INDIA

മൂന്നാമത് വിശാല പ്രതിപക്ഷ യോഗം ഇന്ന് മുംബൈയിൽ; ഏകോപന സമിതിയും ലോഗോയും പ്രഖ്യാപിക്കും

വെബ് ഡെസ്ക്

വിശാല പ്രതിപക്ഷ സഖ്യം ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസി(ഇന്ത്യ)ന്റെ മൂന്നാമത് യോഗം ഇന്ന് മുംബൈയിൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ദിദ്വിന യോഗത്തിൽ സഖ്യത്തിന്റെ ലോഗോ അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന. ഇതിന് പുറമെ ഏകോപന സമിതി രൂപീകരണം, കൺവീനർമാരുടെ നിയമനം എന്നിവയും നടക്കും. പ്രതിപക്ഷ വിശാല സഖ്യത്തിന്റെ കൺവീനറായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തിരഞ്ഞെടുത്തേക്കും. കൂടാതെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കിടയിലെ സീറ്റ് വിഭജനജനവും ഈ സമ്മേളനത്തിൽ ചർച്ചയാകും. 27 പ്രതിപക്ഷ പാർട്ടികളും 62 പ്രതിനിധികളും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ ഐക്യത്തിന്റ ആവശ്യകതയെക്കുറിച്ച് അംഗങ്ങളെ ബോധ്യപ്പെടുത്തുക എന്നതാവും യോഗത്തിന്റെ പ്രധാന അജണ്ട. ഭരണഘടനയെ സംരക്ഷിക്കാനും എന്‍ഡിഎ സര്‍ക്കാരിനെതിരെ പോരാടുന്നതിനുമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന സന്ദേശം നല്‍കുകയുമാണ് യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും സാമൂഹ്യ സാഹചര്യങ്ങൾ മുൻനിർത്തി വിജയസാധ്യത മാത്രം കണ്ടുകൊണ്ട് സ്ഥാനാർത്ഥികളെ നിർണയിക്കുക എന്നതും പ്രാധാന്യത്തോടെ ചർച്ച ചെയ്യും.

സഖ്യത്തിന്റെ പൊതു പരിപാടി തയ്യാറാക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾക്കും സീറ്റ് വിഭജനനത്തിനുമായുള്ള സംയുക്ത പദ്ധതികൾ രുപീകരിക്കുന്നതിനുമായാണ് പാനലുകൾ രൂപീകരിക്കുക. നിലവിലെ ഭരണത്തിന്റെ പിന്തിരിപ്പൻ നയങ്ങൾക്ക് പുരോഗമനപരമായ ഒരു ബദൽ നൽകുന്നതിനുള്ള വ്യക്തമായ മാർഗരേഖ ഈ യോഗത്തിൽ തയ്യാറാകുമെന്ന് ആർജെഡിയുടെ മനോജ് ഝാ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിയേറ്റ് രൂപീകരിക്കുമെന്നും സൂചനയുണ്ട്. സഖ്യത്തിന് നേതൃത്വം നൽകാൻ ഒരു കോ-ഓർഡിനേറ്ററോ ചെയർപേഴ്‌സനോ വേണമെന്ന കാര്യവും അംഗങ്ങൾ ചർച്ച ചെയ്യും. അശോക ചക്രമില്ലാത്ത ത്രിവർണ്ണ പതാക സഖ്യത്തിന്റെ പതാകയായി സ്വീകരിക്കാനുള്ള നിർദ്ദേശം നേതാക്കൾ ചർച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്.

പട്‌നയിലും ബെംഗളൂരുവിലും നടന്ന യോഗങ്ങൾക്ക് ശേഷമാണ് മുംബൈയിൽ സഖ്യത്തിന്റെ മൂന്നാം യോഗം നടക്കുന്നത്. ഇന്ന് 26 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിൽ കൂടുതൽ പ്രാദേശിക സംഘടനകൾ ചേരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ നേരിടാൻ രൂപീകരിച്ച 27 പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ).

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും