INDIA

തൊഴിലാളികളുടെ ചോര വീഴ്ത്തുന്ന മോദിയുടെ 'സ്വപ്‌ന പദ്ധതി'; ആ 40 പേരെ രക്ഷിക്കാന്‍ തായ് സംഘം എത്തുമോ?

ഞായറാഴ്ച പുലര്‍ച്ചെയാണ്, അവര്‍ നാല്‍പ്പതുപേര്‍, എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്

വെബ് ഡെസ്ക്

2018 ജൂലൈ 2 തിങ്കളാഴ്ച രാത്രി 9 മണി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍, ഇടുങ്ങിയ പാറകളും വെള്ളക്കെട്ടുകളും കടന്ന്, ഇരുട്ടിനോട് പടവെട്ടി രണ്ടുപേര്‍, ബ്രിട്ടീഷ് രക്ഷാപ്രവര്‍ത്തകരായ ജോണ്‍ വോളന്തെനും റിക് സ്റ്റാന്‍ഡും തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലെ ആ പാറയുടെ അരികിലെത്തി. പതിമൂന്നുപേര്‍, പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും പത്തുദിവസമായി അവിടെ അവരേയും കത്തിരിപ്പുണ്ടായിരുന്നു. ശ്വാസമടക്കി പിടിച്ചിരുന്ന ലോകം, കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ വാര്‍ത്തകേട്ടു; കാണാതായ പന്ത്രണ്ട് കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പടുത്തിയിരിക്കുന്നു.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യങ്ങളില്‍ ഒന്നായിരുന്നു അത്. 2018 ജൂണ്‍ 23നായിരുന്നു ഫുട്‌ബോള്‍ പരിശീലനത്തിന് പോയ 11നും 16നും ഇടയില്‍ പ്രായമായ 12 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും ഗുഹയില്‍ അകപ്പട്ടത്. താം ലുവാങ് ഗുഹ വെറുതേയൊന്നു കാണാനാണ് പരിശീലന മത്സരം കഴിഞ്ഞ സംഘം ഗുഹയ്ക്കകത്തേക്ക് കടന്നത്. എന്നാല്‍ പെട്ടെന്നെത്തിയ മഴ വിധി മാറ്റിയെഴുതി. അകത്തേക്ക് കുറച്ചധികം പോയ കുട്ടികള്‍, പുറത്ത് മഴ തകര്‍ത്തു പെയ്യുന്നത് അറിഞ്ഞിരുന്നില്ല. തിരിച്ചിറങ്ങാന്‍ നോക്കുമ്പോഴേക്കും വെള്ളം കൊണ്ടു നിറഞ്ഞിരുന്നു. എന്തുചെയ്യണം എന്നറിയാതെ, അവര്‍ ഗുഹയ്ക്കുള്ളിലെ ഉയരം കൂടിയ പാറയ്ക്ക് മുകളില്‍ ഇരിപ്പുറപ്പിച്ചു.

തായ്‌ലന്‍ഡ് ഗുഹയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം

കുട്ടികളെ കാണാതായതോടെ, മാതാപിതാക്കള്‍ പോലീസ്‌ സ്റ്റേഷനിലെത്തി. അന്വേഷണം നടക്കുന്നതിനിടയില്‍, വനപാലകരില്‍ നിന്ന് ആ വിവരമെത്തി, താം ലുവാങ് ഗുഹയ്ക്ക് സമീപം ചില സൈക്കിളുകള്‍ ഇരിക്കുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഗുഹയ്ക്ക് അരികില്‍ കുട്ടികളുടെ ബാഗും ഷൂസു കണ്ടെത്തി. ലോകം കണ്ടതില്‍വെച്ച് ഏറ്റവും ആകാംക്ഷഭരിതമായ രക്ഷാദൗത്യത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു. ഇത്രയും ഇപ്പോള്‍ പറഞ്ഞത് എന്തെന്നാല്‍, ഉത്തരാഖണ്ഡിലും സമാനമായൊരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഉത്തരകാശിയില്‍ അഞ്ചു ദിവസമായി തകര്‍ന്ന ടണലിനുള്ളില്‍ കുടുങ്ങിയ നാല്‍പ്പത് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, തായ്‌ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

തായ്‌ലന്‍ഡ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷാസംഘം കണ്ടെത്തിയപ്പോൾ

തായ്‌ലന്‍ഡിന് 'സമാന സാഹചര്യം'

ഞായറാഴ്ച പുലര്‍ച്ചെയാണ്, അവര്‍ നാല്‍പ്പതുപേര്‍, എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടയാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മണ്ണിടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്നുവീണ് തുരങ്കത്തില്‍ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു.

തായ്‌ലന്‍ഡ് ഗുഹയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം

ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ സഹായത്തടെ ഹൈ പവര്‍ ഡ്രില്ലിങ് മെഷീനുകള്‍ കൊണ്ടുവന്ന് പാറ തുരക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അകത്തുള്ള തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ക്ക് വേണ്ട ഓക്‌സിജനും വെള്ളവും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് രക്ഷാസംഘം പറയുന്നത്. എന്നാല്‍, 'ഞങ്ങളെ പുറത്തെത്തിക്കൂ' എന്ന് തുരങ്കത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടനിലവിളി നാട്ടുകാരുടേയു ബന്ധുക്കളുടേയും ശക്തമായ പ്രതിഷേധത്തിന് കാരണമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ സാഹചര്യമാണ്, തായ്‌ലന്‍ഡില്‍ കുട്ടികളെ രക്ഷിച്ച സംഘത്തിന്റെ വിദഗ്‌ദോപദേശം തേടാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

'നോര്‍വേ, തായ്‌ലന്‍ഡ് രക്ഷാ ദൗത്യ സംഘങ്ങളോട് സഹായം തേടിയിട്ടുണ്ട്. തായ്‌ലന്‍ഡില്‍ കുട്ടികളെ ഗുഹയില്‍ നിന്ന് രക്ഷിച്ച കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്.' ഉത്തരകാശി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്രിതി പന്‍വര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടേ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പാറ തുരന്ന് തൊഴിലാളികള്‍ക്ക് അരികിലേക്ക് എത്താനുള്ള ആദ്യശ്രമം വിജയം കണ്ടില്ല.

ഉത്തരകാശി ടണലിലെ രക്ഷാപ്രവര്‍ത്തനം

'ഉറപ്പില്ലാത്ത പാറ തുരക്കുന്നത് വെല്ലുവിളിയാണ്. ഒരുവശത്ത് തുരന്നാല്‍, മറുവശം ഇടിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് മുന്‍നിര്‍ത്തി വളരെ സൂക്ഷ്മമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.'- നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അന്‍ഷു മനിഷ് ഖല്‍കോ പറഞ്ഞു.

അപകടം നടന്ന മേഖലയ്ക്ക് സമീപം ഭൂമികുലുക്കം അനുഭവപ്പെട്ടത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായ ബാധിച്ചു. പാറ തുരന്നുണ്ടാക്കിയ ചെറിയ തുരങ്കത്തിലൂടെ പൈപ്പുകള്‍ കടത്തിവിട്ട് ഇതിലൂടെയാണ്, തൊഴിലാളികള്‍ക്ക് ഓക്‌സിജനും വെള്ളവും ഭക്ഷണവും എത്തിക്കുന്നത്. അകത്ത് കുടുങ്ങിക്കടക്കുന്നവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ചില തൊഴിലാളികള്‍ക്ക് നിര്‍ജ്ജലീകരണവും തലവേദനയും അനുഭവപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ സഹായത്തിനായി വിദഗ്ധരായ ഡോക്ടര്‍മാരേയും ഇവിടെ എത്തിച്ചിട്ടുണ്ട്.

തൊഴിലാളികളെ കെണിയിലാക്കിയ മോദിയുടെ 'സ്വപ്‌ന പദ്ധതി'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ് അറിയപ്പെടുന്ന ചാര്‍ ധാം ഹൈവേ പ്രോജക്ടിന്റെ ഭാഗമായാണ് ഉത്തരകാശിയിലെ സിക്യാര- ദംദാഗാവ് ടണല്‍ നിര്‍മ്മിക്കുന്നത്. നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ തുടക്കഭാഗമാണ് തകര്‍ന്നത്. ടണല്‍ നിര്‍മ്മാണത്തിനായി നിരവധി തൊഴിലാളികളാണ് രാത്രി പകലില്ലാതെ ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്.

ഉത്തരകാശി ടണലിലെ രക്ഷാപ്രവര്‍ത്തനം

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നാല് പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ചാര്‍ ധാം ഹൈവേ നിര്‍മ്മിക്കുന്നത്. നരേന്ദ്ര മോദിയുടെ ഈ സ്വപ്‌ന പദ്ധതിക്ക് എതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഹിമാലയന്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് മലതുരന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്ന പ്രധാന വിമര്‍ശനം.

സുരക്ഷിതമല്ലാത്ത രീതിയിലാണ് നിര്‍മ്മാണ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് എന്ന വിമര്‍ശനവും ശക്തമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഭരണകൂടത്തിന്റെ അനാവശ്യ തിടുക്കം കാരണമുള്ള അശ്രദ്ധ കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിഹാറില്‍ ഗംഗയ്ക്ക് മുകളിലൂടെ നിര്‍മ്മിച്ച പാലം രണ്ടുതവണ തകര്‍ന്നതും ഈയിടെ രാജ്യം കണ്ടു. ഭരണകൂടങ്ങളുടെ അശ്രദ്ധയും അമിത തിടുക്കവും പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മറന്നുള്ള വികസന കാഴ്ചപ്പാടുമാണ് ഇത്തരം അപകടങ്ങളിലേക്ക് ദിവസക്കൂലിക്കാരയ തൊഴിലാളികളെ തള്ളിവിടുന്നത് എന്ന വിമര്‍ശവും ശക്തമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ