യുഎന്‍ രക്ഷാ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കൊല്ലപ്പെട്ട അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ആതിഥ്യമൊരുക്കുകയും അയല്‍രാജ്യത്തെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യമെന്ന നിലയില്‍ പാകിസ്താന് ഇത്തരം പ്രസ്താവനകൾ നടത്താനുള്ള യോഗ്യതയില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കറിന്റെ വിമർശനം. ഇന്ത്യയുടെ അധ്യക്ഷതയിൽ ഭീകരവാദത്തെ എങ്ങനെ നേരിടാം, പരിഷ്കരിച്ച ബഹുരാഷ്ട്രവാദം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.
''അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ നമ്മൾ അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കും. സ്വാഭാവികമായും നമുക്ക് നമ്മുടെ പ്രത്യേക കാഴ്ചപ്പാടുകൾ ഉണ്ടാകും. എന്നാൽ ആഗോള പ്രശ്‌നങ്ങൾക്ക് ഒരുമിച്ച് നിന്ന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും പ്രസംഗങ്ങളും അനുവദിക്കാൻ കഴിയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഒരു ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണ്. അൽ ഖ്വായ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തിന്‍റെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യുഎന്‍ രക്ഷാ കൗൺസിലിന് മുന്നില്‍ പ്രസംഗിക്കാനുള്ള യാതൊരു യോഗ്യതയുമില്ല''- ജയശങ്കർ പറഞ്ഞു.
തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല
തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്ലാ രാജ്യങ്ങളും അടിയന്തരമായി ഒന്നിച്ച് നിന്ന് പോരാടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ചില കാഴ്ചപ്പാടുകള്‍ സ്വാഭാവികമായും ഉണ്ട്. എന്നാല്‍ അതിനൊക്കെ അപ്പുറം എല്ലാവരും ഒന്നിക്കേണ്ടതുണ്ട്', വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനം, യുദ്ധം, തീവ്രവാദം തുടങ്ങിയവ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് യുഎന്നിന്റെ വിശ്വാസ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2001 ഡിസംബര്‍ 13നാണ് ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചത്. ആക്രണണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനും ബഹുരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക യുഎന്‍ സെക്യൂരിറ്റി യോഗത്തിലാണ് ഇരു വിദേശകാര്യമന്ത്രിമാരും തമ്മില്‍ വാക്‌പോര് രൂക്ഷമായത്.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. ഇന്ത്യയുടെ തീരുമാനം പാകിസ്താനെ പ്രകോപിപ്പിക്കുകയും ഇത് നയതന്ത്രബന്ധം വഷളാക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യ അതിനോട് പ്രതികരിച്ചത്. യാഥാർത്ഥ്യം അംഗീകരിക്കാനും ഇന്ത്യയ്ക്കെതിരെയുള്ള പ്രചാരണങ്ങളെല്ലാം അവസാനിപ്പിക്കാനും പാകിസ്‌താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനുമായി ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യവും ഇന്ത്യ നേരത്തേ ഐക്യരാഷ്ട്ര സഭയില്‍ മുന്നോട്ട് വെച്ചിരുന്നു
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരായ ഗൂഢാലോചന പാകിസ്താനില്‍ നടക്കുന്നുവെന്നും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യവും ഇന്ത്യ നേരത്തേ ഐക്യരാഷ്ട്ര സഭയില്‍ മുന്നോട്ട് വെച്ചിരുന്നു. കശ്മീര്‍ വിഷയം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളെ വേട്ടയാടല്‍ എന്നീ വിഷയങ്ങളില്‍ ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനം പാകിസ്താന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം മണ്ണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയാഗിക്കുന്ന ഒരു രാജ്യം ഇന്ത്യക്കെതിരെ എങ്ങനെ ഇത്തരത്തിലുള്ള ആരോപണം ഉയര്‍ത്തുമെന്നായിരുന്നു ഇന്ത്യയുടെ മറുചോദ്യം.