രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിൽ. 7.30ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. 1800 പേർക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുള്ളത്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി ആശംസകൾ നേർന്നു.
ചെങ്കോട്ടയിൽ എത്തുന്ന മോദിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്വീകരിക്കും. സായുധ സേനയും ഡൽഹി പോലീസും ഗാർഡ് ഓഫ് ഓണർ നല്‍കും. തുടര്‍ന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ മാർക്ക്-III ധ്രുവ് വേദിയിൽ പുഷ്പ വൃഷ്ടി നടത്തും. ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകാനായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യും. ചെങ്കോട്ടയിലെ ചടങ്ങുകൾ നിയന്ത്രിക്കുക കരസേനയാവും. മണിപ്പൂർ വിഷയത്തിലുൾപ്പെടെ പ്രതിഷേധ സാധ്യതയുണ്ടാകാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ കനത്തസുരക്ഷാ സന്നാഹങ്ങളാണ് ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.
2021 മാർച്ച് 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും. സർക്കാരിന്റെ 'ഹർഘർ തിരംഗ മിഷൻ' രണ്ടാം പതിപ്പിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും ത്രിവർണ്ണ പതാക ഉയർത്താനും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു.
തിരഞ്ഞെടുത്ത ഗ്രാമമുഖ്യൻമാർ, കാർഷികോൽപ്പാദന സംഘടനാ പ്രതിനിധികൾ, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, സെൻട്രൽ വിസ്‌ത തൊഴിലാളികൾ, അതിർത്തിറോഡുകൾ നിർമിക്കുന്ന തൊഴിലാളികൾ, പ്രൈമറി സ്‌കൂൾ അധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി 1800 അതിഥികൾക്കാണ് ചടങ്ങുകളിലേക്ക് പ്രത്യേക ക്ഷണമുള്ളത്. അതിഥികളിൽ ചിലർ ദേശീയ യുദ്ധസ്മാരകവും സന്ദർശിക്കും. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും എഴുപത്തിയഞ്ച് ദമ്പതികളെ അവരുടെ പരമ്പരാഗത വസ്ത്രത്തിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
നാഷണൽ വാർ മെമ്മോറിയൽ, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാനം, രാജ് ഘട്ട്, ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ തുടങ്ങി 12 സ്ഥലങ്ങളിൽ സർക്കാരിന്റെ വിവിധ പദ്ധതികൾക്കും സംരംഭങ്ങൾക്കും വേണ്ടിയുള്ള സെൽഫി പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.