മൈക്ക് പോംപിയോയും സുഷമ സ്വരാജും 
INDIA

'തരംതാണ പ്രയോഗം'; സുഷമ സ്വരാജിനെതിരായ പോംപെയോയുടെ വിവാദ പരാമർശത്തെ അപലപിച്ച് ഇന്ത്യ

സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗമാണ് പുസ്തകത്തിൽ ഉള്ളതെന്ന് പോംപെയോയുടെ വാക്കുകളെ അപലപിച്ച്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു

വെബ് ഡെസ്ക്

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ വിവാദ പരാമർശം നടത്തിയ അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗമാണ് പുസ്തകത്തിൽ ഉള്ളതെന്ന് പോംപെയോയുടെ വാക്കുകളെ അപലപിച്ച്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

വിദേശകാര്യ ചർച്ചകളിൽ സുഷമ സ്വരാജ് പ്രധാന വ്യക്തി ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർത്ഥ പങ്കാളിയെന്നുമായിരുന്നു പോംപെയോയുടെ പരാമർശം. നിലവിലെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. 'നെവർ ഗിവ് ഇന്‍ ഇഞ്ച്: ഫൈറ്റിംഗ് ഫോർ ദി അമേരിക്ക ഐ ലവ്' എന്ന തന്റെ പുസ്തകത്തിലാണ് സുഷമ സ്വരാജിനെ ഇകഴ്ത്തുകയും ജയശങ്കറിനെ പുകഴ്ത്തുകയും ചെയ്യുന്നത്.

2019ലെ ഇന്ത്യ-പാക് പ്രശ്നത്തിൽ അമേരിക്ക ഇടപെട്ടപ്പോൾ അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിന് വലിയ പങ്കുണ്ടായിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അജിത് ഡോവലാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അന്ന് അദ്ദേ​ഹവുമായാണ് കൂടുതൽ ഇടപെട്ടതെന്നുമാണ് പോംപെയോ പുസ്തകത്തിൽ എഴുതിയത്. അജിത് ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ് ജയശങ്കറുമായാണ് തനിക്ക് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സൗഹൃദത്തിലായെന്നും പോംപെയോ പറയുന്നു. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴുഭാഷകള്‍ ജയശങ്കര്‍ സംസാരിക്കും. എന്നേക്കാൾ നന്നായി അദ്ദേഹം അത് കൈകാര്യം ചെയ്യുമെന്നും പോംപെയോ കൂട്ടിച്ചേർത്തു.

"പോംപെയോയുടെ പുസ്തകത്തില്‍ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടു. ഞാൻ എപ്പോഴും അവരെ വളരെ ബഹുമാനത്തോടെ കാണുകയും അവരോട് നല്ല അടുപ്പവും ഊഷ്മളമായ ബന്ധവും പുലർത്തുകയും ചെയ്തിരുന്നു. സുഷമയെ വിലയിരുത്താനായി അദ്ദേഹം ഉപയോഗിച്ച പ്രയോഗത്തെ അപലപിക്കുന്നു''- ജയശങ്കർ പ്രതികരിച്ചു. ഇന്ത്യയോടുള്ള അമേരിക്കയുടെ അവഗണന പതിറ്റാണ്ടുകൾ നീണ്ട ഉഭയകക്ഷി പരാജയമാണെന്നും പോംപെയോ തന്റെ പുസ്തകത്തിൽ പറയുന്നു.

2014 മെയ് മുതൽ 2019 മെയ് വരെ ആദ്യ നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശ്കാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ ആണവാക്രമണം ആസൂത്രണം ചെയ്തിരുന്നതായി സുഷമ സ്വരാജ് തന്നെ അറിയിച്ചിരുന്നതായും പോംപെയോ പുസ്തകത്തില്‍ അവകാശപ്പെട്ടു. എന്നാല്‍, പാക് സേനാ മേധാവിയെ ഇക്കാര്യം അറിയിച്ചപ്പോൾ, അത് ശരിയല്ലെന്നായിരുന്നു മറുപടി. പുല്‍വാമ ആക്രമണം ഉണ്ടാക്കിയ പ്രതിസന്ധിയില്‍, ഇരു രാജ്യങ്ങളെയും കാര്യങ്ങള്‍ ധരിപ്പിക്കാനും പരിഹരിക്കാനും തനിക്കും തന്റെ സംഘത്തിനും കഴിഞ്ഞുവെന്നും പോംപെയോ അവകാശപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ