INDIA

യുപിയിൽ 'ഇന്ത്യ'യ്ക്ക്‌ ആശ്വാസം, ത്രിപുരയിൽ സിപിഎം സിറ്റിങ് സീറ്റിൽ ബിജെപി മുന്നേറ്റം; ജാർഖണ്ഡിലും എൻഡിഎ

വെബ് ഡെസ്ക്

ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട്‌ നിയമസഭാ സീറ്റുകളിലും സിപിഎമ്മിന് തിരിച്ചടി. ഇടതുപക്ഷം സിറ്റിങ് സീറ്റായ ബോക്‌സാനഗറിലും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത ധൻപുർ മണ്ഡലത്തിലെയും ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ സിപിഎം പിന്നിലാണ്. ബോക്‌സാനഗറിലെ ആകെ ആറു റൗണ്ടുകളിൽ നാലെണ്ണത്തിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ബിജെപി സ്ഥാനാർഥി തഫജൽ ഹൊസൈൻ എതിർ സ്ഥാനാർഥിയായ സിപിഎമ്മിന്റെ മീസാൻ ഹൊസൈനേക്കാൾ 25478 വോട്ട് മുന്നിലാണ്. ധൻപുരിൽ ബിജെപിയുടെ ബിന്ദു ദേബ്‌നാഥിന് 4065 വോട്ടിന്റെ ലീഡാണുള്ളത്.

ത്രിപുരയിലെ രണ്ട് സീറ്റുകളിലും കോൺഗ്രസും ടിപ്ര മോതയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കഴിഞ്ഞ 25 വർഷമായി സിപിഎം ഭരിച്ചിരുന്ന സീറ്റാണ് ബോക്‌സാനഗർ. ഇവിടെയാണ് നിലവിൽ സിപിഎം പിന്നിലായിരിക്കുന്നത്. ഈ വർഷമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച സിപിഎം എം എൽ എ ശംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എന്നാൽ മണ്ഡലത്തിലെ വോട്ടിങ് ദിനത്തിൽ വലിയ ക്രമക്കേട് നടന്നതായി സിപിഎം ആരോപിച്ചിരുന്നു. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരിക്കുകയാണ്.

ബിജെപി കേന്ദ്ര സഹമന്ത്രി വിജയിച്ച സീറ്റായിരുന്നു ധൻപുർ. പ്രതിമ ഭൗമിക് രാജിവച്ചതിന് തുടർന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ധൻപൂർ മണ്ഡലം, സിപിഎം മുൻ മുഖ്യമന്ത്രി മണിക് സർക്കാർ വിജയിച്ചുകൊണ്ടിരുന്ന സീറ്റായിരുന്നു. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി ധൻപുർ സീറ്റ് നേടുന്നത്. ആകെയുള്ള 50,346 വോട്ടർമാരിൽ 8,000-ലധികം ഗോത്ര വോട്ടർമാരാണ് പോരാട്ടത്തിൽ പ്രധാനം.

അതേസമയം, 'ഇന്ത്യ' സഖ്യത്തിന് ആശ്വാസമേകുന്ന ഫലസൂചനകളാണ് ഉത്തർപ്രദേശിലേത്. യു പിയിലെ ഖോസി മണ്ഡലത്തിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പൊതുസ്ഥാനാർഥിയായ സമാജ്‌വാദി പാർട്ടിയുടെ സുധാകർ സിങ്ങിന് 4067 വോട്ടിന്റെ ലീഡാണുള്ളത്. 34 റൗണ്ടുകളിൽ ആദ്യ മൂന്നെണ്ണത്തിന്റെ ഫലങ്ങളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്.

ജാർഖണ്ഡിലെ ദുംരി മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയന്റെ യശോദാ ദേവിയാണ് മുന്നിൽ. 24 റൗണ്ടുകളിൽ ആകെ ഒരെണ്ണം മാത്രമാണ് എണ്ണിയിട്ടുള്ളത്. 'ഇന്ത്യ'യുടെ പൊതുസ്ഥാനാർഥി ജാർഖണ്ഡ് മുക്തി മോർച്ചയുടെ ബെബി ദേവിയെക്കാൾ 1264 വോട്ടുകളുടെ ലീഡാണ് എൻ ഡി എ സ്ഥാനാർത്ഥിക്കുള്ളത്. ജെ എം എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ദുംരി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായിരുന്ന ജഗർനാഥ് മഹ്തോ ഏപ്രിലിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ജെ എം എം സ്ഥാനാർഥി ബെബി ദേവി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്