INDIA

കാൽ നൂറ്റാണ്ട്, ഇന്ത്യയില്‍ ഇല്ലാതായത് 20 ലക്ഷം ഹെക്ടറിലെ മരങ്ങള്‍; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മരംമുറി വ്യാപകം

വെബ് ഡെസ്ക്

കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായത് ഇരുപത് ലക്ഷം ഹെക്ടറില്‍ അധികം വരുന്ന പ്രദേശത്തെ മരങ്ങളെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹ വിവരങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനത്തിലെ മാറ്റങ്ങള്‍ ട്രാക്കുചെയ്യുന്ന ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ (ജിഎഫ്ഡബ്ല്യു) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് മരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2002 മുതല്‍ 2023 വരെ 4,14,000 ഹെക്ടര്‍ പ്രാഥമിക വനം രാജ്യത്തിന് നഷ്ടപ്പെട്ടു, ഇതേ കാലയളവില്‍ ഇല്ലാതായ മൊത്തം മരങ്ങളുടെ 18 ശതമാനമാണ് ഈ കണക്ക്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മരം മുറി വ്യാപമായി തുടരുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2001 നും 2023 നും ഇടയില്‍ നഷ്ടമായ മരങ്ങളില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം നഷ്ടമായത്. സംസ്ഥാനത്ത് നിന്ന് 324,000 ഹെക്ടര്‍ മരങ്ങളാണ് നഷ്ടമായത്. മിസോറാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവയാണ് മറ്റുസംസ്ഥാനങ്ങള്‍.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയോട് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദീകരിച്ച ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് ഡാറ്റ വെച്ചുള്ള റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഹരിത ട്രിബ്യൂണല്‍ സ്വമേധയ വിഷയത്തില്‍ ഇടപെട്ടത്. ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, വിദഗ്ദ അംഗം ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങിയ സമിതിയാണ് വിശദീകരണം തേടിയത്.

വനസംരക്ഷണ നിയമം, 1980, വായു (മലിനീകരണം തടയല്‍, നിയന്ത്രണം) നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് എന്ന് വ്യക്തമാക്കിയാണ് ട്രിബ്യൂണല്‍ നടപടി.

ഓഗസ്റ്റ് 28 ന് മുൻപ് വിവിധ മന്ത്രാലയങ്ങൾ വിഷയത്തിലുള്ള വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശം. 2000 മുതൽ വടക്ക് കിഴക്കൻ മേഖലയെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, 2024 മാർച്ച് വരെയുള്ള കാലയളവിൽ ഓരോ അഞ്ച് വർഷത്തെ ഇടവേളയിലും ഇന്ത്യയിലെ വനമേഖലയിലുണ്ടായ മാറ്റം കാണിക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർവേ ഓഫ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, 2015 മുതൽ 2020 വരെ ഇന്ത്യയിൽ പ്രതിവർഷം 668,000 ഹെക്ടർ വനനശീകരണം നടന്നിട്ടുണ്ടെന്നും ഇത് ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന വനനശീകരണമാണെന്നും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും