INDIA

കയറ്റുമതി- ഇറക്കുമതി അന്തരം വര്‍ധിച്ചു; സ്ഥിതി ആശങ്കാജനകമെന്ന് സാമ്പത്തിക വിദഗ്ധര്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ വ്യാപാര കമ്മി (ട്രേഡ് ഗ്യാപ്) വര്‍ധിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ വ്യാപാര കമ്മിയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഇറക്കുമതി വര്‍ധിക്കുന്നതും കയറ്റുമതി കുറയുന്നതുമായ സാഹചര്യമാണ് ട്രേഡ് ഗ്യാപ് അഥവാ വ്യാപാര കമ്മി.

രാജ്യത്തെ ഇറക്കുമതിയില്‍ 37 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ കയറ്റുമതിയില്‍ 1.5 ശതമാനം കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാര കമ്മി ഇരട്ടിയോളം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റിലെ വ്യാപാര കമ്മി 11.6 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ ഇത്തവണ ഇത് 28.7 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. വ്യാപാര കമ്മിയിൽ ഉണ്ടായ രണ്ടര മടങ്ങ് വര്‍ധന ആശങ്കാജനകമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

വ്യാപാരത്തിലും കറന്റ് അക്കൗണ്ടിലും വർദ്ധിച്ച് വരുന്ന കമ്മി രാജ്യത്തെ കറൻസിയെ ഇനിയും ദുർബലപ്പെടുത്തുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം ആർബിഐയുടെ വിദേശ വിനിമയ കരുതൽ ശേഖരത്തെയും പ്രതികൂലമായി ബാധിച്ചേക്കും.

2003-04 മുതൽ 2008-09 വരെയുള്ള സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ മുന്നേറ്റം ഇറക്കുമതിയിൽ 26% വർധന ഉണ്ടാക്കി. അതേ കാലയളവിൽ കയറ്റുമതി 22% വ‍ർധിച്ചു. അന്ന് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട നിലയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

2008ന് ശേഷം ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായിരുന്നു. ഇതിന്റെ പരിണിതഫലമെന്നോണം 2011 മുതൽ 2019 വരെ രാജ്യത്ത് വ്യാപാര മേഖലയിൽ കാര്യമായ ക്ഷീണമുണ്ടായി. 2013 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഇറക്കുമതി 4-5% മാത്രമാണ് വളർന്നത്. ഈ കാലയളവിൽ കയറ്റുമതിയും ഇടിഞ്ഞിരുന്നു.

സമാനമായ സാഹചര്യം വീണ്ടും രൂപപ്പെടുമ്പോള്‍ സര്‍ക്കാര്‍ നയങ്ങളിലെ മാറ്റമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡീസൽ, പെട്രോൾ, വ്യോമയാന ഇന്ധനം, ഗോതമ്പ്, സ്റ്റീൽ, ഇരുമ്പ് തുടങ്ങി ഇന്ത്യയില്‍ നിന്നും വൻതോതിൽ കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കയറ്റുമതിയുടെ സ്വഭാവം മാറ്റിയെന്നാണ് വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം പറയുന്നത്. ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി തീരുവ വര്‍ധിപ്പിച്ചതും ഈ മേഖലയെ ബാധിച്ചിട്ടുണ്ട്.

ബസ്മതി ഇതര അരിക്ക് മാത്രം 20% കയറ്റുമതി നികുതിയാണ് ഈ ആഴ്ചയിൽ ചുമത്തിയത്. ഇത് ഇന്ത്യയുടെ മൊത്തം അരി കയറ്റുമതിയായ 21 ദശലക്ഷം ടണ്ണിന്റെ 80 ശതമാനത്തിലധികം വരും.

എന്നാല്‍, ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ആഭ്യന്തര വിപണയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷയെന്നാണ് വിലയിരുത്തല്‍. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇടപെടലാണ് നടത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഗോതമ്പിനും അരിക്കും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയവുമുണ്ടെന്നും ഇവർ ആരോപിക്കുന്നു . അനിയന്ത്രിതമായ കയറ്റുമതി ഭക്ഷ്യധാന്യ ശേഖരത്തിന്റെ ആഭ്യന്തര ശേഖരണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുള്‍പ്പെടെ ഈ വാദത്തിന് കരുത്ത് പകരുന്നു.

സ്റ്റീല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വിലവര്‍ധന രാജ്യത്തെ നിര്‍മ്മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള ക്ഷേമ പരിപാടികളുടെ ചെലവ് വർധിക്കാൻ പോലും കാരണമായേക്കും. ഇതും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുക്രെയ്ൻ സംഘർഷം ആഗോള വിപണിയെ സാരമായി ബാധിച്ചിരുന്നു. കറന്‍സികളുടെ മൂല്യം ഇടിഞ്ഞത് ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ പോലും പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനികളുടെ വലിയ മാര്‍ക്കറ്റായിരുന്നു ഈ രാജ്യങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഈ വർഷം ബജാജ് ഓട്ടോ, ഹീറോ ഹോണ്ട, ടിവിഎസ് എന്നിവയുടെ കയറ്റുമതി 15-20% കുറഞ്ഞിരുന്നു.

കയറ്റുമതി നിയന്ത്രിക്കുമ്പോള്‍ സമാനമായി ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ് വ്യാപാര കമ്മി കൂടാന്‍ ഇടയാക്കുന്ന മറ്റൊരു സാഹചര്യം. ചൈനയിൽ നിന്നുള്ള ഇറക്കുമതി 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ചൈനയിലേക്കുള്ള കയറ്റുമതി പരിശോധിച്ചാല്‍ 35 ശതമാനത്തിന്റെ കുറവും പ്രകടമാണ്.

അതേസമയം, ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം കേന്ദ്ര സര്‍ക്കാരും, റിസര്‍വ് ബാങ്കും ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓഗസ്റ്റ് മാസമുണ്ടായ വ്യാപാര കമ്മി വരും കാലത്തേക്കുള്ള ഒരു മുന്നറിയിപ്പാണെന്നും സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും