പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി രൂപീകരിച്ച നാള്‍മുതല്‍ പ്രതിസന്ധികളെ നേരിടുകയാണ്. മുന്നണിയുടെ പേരിടലില്‍ തുടങ്ങിയ പിണക്കങ്ങള്‍, ഒടുവില്‍ ഓരോ കക്ഷികളായി പുറത്തുപോകുന്നതു വരെയെത്തി. ഉടക്കിപ്പിരിയലുകള്‍ തുടര്‍ക്കഥയായിടത്തുനിന്ന്, ചെറിയ പ്രതീക്ഷകളുമായി 'ഇന്ത്യ' സഖ്യം വീണ്ടും എഴുന്നേറ്റുനടക്കാന്‍ തുടങ്ങുകയാണ്.
നിതീഷ് കുമാറിന്റെ മുന്നണി വിടലും മമതയുടെ ഇടയലും ഉൾപ്പടെ സൃഷ്ടിച്ച വലിയ പ്രതിസന്ധികളിൽനിന്ന് മുന്നോട്ടുനീങ്ങുകയാണ് ഇന്ത്യ സഖ്യം. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാർട്ടിയുമായും ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജനം വിജയകരമാവുന്നത് നല്ല സൂചനയാണ്. പ്രാദേശിക നേതാക്കളുടെ കടുംപിടുത്തങ്ങളെ തല്‍കാലം മാറ്റി നിർത്തി, കേന്ദ്ര നേതൃത്വം നേരിട്ട് ചർച്ചക്കിറങ്ങിയതാണ് യുപിയിലും ഡല്‍ഹിയിലും മഞ്ഞുരുകലിന് കാരണമായത്.
കോൺഗ്രസ് രൂപീകരിച്ച സീറ്റ് വിഭജന സമിതിയിൽ അംഗമായ മുകുൾ വാസ്‌നികിന്റെ വസതിയിലാണ് സീറ്റ് വിഭജന ചർച്ചകൾ ഏറെയും നടന്നത്. സാഹചര്യത്തെ അൽപ്പം ലളിതമായി, വിട്ടുവീഴ്ചകളോടെ കൈകാര്യം ചെയ്യുകയെന്നതാണ് അദ്ദേഹം സ്വീകരിക്കുന്ന വഴി. കേന്ദ്ര നേതൃത്വവുമായി ഏറ്റവും അടുത്ത ആൾ കൂടിയാണ് മുകുൾ വാസ്‌നിക്ക്.
യുപിയില്‍ പ്രാദേശിക ഘടകത്തെ മാറ്റിനിര്‍ത്തി അഖിലേഷ് യാദവുമായി നേരിട്ട് ചര്‍ച്ച നടത്തിയത് പ്രിയങ്ക ഗാന്ധിയായിരുന്നു. പ്രാദേശിക നേതൃത്വം ഒരുതരത്തിലും അനുനയ നടപടിയില്‍ എത്തില്ലെന്ന തിരിച്ചറിവുണ്ടായപ്പോഴാണ്, സോണിയ പ്രിയങ്കയെ ദൗത്യമേല്‍പ്പിച്ചത്. അഖിലേഷ് പറഞ്ഞ ഉപാധികള്‍ അംഗീകരിച്ച പ്രിയങ്ക, പ്രാദേശിക നേതൃത്വത്തിന്റെ വലിയ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. പകരം, എസ് പി പറയുന്നത് വിശ്വസത്തിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഛണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹിയില്‍ ഒരുമിച്ചു നില്‍ക്കണമെന്ന ചിന്തയിലേക്ക് കോണ്‍ഗ്രസിനെയും എഎപിയെയും എത്തിച്ചത്. കെജ്രിവാളുമായി രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു.
തൃണമൂലിന്റെ സാധ്യതകൾ
എസ് പിക്കും എഎപിക്കും ശേഷം എല്ലാ കണ്ണുകളും നീളുന്നത് തൃണമൂൽ കോൺഗ്രസിലേക്കാണ്. മമത ബാനർജി പുനരാലോചനയ്ക്ക് തയ്യാറാകുമോ എന്നതാണ് ചോദ്യം. അസമിലും മേഘാലയയിലും ഓരോ സീറ്റ് വീതം നൽകാൻ കോൺഗ്രസ് തയ്യാറായാൽ, സംസ്ഥാനത്ത് മൂന്നാം സീറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ടിഎംസി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാൾഡയും ബെർഹാംപൂരുമാണ് നിലവിൽ കോൺഗ്രസിന് നല്‍കാമെന്ന് തൃണമൂല്‍ പറയുന്നത്. എട്ട് സീറ്റുകളാണ് കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ മമത ഒരിക്കലും ഇതിനോട് യോജിക്കാൻ സാധ്യതയില്ല. മമതയുമായി ഇടഞ്ഞുനില്‍ക്കുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിനിര്‍ത്തിയാണ് ഇപ്പോള്‍ തൃണമൂലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. മമതയെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ ദേശീയ നേതൃത്വം ശ്രദ്ധിക്കുന്നുമുണ്ട്.
ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക് എത്തിയേക്കാം. എന്നാല്‍, യുപിയില്‍ എസ്പിയുമായി ധാരണയിലെത്താന്‍ സാധിച്ചത് കോണ്‍ഗ്രസിന് മുന്നേറ്റത്തിന് സാധ്യത നല്‍കുന്നുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കു പരിശോധിച്ചാല്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2017ൽ യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഉണ്ടാക്കിയ എസ്പി- കോൺഗ്രസ് സഖ്യവും ‘യുപി കേ ലഡ്‌കെ’ എന്ന മുദ്രാവാക്യവും സമ്പൂർണ പരാജയമായിരുന്നു. ബിജെപി 312 സീറ്റുകളിൽ തകർപ്പൻ വിജയം നേടി അധികാരത്തിൽ എത്തി. ഒരുമിച്ച് പ്രവർത്തിക്കാനാകില്ലെന്ന് പല നേതാക്കളും ഇരു പാര്‍ട്ടി നേതൃത്വങ്ങളോടും വ്യക്തമാക്കുകയും ചെയ്തതാണ്. ഇരുപാർട്ടികളുടെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നേരത്തെ കണ്ടിട്ടുള്ള വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ 2017 ആവർത്തിക്കില്ലെന്ന് പറയാനാകുമോ?
ഇപ്പോഴും പാർട്ടികൾ തമ്മിൽ നില നിൽക്കുന്ന വിള്ളലുകൾ ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും എതിരാളികളാണ്. കർഷകരുടെ പ്രതിഷേധത്തോടെ, കർഷകർ തങ്ങളുടെ പക്ഷത്തുണ്ടെന്ന് ഉറപ്പാക്കാൻ ഇരു കൂട്ടരും നേരിട്ടറിങ്ങി പ്രവർത്തിക്കേണ്ടതുണ്ട്. ഗുജറാത്തിലും മുറുമുറിപ്പുകൾ ദൃശ്യമാണ്. എഎപിക്ക് ഇവിടെ ഒരു സീറ്റ് നൽകാമെന്നായിരുന്നു കരാർ. ബറൂച്ച് ആയിരുന്നു അത്. എന്നാൽ അഹമ്മദ് പട്ടേലിൻ്റെ മകൻ ഫൈസൽ പട്ടേലും പാർട്ടി പ്രവർത്തകരും എഎപിക്ക് വേണ്ടി പ്രചാരണത്തിനില്ലെന്ന് എക്‌സിലൂടെ അറിയിച്ചു. പിതാവിൻ്റെ മരണശേഷം മകള്‍ മുംതാസ് പട്ടേലിന് ബറൂച്ചിൽ നിന്ന് മത്സരിക്കാനായിരുന്നു താത്പര്യം. അതിനാൽ ഈ പുതിയ സഖ്യം ഇവിടെ ഏത് തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടക്കാകുമെന്ന് പറയാൻ സാധിക്കില്ല.