വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഒന്നാമത്. കടുവകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ കടുവകളുടെ ആകെ എണ്ണമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ അതിന്റെ 70 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് കടുവകളുടെ എണ്ണം വര്‍ധിച്ചതിനെ കുറിച്ച് വ്യക്തമാക്കിയത്. ജസ്റ്റിസ്മാരായ കെ എം ജോസഫ് , ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന ബഞ്ചിന് മുമ്പാകെ അഡീഷണല്‍ സോളിറ്റര്‍ ജനറലായ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിവര്‍ഷം 6 ശതമാനമാണ് രാജ്യത്ത് കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
2018ലാണ് വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് 76,000 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 2,967 കടുവകളെ താമസിപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ 53 സംരക്ഷണ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ പ്രജനനം നടത്തേണ്ടതില്ലെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്. പ്രകൃതിദത്തമായ ആവാസ വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് അത്. 2006, 2020, 2014 വർഷങ്ങളിൽ ഇതേ രീതി പിന്തുടര്‍ന്നത് ഏറെ ഫലപ്രദമായിരുന്നെന്നുമാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നിട്ടുകൂടി വംശനാശ ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് കടുവകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. വേട്ടയാലും, ആവാസ വ്യവസ്ഥിതിയിലുണ്ടായ വ്യതിയാനവും മൂലം രാജ്യത്ത് കടുവകളുടെ എണ്ണം രണ്ടായിരത്തിന് താഴെ എത്തിയിരുന്നു. എന്നാല്‍, 2022 ഓടെ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധവ് ഉണ്ടാവുകയായിരുന്നു.