന്നില്ല ശക്തമായി പോരാടുമെന്നും തേജസ്വി പറഞ്ഞു. ഇന്ന് ഈ റാലിയിൽ പങ്കെടുത്ത ആൾക്കൂട്ടം തെളിയിക്കുന്നത്, നരേന്ദ്രമോദി ഭരണത്തത്തിൽ വന്നത് പോലെ തന്നെ ഭരണത്തിൽ നിന്നും പോകും എന്നാണ്. ഒരു കൊടുങ്കാറ്റുപോലെ. ഇന്ന് തങ്ങൾ ഇവിടെ കൂടിയിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തെയും സംരക്ഷിക്കാനാണെന്നും തേജസ്വി പറഞ്ഞു.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യം: സീതറാം യെച്ചൂരി

ഇന്ന് ഈ റാലിയിൽ ഉയരുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. സ്വാതന്ത്ര്യമെന്നു പറയുന്നത് രാജ്യത്തിന്റെ ഭരണഘടനയും സ്വതന്ത്ര റിപ്പബ്ലിക്കായ രാജ്യത്തെയും തിരിച്ചു പിടിക്കുന്നതാണെന്നും, അതിനാവശ്യമായ ഊർജം ഈ പരിപാടിയിലൂടെ ഉയർന്നു വന്നിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

അഴിമതിയിൽ നിന്നും, തൊഴിലില്ലായ്മയിൽ നിന്നും, പണപ്പെരുപ്പത്തിൽ നിന്നും രക്ഷ വേണമെങ്കിൽ നമ്മൾ ഈ സർക്കാരിൽ നിന്നും സ്വാതന്ത്ര്യം നേടണമെന്നും സീതാറാം യെച്ചുരി പറഞ്ഞു.

നാനൂറ് സീറ്റ് ജയിക്കുന്നവർക് എന്തിനാണ് ഭയം?: അഖിലേഷ് യാദവ്

നാനൂറ് സീറ്റ് ജയിക്കാനിരിക്കുന്ന ബിജെപി എന്തിനാണ് ഒരു ആം ആദ്‌മി നേതാവിനെ ഭയക്കുന്നതെന്ന് യുപി മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെയാണ് നിങ്ങൾ ജയിലിലടച്ചത്. അതിനെ രാജ്യം മാത്രമല്ല ലോകത്തെമ്പാടുമുള്ള ജനങ്ങൾ വിമര്ശിക്കുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്നാണ് അവർ അവകാശപ്പെടുന്നത്, എന്നാൽ ഇത് ലോകത്ത് ഏറ്റവും കള്ളത്തരം കാണിക്കുന്ന സംഘടനയാണെന്നും അഖിലേഷ് യാദവ് പറഞ്ഞൂ. ഇ ഡിയേയും സിബിഐയേയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ചാണ് നിങ്ങൾ ഭരണത്തിൽ തുടരുന്നതെങ്കിൽ, 400 സീറ്റിൽ ജയിക്കാനല്ല തോൽക്കാനാണ് പോകുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഏറ്റവും കൂടുതൽ ഫണ്ട് സ്വരൂപിച്ചതും ഇ ഡിയേയും സിബിഐയേയും ഉപയോഗിച്ചുകൊണ്ടാണെന്നും അഖിലേഷ് ആരോപിച്ചു.

നേതാക്കൾ രാംലീല മൈതാനത്ത്

സർവസന്നാഹങ്ങളുണ്ടായിട്ടും രാവണൻ പരാജയപ്പെട്ടു: പ്രിയങ്ക ഗാന്ധി

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ബിജെപി ജനാധിപത്യവിരുദ്ധമായ തടസങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിങ്ക ഗാന്ധി. പ്രതിപക്ഷ സഖ്യത്തിന്റെ അഞ്ച് ആവശ്യങ്ങളും പ്രിയങ്ക റാലിയിൽ അവതരിപ്പിച്ചു. മത്സരത്തിൽ എല്ലവരെയും ഒരുപോലെ കാണുന്ന രീതിയിലാകണം തിരഞ്ഞെടുപ്പ് കമ്മീഷന്റ പ്രവർത്തനം, തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന തരത്തിൽ ആദായനികുതി വകുപ്പും സിബിഐയും ഇ ഡിയും പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടികൾ എടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കണം, ഹേമന്ത് സോറനെയും അരവിന്ദ് കെജ്രിവാളിനെയും എത്രയും പെട്ടന്ന് ജയിൽ മോചിതരാക്കണം, സാമ്പത്തികമായി പ്രതിപക്ഷ പാർട്ടികളെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണം, ഇലക്ട്‌റൽ ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം, എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്

രാമായണത്തിൽ സർവ്വസന്നാഹങ്ങളുമുണ്ടായിരുന്നെങ്കിലും അവസാനം രാവണൻ പരാജയപ്പെടുകയും രാമൻ വിജയിക്കുകയുമാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തൃണമൂൽ ഇന്ത്യക്കൊപ്പം തന്നെ: ഡെറിക് ഒബ്രിയൻ

തൃണമൂൽ ഇന്ത്യ സഖ്യത്തിനൊപ്പം തന്നെയുണ്ടാകുമെന്നും ഇത് മോദി ഗ്യാരണ്ടിയും സീറോ വാറന്റിയും തമ്മിലുള്ള പോരാട്ടമാണെന്നും തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു.

തൃണമൂലിനെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പ്രതിനിധീകരിച്ച് തൃണമൂൽ എംപി സാഗരിഗ ഘോഷ് സംസാരിച്ചു. അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിയ്ക്കുമൊപ്പം തങ്ങളുണ്ടാകും എന്നാണ് സാഗരിഗ ഘോഷ് പറഞ്ഞത്.

നിങ്ങൾ ഈ വീടിന്റെ ഉടമസ്ഥരല്ല: ഭഗവന്ത് മാൻ

സ്‌കൂളുകളും ആശുപത്രികളും നിർമ്മിച്ചവരെ ബിജെപി ജയിലിലായ്ക്കുകയാണെന്ന് കെജ്രിവാളിന്റ്റെ അറസ്റ്റിനെ സൂചിപ്പിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. "കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ഇവർ എന്താണ് കരുതിയത്? അവർ ഈ വീടിന്റെ ഉടമസ്ഥരാണെന്നോ?" ഭഗവന്ത് മാൻ ചോദിക്കുന്നു. ഈ വീടിന്റെ ഉടമസ്ഥർ വിടുത്തെ 140 കോടി ജനങ്ങളാണെന്നും ഭഗവന്ത് മാൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ