INDIA

ജമ്മു-കശ്മീര്‍ ആഭ്യന്തര കാര്യം; പാകിസ്താന്‍ ഇടപെടേണ്ട, യുഎന്‍ അസംബ്ലിയില്‍ മറുപടിയുമായി ഇന്ത്യ

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കഖാര്‍ കശ്മീര്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു

വെബ് ഡെസ്ക്

യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തിലെ പാകിസ്ഥാന്റെ ജമ്മു കശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഇന്ത്യ. ജമ്മുവും ലഡാക്കും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പാകിസ്ഥാന്‍ അതില്‍ അഭിപ്രായം അറിയിക്കണ്ടെന്നും ഇന്ത്യ അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78ാം സെഷനില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കഖാര്‍ കശ്മീര്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതിയതിന് തൊട്ടടുത്ത ദിവസമാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങള്‍ നടത്തുന്നതിന് ഈ ഫോറം ദുരുപയോഗം ചെയ്യുന്നതിലൂടെ പാകിസ്താന്‍ ഒരു സ്ഥിരം കുറ്റവാളിയായി മാറുകയാണെന്ന് ജനറല്‍ അസംബ്ലിയുടെ രണ്ടാമത്തെ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായ പെറ്റല്‍ ഗഹ്‌ലോട്ട് പ്രതികരിച്ചു. മനുഷ്യാവകാശത്തിലെ അപകടകരമായ സ്വന്തം റെക്കോര്‍ഡില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോര്‍ഡുകളുള്ള രാജ്യമാണ് പാകിസ്ഥാന്‍. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് പാകിസ്താന്‍ സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത് നന്നായിരിക്കുമെന്നും ഗഹ്‌ലോട്ട് പറഞ്ഞു. കഴിഞ്ഞ മാസം ഫൈസലാബാദ് ജില്ലയില്‍ ക്രിസ്ത്യന്‍ പളളികളും വീടുകളും അക്രമിച്ച സംഭവത്തെക്കുറിച്ചും അസംബ്ലിയില്‍ ഗഹ്‌ലോട്ട് ഉന്നയിച്ചു.

പാകിസ്ഥാന്റെ മനുഷ്യാവകാശ കമ്മീഷനെ ഉദ്ധരിച്ച് ഓരോ വര്‍ഷവും ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏകദേശം 1000 സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതായും നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നതായും ഗെഹ് ലോട്ട് സൂചിപ്പിച്ചു. ലോകത്ത് അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തീവ്രവാദ സംഘടനകളുടെയും തീവ്രവാദികളുടെയും വീടും സംരക്ഷകരുമാണ് പാകിസ്ഥാന്‍. സാങ്കേതികപരമായ കുതന്ത്രങ്ങള്‍ക്ക് നില്‍ക്കാതെ മുംബൈ ഭീകരാക്രമണത്തിലെ ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഭീകരാക്രമണത്തിന്റെ ഇരകള്‍ 15 വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേഷ്യയില്‍ സമാധാനം ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ സ്വീകരിക്കേണ്ട മൂന്ന് ഘട്ടങ്ങളെക്കുറിച്ചും ഇന്ത്യ സൂചിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുകയും തീവ്രവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി അടച്ചുപൂട്ടുകയും ചെയ്യുക, നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഒഴിയുക, പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഇന്ത്യ മുന്നോട്ട് വെച്ച മൂന്ന് ഘട്ടങ്ങള്‍. മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അയല്‍ രാജ്യങ്ങള്‍ക്കിടയിലെ സമാധാനത്തിന്റെ താക്കോലാണ് കശ്മീര്‍ എന്നായിരുന്നു കഖാറിന്റെ പരാമര്‍ശം. ഇന്ത്യ അടക്കമുളള അയല്‍ രാജ്യങ്ങളോട് സമാധാനപരവും ഉല്‍പ്പാദനപരവുമായ ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ അനധികൃത അധിനിവേശത്തെയും കകാര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാനെ വിമര്‍ശിച്ച് കൊണ്ട് ഇന്ത്യയും രംഗത്തെത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ