INDIA

ജി20ക്ക് പിന്നാലെ ഇന്ത്യ-സൗദി ഉഭയകക്ഷി ചര്‍ച്ച; ഇരുരാജ്യങ്ങളും തമ്മില്‍ എട്ട് കരാറുകള്‍, റുപേ കാര്‍ഡ് അനുമതി പരിഗണനയില്‍

ഇന്ത്യയില്‍ സൗദി നടത്തുന്ന 10,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ വേഗത്തിലാക്കും

വെബ് ഡെസ്ക്

ജി20യില്‍ ഇന്ത്യ -ഗള്‍ഫ്യൂ -യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയും സൗദിയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു. ഇതോടെ ഇന്ത്യ -സൗദി വ്യാപാര ഇടപാടുകള്‍ രൂപയിലും റിയാലിലുമാക്കാനുള്ള നടപടികള്‍ ഉടന്‍ സാധ്യമാകുമെന്നാണ് കരുതുന്നത്.

ഊര്‍ജം, ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാണം, സഹകരണം, നിക്ഷേപങ്ങള്‍, കടല്‍വെള്ള ശുദ്ധീകരണം, വ്യവസായങ്ങള്‍, സുരക്ഷ, സാമ്പത്തികം എന്നീ പ്രധാന മേഖലകളുമായി ബന്ധപ്പെട്ടാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചകളുടെ തുടർച്ചയായിരുന്നു കരാർ.

തുറമുഖങ്ങള്‍, റെയില്‍വേ, മികച്ച റോഡുകള്‍, വൈദ്യുതി, ഗ്യാസ് ഗ്രിഡുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല സംബന്ധിച്ച കരാറുകളിലും ധാരണ

''കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും ആധുനികമായ മാറ്റം വരേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ തന്ത്രപ്രധാനമായ പങ്കാളികളിലൊന്നാണ്. ലോകത്തിലെ വലുതും അതിവേഗം വളരുന്നതുമായ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഞങ്ങള്‍ സഹകരിക്കേണ്ടത് അനിവാര്യമാണ്''- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ട് രാജ്യങ്ങളുടെ ഭാവിക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ ഇരുനേതാക്കളും പങ്കെടുത്തു.

ഹൈഡ്രോ കാര്‍ബണ്‍ ഊര്‍ജ പങ്കാളിത്തം, പുനരുപയോഗിക്കാവുന്ന പെട്രോളിയം തുടങ്ങിയവയാണ് ഒപ്പുവച്ചവയിൽ ഊർജമേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ടവ. ഇന്ത്യയില്‍ സൗദി നടത്തുന്ന 10,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ധാരണയിലെത്തി. നേരത്തെ തുടക്കമിട്ട റിഫൈനറി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ ഈ നിക്ഷേപം ഉപയോഗപ്പെടുത്തും. തുറമുഖങ്ങള്‍, റെയില്‍വേ, മികച്ച റോഡുകള്‍, വൈദ്യുതി, ഗ്യാസ് ഗ്രിഡുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല സംബന്ധിച്ചും കരാറുകളില്‍ ധാരണയുണ്ടായി.

ഇന്ത്യന്‍ സമൂഹത്തിന്, പ്രധാനമായും ഹജ്ജ് , ഉംറ തീര്‍ഥാടകർക്കായി സൗദി അറേബ്യയില്‍ റുപേ കാര്‍ഡുകള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നേക്കും. ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രധാന്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരത്തിലൂടെ 52 ബില്യണ്‍ ഡോളറിലധികം നേട്ടമുണ്ടാക്കാന്‍ ഇരുരാജ്യങ്ങൾക്കും സാധിച്ചിരുന്നു. 23 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താനുമായി.

ജി20 യില്‍ പ്രഖ്യാപിച്ച ഇന്ത്യ -ഗള്‍ഫ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി ഏഷ്യ -യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. ഇത് ചൈനയുടെ വൺ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഭീകരവാദവും ഇരുരാഷ്ട്ര നേതാക്കളുടേയും ചർച്ചയിൽ ഇടംപിടിച്ചു. തീവ്രവാദത്തെ ഏതെങ്കിലും മതമോ, സംസ്‌കാരമോ ആയി ബന്ധിപ്പിക്കാനുള്ള നീക്കങ്ങൾ തടയുമെന്നും ധാരണയായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ