കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വംശീയ അതിക്രമങ്ങളെ കരുതിയിരിക്കണമെന്ന ജാഗ്രതാ നിര്‍ദേശമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കെതിരെ കാനഡയില്‍ വംശീയ അതിക്രമം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇടപെടല്‍.
ഒട്ടാവയിലെ ഇന്ത്യന്‍ മിഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സസുലേറ്റുകളിലോ ബന്ധപ്പെട്ട് വ്യക്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം
പൗരന്മാര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കാനഡയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിനായി കാനഡയെ ആശ്രയിക്കുന്നത്.
വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഒട്ടാവയിലെ ഇന്ത്യന്‍ മിഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സസുലേറ്റുകളിലോ ബന്ധപ്പെട്ട് വെബ്‌സൈറ്റില്‍ വ്യക്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാനഡയില്‍ നേരത്തെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും ഗാന്ധിപ്രതിമകള്‍ക്ക് നേരെയും അക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.