INDIA

ആക്രമണത്തിൽ കിറുകൃത്യം, ഇന്ത്യ അമേരിക്കയിൽനിന്ന് വാങ്ങുന്നത് മാരക പ്രഹരശേഷിയുള്ള പ്രിഡേറ്റർ ഡ്രോണുകൾ; ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം

വെബ് ഡെസ്ക്

ഹണ്ടർ കില്ലർ വിഭാഗത്തിൽപ്പെട്ട 31 പ്രിഡേറ്റർ ഡ്രോണുകൾ അമേരിക്കയിൽനിന്ന് വാങ്ങാൻ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇതിന് അനുമതി നൽകിയിരുന്നു.

വലിയ ഉയരത്തിൽനിന്ന് ശത്രു രാജ്യത്തെ ആക്രമിക്കാൻ കെൽപ്പുള്ള സൈനിക ഡ്രോണുകളാണ് ഇന്ത്യയ്ക്ക് ലഭിക്കുക. ഈ ഡ്രോണുകൾ കരസേന, നാവികസേന, വ്യോമസേനാ വിഭാഗങ്ങൾക്ക് വിതരണം ചെയ്യും. 32,000 കോടിരൂപയുടെ കരാറിൽ ഡ്രോണുകളുടെ അറ്റകുറ്റപ്പണികളടക്കം ഉൾപ്പെടും. അത് ഇന്ത്യയിൽതന്നെ ചെയ്തു കൊടുക്കുകയും ചെയ്യുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം.

പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വഴി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഡ്രോണുകൾ ഇനിയും വൈകുമെന്നതിനാലാണ് അമേരിക്കയിൽനിന്നു ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചക്കോടിക്കിടെയാണ് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ അമേരിക്കയുമായി ചർച്ച നടത്തിയത്.

2028 ഓടെ പ്രെഡേറ്റർ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരാണ് കരാറിൽ ഒപ്പുവെച്ചത്. എതിരാളികളെ ആക്രമിച്ച് കീഴ്പ്പെടുത്താൻ കഴിവുള്ള ഈ ഡ്രോണുകൾക്ക് വലിയ ഉയരങ്ങളിൽനിന്ന് കൃത്യമായ ഇടവേളകളിൽ ആക്രമിക്കാൻ സാധിക്കും. ഈ ഡ്രോണുകൾ കൂടി വരുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വർധിക്കും. ഇന്ത്യയുടെ നിരീക്ഷണ സംവിധാനവും ഇന്റലിജൻസും മെച്ചപ്പെടുത്താൻ ഈ ഡ്രോണുകളുടെ സഹായത്താൽ സാധിക്കും.

ദൂരെയുള്ള ലക്ഷ്യങ്ങളിലേക്കു കൃത്യതയോടെ ആക്രമണം നടത്താനാകുമെന്നതാണ് ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യയ്ക്ക് ഇത് ഏറ്റവുമധികം ഗുണം ചെയ്യാൻ പോകുന്നത് ഇന്ത്യൻ മഹാസമുദ്രമേഖലയിലാണ്. ചൈന ഈ മേഖലയിൽ അവരുടെ നാവികസേനയെ കൂടുതലായി വിന്യസിച്ച് ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അമേരിക്കയുമായുള്ള കരാർ ഗുണം ചെയ്യുമെന്നാണ് ഇന്ത്യ കരുതുന്നത്.

മേഖലയിലെ വൻ ശക്തിയായ ചൈന ഇതിനോടകം തന്നെ സ്വന്തം ഡ്രോണുകൾ വികസിപ്പിച്ചെടുത്തു. പാകിസ്താന് ചൈനീസ് നിർമിത ഡ്രോണുകൾ കൈമാറുകയും ചെയ്തു.
അയൽ രാജ്യങ്ങളിലെല്ലാം ചൈന പിടിമുറുക്കിയതിനു പുറമെ ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനയുടെ സാനിധ്യം ഏറിത്തുടങ്ങി. ഇതോടെയാണ് ഡിആർഡിഒ ഡ്രോണുകൾ വികസിപ്പിക്കുന്നതിനായി കാത്തുനിൽക്കാതെ അമേരിക്കയിൽനിന്ന് വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്സിൽനിന്നാണ് ഇന്ത്യ ഡ്രോണുകൾ വാങ്ങുന്നത്.

വരുന്നത് ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഡ്രോണുകൾ

എം ക്യു 9 ബി എന്നറിയപ്പെടുന്ന പ്രിഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ അമേരിക്കയിൽനിന്ന് വാങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള ഡ്രോണുകൾ ആണിവ. നിരീക്ഷണ ശക്തിയിലും ആയുധ പ്രഹരശേഷിയിലും മികച്ചത്.

എം ക്യു 9 ബിയിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ഏറെ മികവേറിയതാണ്. ഇന്ത്യയുടെ പക്കലുള്ള നിരീക്ഷണവിമാനമായ ബോയിങ് പി 8 ഐ യുടേതിനേക്കാൾ കൃത്യതയുള്ളവയാണ് എം ക്യു 9 ബിയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ. യമൻ തീരത്തെ ഗൾഫ് ഓഫ് ഏദൻ മുതൽ ഇന്തോനേഷ്യൻ തീരത്തെ സുന്ദ കടലിടുക്ക് വരെ വളരെ കൃത്യമായി ഇത് ഉപയോഗിച്ച് ഇന്ത്യക്ക് നിരീക്ഷിക്കാം.

ഇന്തോ- പസഫിക്ക് മേഖലയിൽ ആയുധങ്ങളും മയക്കുമരുന്നുമെല്ലാം കടത്തുന്ന കപ്പലുകളെ നിരീക്ഷിക്കാനും വേണ്ടിവന്നാൽ തകർക്കാനും ഇവകൊണ്ട് സാധിക്കും.
മേഖലയിൽ സജീവമായ ചൈനീസ് ചാരകപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കാനും ഈ ഡ്രോണുകൾ എത്തുന്നതിലൂടെ ഇന്ത്യയ്ക്കു കഴിയും. അന്തർവാഹിനികളെ വരെ നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുണ്ട് എം ക്യു 9 ബി ക്ക്.

സമുദ്രനിരീക്ഷണത്തിനായി വിന്യസിക്കുന്ന ഡ്രോണുകളുടെ ഓപറേഷൻ തമിഴ്നാട്ടിലെ ആരക്കോണം, ഗുജറാത്തിലെ പോർബന്തർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽനിന്നാവും. ചൈനീസ്, പാക് അതിർത്തികളിൽ വിന്ന്യസിക്കുന്നവ ഉത്തർപ്രദേശിലെ സർസാവ, ഗൊരഖ്പൂർ എന്നീ കേന്ദ്രങ്ങളിലിരുന്നും നിയന്ത്രിക്കും.

40,000 മുതൽ 50,000 അടിവരെ ഉയരത്തിൽ തുടർച്ചയായി 40 മണിക്കൂർ പറക്കാൻ ശേഷിയുള്ളവയാണ് ഈ പൈലറ്റില്ലാ വിമാനങ്ങൾ. ചൈന പാകിസ്താന് കൈമാറിയ ഡ്രോണുകളുടെ പറക്കൽ ശേഷി 20 മണിക്കൂർ മാത്രമാണ്.
ഉയർന്ന പ്രതലങ്ങളും മലനിരകളുമുള്ള ഇന്ത്യയിൽ നിരീക്ഷണത്തിനും ആക്രമണത്തിലും ഈ ഡ്രോണുകൾക്ക് വലിയ പങ്ക് വഹിക്കാനാവും.

ഏറ്റവും പ്രഹരശേഷിയുള്ള അമേരിക്കൻ മിസൈലുകളായ ഹെൽഫയർ മിസൈലുകളാണ് എം ക്യു 9 ബി ഡ്രോണുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. 170 ഹെൽഫയർ മിസൈലുകളും 310 ജി ബി യു 39 ബി പ്രിസിഷൻ ഗൈഡ് ബോംബുകളും വഹിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. നിലവിലെ കരാർ പ്രകാരം ഡിആർഡിഒ വികസിപ്പിക്കുന്ന ബോംബുകളോ മിസൈലുകളോ ഇതിൽ ഘടിപ്പിക്കാനാവില്ല.

ഉപഗ്രഹങ്ങൾ മുഖേനെ നിയന്ത്രിക്കുന്ന ഈ ഡ്രോണുകൾ നിലവിൽ നാറ്റോ രാജ്യങ്ങളിലെ തിരഞ്ഞടുക്കപ്പെട്ടവരും അമേരിക്കയുടെ സൈനിക പങ്കാളികളായ രാജ്യങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. ലക്ഷ്യം തെറ്റാതെ ആക്രമണം നടത്താൻ സാധിക്കുന്ന ഡ്രോണുകളെന്ന് അഫ്ഗാനിസ്ഥാനിലുൾപ്പെടെ അമേരിക്ക ഉപയോഗിച്ച് തെളിയിച്ചിട്ടുള്ളതാണ്.

കരാർ പ്രകാരം ഡ്രോണുകളുടെ സംയോജനം ഇന്ത്യയിലാവും നടക്കുക. മാത്രമല്ല, ഡ്രോണുകളുടെ നിർമാണത്തിനുപയോഗിക്കുന്ന 30 ശതമാനം ഉപകരണങ്ങളും പ്രതിരോധരംഗത്തെ ഇന്ത്യൻ വിതരണക്കാരിൽനിന്നാവും വാങ്ങുക. ഒപ്പം ഡിആർഡിഒയുടെ ഡ്രോൺ വികസനപദ്ധതിക്ക് അമേരിക്ക സഹായം നൽകുകയും ചെയ്യും. എന്നാൽ പ്രിഡേറ്റർ ഡ്രോൺ നിർമാണ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് അമേരിക്ക കൈമാറില്ല.

ഇന്ത്യ-അമേരിക്ക സർക്കാരുകൾ തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ പ്രതിരോധമേഖലയിൽ നിരവധി പുതിയ സംവിധാനങ്ങൾ വരാനിരിക്കുന്നത്. 31 പ്രിഡേറ്റർ ഡ്രോണുകൾക്കു പുറമെ ഹെൽഫയർ മിസൈലുകളും ജിബിയു 39ബി ഗിൽഡ് ബോംബുകളും നാവിഗേഷൻ സംവിധാനങ്ങളും സെൻസറുകളും മൊബൈൽ ഗ്രൗണ്ട് കണ്‍ട്രോൾ സംവിധാനങ്ങളുമുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയിലേക്കു വരും. ഇവ രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ലഭിച്ചു തുടങ്ങും. ആറു വർഷം കൊണ്ട് വിതരണം പൂർത്തിയാക്കും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം