സാമ്പത്തിക, മാനുഷിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. മാനുഷിക സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രതിസന്ധി പരിഹാരത്തിനായി, ശ്രീലങ്കന്‍ രാഷ്ട്രീയ-സൈനിക നേതൃത്വം എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നതും ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കൊളംബോയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരോടും നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ചൈനീസ് താല്‍പര്യങ്ങളെയും ഇന്ത്യ ശ്രദ്ധാപൂര്‍വമാണ് നോക്കിക്കാണുന്നത്.
എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സര്‍വ പിന്തുണയും നല്‍കുന്നുണ്ട്. നിലവില്‍ അവിടെനിന്നുള്ള അഭയാര്‍ത്ഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പ്രതിസന്ധിയുടെ ആദ്യ നാളുകളില്‍ ശ്രീലങ്കയില്‍ നിന്നുള്ള ചില കുടുംബങ്ങള്‍ ബോട്ടില്‍ തമിഴ്നാട് തീരത്ത് എത്തിയിരുന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍പേര്‍ എത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പ്രതിസന്ധിയുടെ തുടക്കനാളില്‍ ശ്രീലങ്കയില്‍നിന്നുള്ള കുടുംബങ്ങള്‍ തമിഴ്നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയും എട്ടു പേരോളം ധനുഷ്കോടിയില്‍ എത്തി. ഇവരില്‍ ഏറെയും ശ്രീലങ്കയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള തമിഴ് വംശജരായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന സംഘത്തെ റിമാന്‍ഡ് ചെയ്യേണ്ടെന്ന നിലപാടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് ഇവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ നൂറിലധികം പേരാണ് ഇവിടെയുള്ളത്.
ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ, ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രീലങ്കയിലെ തലൈ മാന്നാറില്‍ വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാനിടയുണ്ടെന്നായിരുന്നു തമിഴ്നാട് ക്യൂബ്രാഞ്ച് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാകും അഭയാര്‍ത്ഥി പലായനം ഉണ്ടാവുകയെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് അതിര്‍ത്തി, തീരമേഖലകളില്‍ നിരീക്ഷണവും ശക്തമാക്കിയിരുന്നു.