INDIA

ചൈനീസ് മാധ്യമപ്രവർത്തകർക്ക് 'നോ' പറഞ്ഞ് ഇന്ത്യ; അവസാന റിപ്പോർട്ടറെയും പുറത്താക്കി

ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവയുടെ മാധ്യമപ്രവർത്തകനെയാണ് വിസ കാലാവധി നീട്ടിനല്‍കാതെ കേന്ദ്രസർക്കാർ പുറത്താക്കിയത്

വെബ് ഡെസ്ക്

രാജ്യത്ത് അവശേഷിച്ചിരുന്ന അവസാന ചൈനീസ് മാധ്യമപ്രവർത്തകനെയും പുറത്താക്കി ഇന്ത്യ. ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസിയായ ഷിൻഹുവയുടെ മാധ്യമപ്രവർത്തകനെയാണ് വിസ കാലാവധി നീട്ടിനല്‍കാതെ കേന്ദ്രസർക്കാർ പുറത്താക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ അസ്വാരസ്യങ്ങളാണ് നടപടികൾക്ക് പിന്നിൽ. രണ്ടാഴ്ചകൾക്ക് മുൻപ് ഇന്ത്യൻ മാധ്യമപ്രവർത്തകനെ ചൈനയും പുറത്താക്കിയിരുന്നു.

ചൈനയില്‍ നിലവിൽ ഒരേയൊരു ഇന്ത്യൻ മാധ്യമപ്രവർത്തകനെ അവശേഷിക്കുന്നുള്ളൂ

നാല് ദശാബ്ദങ്ങൾക്കിടയിൽ ആദ്യമാണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന എല്ലാ ചൈനീസ് മാധ്യമപ്രവർത്തകരെയും ഇന്ത്യ പുറത്താക്കുന്നത്. ഒരാഴ്ച മുൻപ് ചൈനീസ് മാധ്യമപ്രവർത്തകന് വിസ കാലാവധി പുതുക്കി നൽകില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

ചൈനയില്‍ നിലവിൽ ഒരേയൊരു ഇന്ത്യൻ മാധ്യമപ്രവർത്തകനെ അവശേഷിക്കുന്നുള്ളൂ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്റ്റാഫായ കെജെഎം വർമയ്ക്ക് ഓഗസ്റ്റ് വരെയാണ് വിസ കാലാവധിയുള്ളത്. അദ്ദേഹത്തിന് അവിടെ തുടരാൻ കഴിയുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം വർമയ്ക്ക് തിരിച്ചടിയായേക്കും എന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ചൈനയിൽ സാധാരണ ജീവിതം നയിക്കുകയാണെന്നും ജൂൺ പന്ത്രണ്ടിന് ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് അവശേഷിക്കുന്ന ചൈനീസ് മാധ്യമപ്രവർത്തകനെ ഇന്ത്യയിൽ തുടരാൻ അനുവദിച്ചില്ലെങ്കിൽ മറുപടി നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

2020ൽ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. അതിന് ശേഷം ചൈനീസ് പത്രപ്രവർത്തകർക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള അപേക്ഷകൾ അംഗീകരിച്ചിട്ടില്ല. കൂടാതെ, അവരുടെ ഇന്ത്യയിലെ വിസ കാലാവധി ഒന്ന് മുതൽ മൂന്ന് മാസം വരെയായി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. 14 മാധ്യമപ്രവർത്തകരുണ്ടായിരുന്ന ഇന്ത്യയിൽ ഒരാൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ നടപടികൾക്ക് അതേ നാണയത്തിൽ തന്നെയാണ് ചൈനയും മറുപടി പറഞ്ഞത്. ഈ വർഷം തുടക്കത്തില്‍ നാല് ഇന്ത്യൻ മാധ്യമപ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ഏപ്രിലിൽ രണ്ട് പേരുടെ വിസ ചൈന മരവിപ്പിച്ചു. ഇന്ത്യയുടെ നടപടികൾക്കുള്ള പ്രതിഭലനമാണിതെന്ന് എന്നായിരുന്നു ചൈനയുടെ വിശദീകരണം.

മെയ് മാസം ഇന്ത്യ വീണ്ടും ഒരു ചൈനീസ് മാധ്യമപ്രവർത്തകനെ കൂടി പുറത്താക്കിയതോടെ അവശേഷിച്ചിരുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളോട് കൂടി രാജ്യം വിടാൻ ആവശ്യപ്പെട്ടുയായിരുന്നു. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ ചൈനയെ പല തരത്തിൽ ഉപരോധിക്കുന്ന നടപടികൾ ഇന്ത്യ കൈകൊണ്ടിരുന്നു. നൂറുകണക്കിന് ചൈനീസ് ആപ്പുകൾ ഇന്ത്യ അതിന്റെ ഭാഗമായി നിരോധിച്ചിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ