സിന്ധു നദിജല കരാറുമായ ബന്ധപ്പെട്ട് വിയന്നയിൽ നടന്ന യോഗത്തിൽ ഇന്ത്യയും പാകിസ്ഥാനും പങ്കെടുത്തു. സിന്ധു നദീജല കരാർ പ്രകാരം നിയോഗിച്ച നിഷ്പക്ഷ വിദഗ്ധനാണ് യോഗം വിളിച്ചു ചേർത്തത്. ജല വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗത്തിന് ഇന്ത്യയുടെ പ്രതിനിധികൾ എത്തിയത്, വിദേശകാര്യ മന്ത്രാലയം അറിയിച്ചതു പ്രകാരം മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയും ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.
ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളിൽ ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു യോഗം. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് കൂടിച്ചേർന്ന യോഗം, സെപ്റ്റംബർ 20, 21 തീയതികളിലാണ് നടന്നത്.
2021 ഓഗസ്റ്റ് 25ന് അണക്കെട്ട് നിർമാണം കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെയുള്ള 624 മെഗാവാട്ട് പദ്ധതിക്കെതിരെ പാകിസ്ഥാൻ എതിർപ്പ് ഉന്നയിച്ചതിലൂടെയാണ് തർക്കം ആരംഭിക്കുന്നത്, അതേസമയം അണക്കെട്ടിന്റെ നിർമ്മാണം ഉടമ്പടിയുടെ സ്ഥാപിത മാനദണ്ഡങ്ങൾക്കനുസൃതമാണെന്ന വാദത്തിൽ ഉറച്ച്നിൽക്കുകയാണ് ഇന്ത്യ.
തർക്കം പരിഹരിക്കാൻ മധ്യസ്ഥ കോടതി മുന്നോട്ട് വെച്ച നടപടികളുമായി ഇന്ത്യ ഇതുവരെ സഹകരിച്ചിട്ടില്ല. നിഷ്‌പക്ഷമായ വിദഗ്ധർ ഉന്നയിക്കുന്ന നടപടികളിലൂടെ തർക്കം പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം.
"സിന്ധു നദീജല ഉടമ്പടിയിൽ നൽകിയിരിക്കുന്ന ഗ്രേഡഡ് മെക്കാനിസമനുസരിച്ച് ഇന്ത്യയുടെ സ്ഥിരതയാർന്ന, തത്വാധിഷ്‌ഠിതമായ നിലപാടിന് അനുസൃതമാണ് ഈ യോഗത്തിലെ ഇന്ത്യയുടെ പങ്കാളിത്തം, ഈ ഘട്ടത്തിൽ നിഷ്പക്ഷമായ വിദഗ്ധ നടപടികൾ മാത്രമാണ് പരിഗണിക്കുക", വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.
1960 സെപ്റ്റംബർ 19ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്ഥാൻ രാഷ്‌ട്രപതി അയൂബ് ഖാനും ചേർന്നാണ് സിന്ധു നദീജലകരാർ ഒപ്പു വെക്കുന്നത്.