ഇന്ത്യ-ചൈന നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിലെ നിർണായക ചുവടുവെപ്പായ യഥാർഥ നിയന്ത്രണരേഖയിലെ (എല്‍എസി) സൈനിക പിന്മാറ്റം ഒക്ടോബർ 28, 29 തീയതികളോടെ പൂർത്തിയാകും. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കന്നത്. ഇരുരാജ്യങ്ങളിലേയും സൈന്യം പിന്മാറുകയും നിർമിച്ചിരിക്കുന്ന ഘടനകള്‍ പൊളിച്ചുനീക്കുകയും ചെയ്തുകഴിഞ്ഞ് പട്രോളിങ് ആരംഭിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതിർത്തി തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും നിർണായകമായ കരാറിലെത്തിയതിന് പിന്നാലെയാണിത്. 2020 ഗാല്‍വാൻ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും വിജയകരമായ ഒരു സമവായത്തിലേക്ക് എത്തുന്നത്. കിഴക്കൻ ലഡാക്കിലെ എല്‍എസി ഡെംചോക്ക്, ഡെപ്‌സാംഗ് സമതലങ്ങള്‍ എന്നിവിടങ്ങളിലാണ് സൈനിക പിന്മാറ്റം.
നിലവിലെ കരാർ ഡെംചോക്കിനും ഡെപ്‌സാംഗിനും മാത്രമാണ് ബാധകമെന്ന് ഇന്ത്യൻ ആർമിയിലെ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് സംഘർഷമേഖലകള്‍ക്ക് കരാർ ബാധകമല്ല. ഇരുരാജ്യങ്ങളിലേയും സൈന്യങ്ങള്‍ 2020 ഏപ്രിലിന് മുന്നോടിയായി നിലനിന്നിരുന്ന സ്ഥാനങ്ങളിലേക്ക് മാറും. 2020ന് മുൻപ് പട്രോളിങ് നടത്തിയ മേഖലകളില്‍ ഇനി പട്രോളിങ് ആരംഭിക്കുമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സൈന്യം മേഖലയില്‍ നിന്ന് പിന്മാറിത്തുടങ്ങിയിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനുള്ള ധാരണ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം ലഘൂകരിക്കുന്നതിന്റെ ആദ്യ പടിയാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറയുന്നത്. ഇരുപക്ഷവും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അതിർത്തിയില്‍ സംഘർഷം രൂക്ഷമായത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ജയശങ്കർ പറയുന്നു. "മൂന്ന് സുപ്രധാനവിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കരാർ. ഒന്ന്, സൈനിക പിന്മാറ്റം, രണ്ട്, സംഘർഷത്തിന്റെ തീവ്രത കുറയ്ക്കല്‍, മൂന്ന്, അതിർത്തി തർക്കം എങ്ങനെ കൈകാര്യം ചെയ്യണം," ജയശങ്കർ പറഞ്ഞു.